
കോട്ടയം: ഗെയ്ല് വാതക െപെപ്പ്െലെന് പദ്ധതിക്കെതിരായ മുക്കം പ്രക്ഷോഭത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് മറ്റു പദ്ധതികള്‍ക്കെതിരായ സമരങ്ങള്‍ക്കും പുതുജീവന്‍. കൂടംകുളം െവെദ്യുതി പദ്ധതി, പുതുവൈപ്പ് എല്‍.പി.ജി. ടെര്‍മിനല്‍, ശബരി റെയില്‍പാത തുടങ്ങി വിവിധ പദ്ധതികള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കു കരുത്തു കൂട്ടാനൊരുങ്ങി സമരസമിതികള്‍. യു.ഡി.എഫിനു പിന്നാലെ സമരക്കാര്ക്കൊപ്പംചേര്ന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദനും ഘടകകക്ഷിയായ സി.പി.ഐയും എതിര്സ്വരമുയര്ത്തിയതോടെ പിണറായി സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തില്‍.
കൂടംകുളം െവെദ്യുതി പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നു രാവിലെ കോട്ടയം കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. വിട്ടെങ്കിലും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി അടക്കമുള്ളവര്‍ പങ്കെടുക്കും. രണ്ടു ഘട്ടങ്ങളിലായി 2000 മെഗാവാട്ട് വൈദ്യുതി കൂടംകുളത്ത് ഉത്പാദിപ്പിക്കുന്നതില്‍ കേരളത്തിന് 133 മെഗാവാട്ടിന്റെ വിഹിതമാണുള്ളത്. ഇതു ലഭിക്കാന്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലൂടെ െലെന്‍ വലിച്ച് തൃശൂര്‍ മാടക്കത്തറയിലെ 400 കെ.വി. സബ്സ്റ്റേഷനില്‍ എത്തിക്കുന്നതാണ് പദ്ധതി.
പുതുവൈപ്പില്‍ എല്‍.പി.ജി. ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടത്തിന് ആറിനു തുടക്കമാകും. ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദനാണ് രണ്ടാം ഘട്ടം സമരപരിപാടികളുടെ ഉദ്ഘാടകന്‍. മലമ്പുഴ ഡാമില്‍ നിന്ന് കഞ്ചിക്കോട്ട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു പ്രതിദിനം 25 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സമരസമിതി ഇന്നലെ മുതല്‍ പ്രക്ഷോഭം ശക്തമാക്കി. മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം നല്‍കാനാവില്ലെന്നാണ് സംയുക്ത കര്‍ഷക സമിതിയുടെ തീരുമാനം. ഇവര്‍ക്കു പിന്തുണയുമായി സ്ഥലം എം.എല്‍.എകൂടിയായ വി.എസ്. അച്യുതാന്ദന് മന്ത്രി മാത്യു ടി. തോമസിനു കത്തു നല്‍കുകയും ചെയ്തു. ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന ശബരി റെയില്‍ പദ്ധതിക്കെതിരായ സമരമാണു മറ്റൊന്ന്.
സര്‍വേ നടപടികള്‍ക്കെതിരേ പലയിടങ്ങളിലും എതിര്‍പ്പുമായി പ്രാദേശിക സമരസമിതികള്‍ സജീവമാണ്. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ ചിലയിടങ്ങളില്‍ തടയുന്ന സാഹചര്യവുമുണ്ടായി. ഇതിനുപുറമേ ചെങ്ങറ ഭൂസമരം അടക്കമുള്ളവയും വരുംദിനങ്ങളില്‍ ചൂടുപിടിക്കുമെന്നാണ് സൂചന. വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്നവരെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധക്കാരെ പ്രതിരോധിക്കാനാണു ശ്രമമെങ്കിലും പാളയത്തില്‍നിന്നുതന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നത് സര്‍ക്കാരിനു തലവേദനയായി. മുക്കത്തും പുതുവൈപ്പിലും നടന്ന പോലീസ് നടപടിയാണ് വി.എസിനെയും സി.പി.ഐയെയും സമരക്കാര്‍ക്കൊപ്പം നില്ക്കാന് പ്രേരിപ്പിച്ചത്.
ലാത്തിച്ചാര്ജുകളെ തള്ളിപ്പറഞ്ഞു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നതും ശ്രദ്ധേയം. പ്രാദേശികമായ എതിര്‍പ്പുകളെ അവഗണിച്ച് പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനം താഴേത്തട്ടിലുള്ള സി.പി.എം. നേതാക്കളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഇതേ പദ്ധതികള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയവരാണ് മിക്ക നേതാക്കളും.






