ചെന്നൈ: ഇലകനായകന് കമല്‍ഹാസന്റേയും സംവിധായകന് ശങ്കറിന്റേയും കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇന്ത്യന്‍. 90കളുടെ രണ്ടാം പകുതിയില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതോടൊപ്പം കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ വാര്‍ത്തകളും സജീവമായിരിക്കുകയാണ്. കമലിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയുമായാണ് ഇന്ത്യന്‍ 2 കൂട്ടിവായിക്കപ്പെടുന്നത്. അഴിമതിക്കെതിരെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വാധീനം സൃഷ്ടിച്ച സിനിമയാണ് ഇന്ത്യന്‍.
ചിത്രത്തിന്റെ രണ്ടാം പതിപ്പ് തമിഴക രാഷ്ട്രീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കമല്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുക്കുന്നതിന് ഇന്ത്യന്‍ 2 എന്ന സിനിമയെ ഉപയോഗപ്പെടുത്തുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച കമലിന്റെ അവസാന ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുക്കുന്നതിന് ചില യഥാര്‍ത്ഥ സംഭവങ്ങള്‍ കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കപ്പെടുത്തുന്നത്. സിനിമയ്ക്കും സിനിമാ താരങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള തമിഴ്നാട്ടില്‍ സിനിമയിലെ ചെറിയ പരാമര്‍ശങ്ങള്‍ പോലും തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ കക്ഷിളുടെ ഭയം. എന്തിരന്റെ രണ്ടാം ഭാഗത്തിന് ശേഷം ഇന്ത്യന്‍ 2ന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനിരിക്കയാണ് സംവിധായകന് ശങ്കര്‍.
ഈ പശ്ചാത്തലത്തില്‍ ശങ്കറിനെ സിനിമയില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശങ്കര്‍ അല്ലാതെ മറ്റാരെങ്കിലും ചെയ്താല്‍ പ്രശ്നമില്ലെന്നാണ് ഇവരുടെ നിലപാട്. ശങ്കര്‍ ചിത്രത്തില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹത്തോട് നേരിട്ടും അടുപ്പക്കാര്‍ വഴിയും സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ശങ്കര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.






