
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. നിതിനെ കെട്ടിടത്തിന് മുകളില്‍നിന്ന് തള്ളിയിട്ടു കൊന്നതാണെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. കോളേജിലെ എച്ച്ഒഡി നിതിനെ ക്ലാസ് മുറിയില്‍ വെച്ച് 'തെരുവ് പട്ടി' എന്ന് വിളിച്ചതായും എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ചതായും സഹോദരി നിഖിത പറഞ്ഞു.
കോളേജ് അധികൃതര്‍ നിതിനെ നിരന്തരം ജാതിപ്പേര് ചൊല്ലി അധിക്ഷേപിച്ചിരുന്നതായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും മൂത്ത സഹോദരി ഭര്‍ത്താവ് അശോക് കുമാറും പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിതിന്‍ പോകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും അവിടെ വെച്ച് എന്തോ സംഭവിച്ചിട്ടുണ്ടെന്നും കുടുംബം സംശയിക്കുന്നു. പ്ലസ് ടു കഴിഞ്ഞ് സ്വന്തം അധ്വാനം കൊണ്ട് സീറ്റ് നേടിയ നിതിന്‍ സന്തോഷവാനായിരുന്നുവെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും അശോക് കുമാര്‍ വ്യക്തമാക്കി.
അധ്യാപകരില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് നിതിന്റെ മരണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നു. വീട്ടുകാരെ കളിയാക്കിയതായും നിതിന്റെ കൈയും കാലും വെട്ടുമെന്ന് ചില അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായും ശബ്ദരേഖയില്‍ പറയുന്നുണ്ട്. 'ആദ്യം മുതലേ റാഗിങ്ങിന് ഇരയായിരുന്നു. അധികൃതര്‍ റാഗ് ചെയ്തതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. വിഷയത്തില്‍ ഡോ റാമിനെ ഭയന്ന് മാറ്റ് വിദ്യാര്‍ഥികള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല' - അശോക് കുമാര്‍ വിശദമാക്കി.
മരിച്ച നിതിന്‍ രാജിന്റെ മൃതദേഹം തിരുവനന്തപുരം പുതുക്കുളങ്ങരയിലെ വീട്ടിലെത്തിച്ചു. സമാനമായ രീതിയില്‍ മറ്റ് വിദ്യാര്‍ഥികളും കോളേജ് അധികൃതരുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ടെന്നും നേരത്തെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും നിഖിത പറഞ്ഞു. കോളേജ് അധികൃതര്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടാണ് കുടുംബം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.






