
ഫീല്‍ഡിന് പുറത്തായാലും അകത്തായാലും വിവാദം ഉണ്ടാക്കുന്ന കാര്യത്തില്‍ ഫ്രഞ്ച് താരം പാട്രിക് എവ്ര ഒരിക്കലും മാറി നില്‍ക്കാറില്ല. കഴിഞ്ഞ ദിവസം താരം കളത്തില്‍ ഉണ്ടാക്കിയ പ്രശ്നത്തെ എങ്ങിനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് താരത്തിന്റെ ഫ്രഞ്ച് ക്ളബ്ബ് മാഴ്സ്സെയി. മുന്‍ മാഞ്ചസ്റ്റര്‍ താരം കഴിഞ്ഞ ദിവസം യൂറോപ്പാ ലീഗ് ഫുട്ബോളില്‍ പോര്‍ച്ചുഗീസ് ക്ളബ്ബ് വിറ്റാരിയയുമായുള്ള കളിക്ക് മുമ്പ് ആരാധകനെ തൊഴിച്ച് സെന്റ് ഓഫ് വാങ്ങിയതാണ് പുതിയ തലവേദന.
കളിക്ക് തൊട്ടുമുമ്പുള്ള വാം അപ്പിനിടയില്‍ സൈഡ് ലൈന്‍ പുറത്ത് നിന്ന സ്വന്തം ആരാധകനുമായി വഴക്കുണ്ടാക്കുകയും അയാളുടെ തലയ്ക്ക് തൊഴിക്കുകയുമായിരുന്നു. ടീം വാം അപ്പ് ചെയ്യുമ്പോള്‍ വേലിക്കപ്പുറത്ത് നിന്നും അനേകം ആരാധകര്‍ ആവേശം കൊള്ളുന്നതിനിടയിലായിരുന്നു സംഭവം സംഘട്ടനത്തിലേക്ക് വഴിമാറിയത്. വേലിക്കടുത്തേക്ക് മുഖാമുഖം വന്ന ഒരു ആരാധകന് പ്രകോപിപ്പിച്ചപ്പോള്‍ ആരാധകനോട് വേലിക്കരികില്‍ വരാമോ എന്ന് എവ്ര ചോദിക്കുകയും കോപാകുലനായ ആരാധകന് അടുത്തേക്ക് വന്നപ്പോള്‍ എവ്ര വേലിക്ക് മുകളിലൂടെ ആരാധകന്റെ തലയ്ക്ക് കുംഗ്ഫൂ സ്റ്റൈലില്‍ തൊഴിക്കുകയുമായിരുന്നു. സഹതാരങ്ങള്‍ പെട്ടെന്ന് തന്നെ താരത്തെ വലിച്ചു മാറ്റിയതിനാല്‍ അധികമൊന്നുമുണ്ടായില്ല. എന്നാല്‍ വഴക്കടിക്കാന്‍ വേലി കടന്നു വന്ന ആരാധകനു നേരെ താരം ചീറുകയും കലി തുള്ളുകയും ചെയ്തു.
