
ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നുണ്ടായ ഭീഷണിയും ഉപരോധവും വെല്ലുവിളികളും കലുഷിതമായ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏഷ്യാ സന്ദര്‍ശനം. രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്ന ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
C-17 ഗ്ലോബ്മാസ്റ്റര് വിമാനത്തില്‍ പുറപ്പെട്ട വാഹനവ്യൂഹത്തിന്റെ ചിത്രങ്ങള്‍ രഹസ്യ സുരക്ഷാ വിഭാഗമാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സര്‍വ്വ സന്നാഹങ്ങളോടെയുള്ള ട്രംപിന്റെ വാഹനവ്യൂഹങ്ങളെ ചിത്രം വെളിപ്പെടുത്തുന്നു.

അത്യാധുനിക സുരക്ഷ ഒരുങ്ങിയ വാഹനവ്യൂഹത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം ബീസ്റ്റും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യാന്തര സന്ദര്‍ശനങ്ങളിലും അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുക ഔദ്യോഗിക വാഹനമായ കാഡിലാക്ക് ബീസ്റ്റില്‍ മാത്രമാണ്.
ഏത് സാഹചര്യത്തിലും അടിപതറാതെ അമേരിക്കന്‍ പ്രസിഡന്റിന് സുരക്ഷ ഒരുക്കാന്‍ കാഡിലാക്ക് ലിമോസീന് സാധിക്കും. ബാലിസ്റ്റിക് മിസൈലോ, ഐഇഡിയോ, രാസായുധങ്ങളോ എന്തുമാകട്ടെ കാഡിലാക്കിനുള്ളില് അമേരിക്കന്‍ പ്രസിഡന്റ് എന്നും സുരക്ഷിതമായിരിക്കും.
നിലവില്‍ ബരാക് ഒബാമ ഉപയോഗിച്ചിരുന്ന കാഡിലാക്ക് ബിസ്റ്റിനെയാണ് ട്രംപ് ഉപയോഗിക്കുന്നത്. 1.5 മില്യണ്‍ ഡോളറാണ് ചെലവിലാണ് നിലവിലെ കാഡിലാക്ക് ബിസ്റ്റ് ഒരുങ്ങിയിരിക്കുന്നത്.