
ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ പുതിയ പ്രീമിയം ക്രോസ്ഓവര്‍ എസ്യുവി ക്യാപ്ച്ചറാണ് ഇപ്പോള്‍ വാഹനപ്രേമികളുടെ സംസാരവിഷയം. വരവിന് മുന്നോടിയായി ക്യാപ്ച്ചറിനെ മറയ്ക്ക് പുറത്ത് അവതരിപ്പിച്ച റെനോ, മോഡലിനായുള്ള ഇടം വിപണിയില്‍ ഒരുക്കി കഴിഞ്ഞു.
നവംബര്‍ മാസം പകുതിയോടെ തന്നെ ക്യാപ്ച്ചറിനെ റെനോ അണിനിരത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റെനോ ക്യാപ്ച്ചര്‍ ആപ്പ് അല്ലെങ്കില്‍ റെനോ ഇന്ത്യ വെബ്സൈറ്റ് മുഖേന ഉപഭോക്താക്കള്‍ക്ക് ക്യാപ്ച്ചറിനെ ബുക്ക് ചെയ്യാം. 25,000 രൂപയാണ് പുതിയ ക്രോസ്ഓവര്‍ എസ്യുവിയുടെ ബുക്കിംഗ് തുക. ഡസ്റ്റര്‍ അണിനിരക്കുന്ന M0 പ്ലാറ്റ്ഫോമിലാണ് ക്യാപ്ച്ചറിന്റെ ഇന്ത്യന്‍ പതിപ്പും ഒരുങ്ങുന്നത്. ഇന്ത്യന്‍ വരവില്‍ ഡസ്റ്ററിന് മേലെയായാകും ക്യാപ്ച്ചറിനെ റെനോ നല്‍കുക.
ക്യാപ്ച്ചര്‍, ക്രോസ്ഓവര്‍ സെഗ്മന്റിലേക്കുള്ള റെനോയുടെ പ്രീമിയം സമര്‍പ്പണമാണ്. ഡിസൈന്‍ മുഖത്ത് റെനോയുടെ വ്യക്തി മുദ്ര പതിപ്പിച്ചാണ് ക്യാപ്ച്ചര്‍ എത്തുക. റഷ്യ പോലുള്ള ചില രാജ്യാന്തര വിപണിയില്‍ 'കപ്തൂര്‍' എന്ന് റെനോയുടെ ക്രോസ്ഓവര്‍ അറിയപ്പെടുമ്പോള്‍, യൂറോപ്യന്‍ വിപണിയില്‍ 'ക്യാപ്ച്ചര്‍' എന്നാണ് എസ് യു വി അറിയപ്പെടുന്നത്.






