
കോഴിക്കോട്: നിര്‍ദ്ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ മുക്കം എരിഞ്ഞമാവില്‍ നടന്നുവന്ന സമരത്തില്‍ സംഘര്‍ഷം. ഒരു മാസത്തോളമായി നിര്‍ത്തിവച്ചിരുന്ന നിര്‍മ്മാണ ജോലി പുനരാരംഭിക്കാന്‍ ഗെയില്‍ അധികൃതര്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സമരപ്പന്തലില്‍ നിന്ന് ഗെയില്‍ അധികൃതര്‍ സഞ്ചരിച്ച വാഹനത്തിനു നേര്‍ക്ക് കല്ലേറുണ്ടായി. വാഹനം തകര്‍ന്നു.
വന്‍ പോലീസ് സന്നാഹത്തിലാണ് അധികൃതര്‍ എത്തിയത്. സമരക്കാരില്‍ നിന്ന് പ്രകോപനമുണ്ടായതോടെ പോലീസ് ഇവര്‍ക്കു നേരെ ലാത്തിവീശി. ഇതോടെ സമരക്കാര്‍ ചിതറിയോടി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കല്ലേറു നടത്തിയ ആറു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.സമരപ്പന്തലും സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും പോലീസ് അഴിച്ചുനീക്കി.
അതിനിടെ, പദ്ധതി പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഗെയിലിന്റെ മൂന്ന് മണ്ണുമാന്തിയന്ത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കാവല്‍ തുടരുകയാണ്.






