
കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് പുതിയ മോഡലായ കാപ്ചര്‍ റെനോ എത്തി കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഫ്രഞ്ചുകാരായ റെനോയ്ക്ക് മികച്ച അടിത്തറ നല്കിയ മോഡലാണ് കാപ്ച്ചര്‍. 9.99 ലക്ഷം രൂപ മുതല്‍ 13.88 ലക്ഷം വരെയാണ് കാപ്ച്ചറിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോംപസ് എന്നിവയാണ് ഇവിടെ കാപ്ച്ചറിന്റെ പ്രധാന എതിരാളികള്‍.
കാപ്ച്ചറിന്റെ നിര്‍മാണവും ഡസ്റ്റര്‍ എസ്.യു.വിയുടെ അതേ BO പ്ലാറ്റ്ഫോമിലാണ്. ഇനി ഇന്ത്യയില്‍ റെനോയുടെ ഫ്ളാഗ്ഷിപ്പ് മോഡലായിരിക്കും കാപ്ച്ചര്‍. റെനോ നിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രാദേശികമായാണ് കാപ്ച്ചറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സി ഷേപ്പ്ഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, വീതിയേറിയ ഗ്രില്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, 7 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം എന്നിവയാണ് ക്യാപ്ച്ചറിന്റെ പ്രധാന സവിശേഷതകള്‍.
ഒരുപാട് സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഡ്യൂവല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം-ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് ക്ണ്ട്രോള്, സ്പീഡ് ലിമിറ്റര്‍ തുടങ്ങി സുരക്ഷാ സന്നാഹങ്ങളും കാപ്ച്ചറിലുണ്ട്. വാഹനം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 5600 ആര്‍പിഎമ്മില്‍ 104.5 ബിഎച്ച്പി കരുത്തും 142 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 1.5 ലിറ്റര്‍ K9K ഡീസല്‍ എന്ജിന് 4000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും നല്‍കും.






