കൊല്‍ക്കത്ത: സായി താരത്തിന്റെ കഴുത്തിലൂടെ അമ്പ് തുളച്ചു കയറി. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോല്പൂര് കേന്ദ്രത്തിലെ പതിനാലുകാരിയായ താരത്തിന്റെ കഴുത്തിലൂടെയാണ് അമ്പ് കയറിയത്. ഇന്ന് രാവിലെ പരിശീലനത്തിനിടെയായിരുന്നു സംഭവം. ഫാസില ഖതുന്‍ എന്ന താരത്തിന്റെ കഴുത്തിലൂടെയാണ് അമ്പ് കയറിയത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് സായ് റീജണല്‍ ഡയറക്ടര്‍ എം.എസ് ഗോയിന്ദി പറഞ്ഞു. ഫാസില അപകടനില തരണം ചെയ്തതായും ഡയറക്ടര്‍ കുട്ടിച്ചേര്‍ത്തു.
ഫാസിലയുടെ സഹതാരം ജ്യുവല്‍ ഷെയ്ഖ് പരിശീലനത്തിന്റെ ഭാഗമായി എയ്ത അമ്പ് അബദ്ധത്തില്‍ ഫാസിലയുടെ കഴുത്തില്‍ തുളച്ചു കയറുകയായിരുന്നു. കഴുത്തിന്റെ വലത് ഭാഗത്ത് കൂടി തുളച്ചു കയറിയ അമ്പുമായാണ് താരത്തെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഗോയിന്ദി അറിയിച്ചു. എയ്ത അമ്പ് എടുക്കാന്‍ പോകുന്ന താരം തിരികെ മാര്‍ക്കിംഗ് ലൈനില്‍ എത്തിയ ശേഷമേ അടുത്ത റൗണ്ട് അമ്പ് എയ്യാറുള്ളൂ. എന്നാല്‍ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കുമെന്ന് ഗോയിന്ദി പറഞ്ഞു.
സംഭവത്തില്‍ എല്ലാ പരിശീലകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഗോയിന്ദി പറഞ്ഞു. അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിശീലകരുടെ വീഴ്ചയാണെന്നാണ് തോന്നുന്നത്. ഒരു സെറ്റ് ഷൂട്ടിംഗ് കഴിഞ്ഞാല്‍ അമ്പുകള്‍ ശേഖരിക്കുന്നതിനായി അമ്പെയ്ത്ത് നിര്‍ത്തി വയ്ക്കാറുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ അങ്ങനെ ചെയ്തതായി കാണുന്നില്ലെന്ന് ഗോയിന്ദി പറഞ്ഞു.






