
തിരുവനന്തപുരം: ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന് ഇടാനുള്ള അവകാശം കമ്പനിക്കു നല്കുന്ന ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. കോഴിക്കോട് മുക്കം മേഖലയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി നഷ്ടപരിഹാര പാക്കേജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. നിലവില്‍ വിപണി വില പുതുക്കിയ ന്യായവിലയുടെ അഞ്ച് മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വര്‍ദ്ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വര്‍ദ്ധനവാണ് ഭൂമിയുടെ നഷ്ട പരിഹാരത്തില്‍ ഇതുമൂലമുണ്ടായിരിക്കുന്നത്.
2012 ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇത് ബാധകമാക്കാനും യോഗത്തില്‍ തീരുമാനമായി. പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ചു ലക്ഷം രൂപ നല്കുവാനും യോഗം തീരുമാനിച്ചു. നിലവിലെ നിയമമനുസരിച്ച് വീടുകള്‍ക്ക് അടിയിലൂടെ പൈപ്പ്ലൈന് കൊണ്ടുപോകാന്‍ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു സൈഡില്‍ കൂടി കടന്നുപോകുന്ന രീതിയിലാണ് അലൈന്മെന്റ് തീരുമാനിക്കുന്നത്.
വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കണ്ണൂരില്‍ നടപ്പാക്കിയ പാക്കേജ് (ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ) മറ്റെല്ലാ ജില്ലകളിലും നടപ്പാക്കാന്‍ തീരുമാനമായി. നെല്‍വയലുകള്‍ക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്ടപരിഹാരവും നല്‍കാനാണ് തീരുമാനം.






