
മുംബൈ: ഏഴുമാസം പ്രായമായ കുഞ്ഞിനെ വാഹനത്തിനുള്ളിലിരുന്ന് പാലൂട്ടുന്ന അമ്മയേയും വെച്ചുകൊണ്ട് കാറ് കെട്ടിവലിച്ച് മുംബൈ പോലീസ്. മുംബൈ മാലാഡിലെ എസ്വി റോഡിലാണ് സംഭവം. അമ്മ കുഞ്ഞിന് പാല് ചുരത്തുന്നതിനിടെ നിയമം പാലിക്കാനായി പോലീസ് കാര്‍ കെട്ടിവലിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
വീഡിയോ വൈറലായതോടെ അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സുഖമില്ലാതിരുന്ന കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെയാണ് പോലീസിന്റെ ക്രൂരതയ്ക്ക് അമ്മയ്ക്കും, കുഞ്ഞിനും ഇരയാകേണ്ടി വന്നത്. ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്. എന്റെ കുഞ്ഞിന് സുഖമില്ല. ഈ കാര്‍ കെട്ടിവലിക്കുന്നത് നിര്‍ത്താന്‍ നിങ്ങള്‍ പോലീസിനോട് പറയൂ എന്ന് യുവതി വാഹനത്തിനുള്ളില്‍ ഇരുന്ന് യാചിക്കുന്നതായും വീഡിയോയില്‍ വ്യക്തമാണ്.
യുവതിയുടെ യാചന കേട്ട് മറ്റു വഴിയാത്രക്കാരില്‍ ചിലര്‍ പോലീസിനെ ചോദ്യംചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. നോ പാര്‍ക്കിംഗ് മേഖലയില്‍ കാര്‍ നിര്‍ത്തിയിട്ടതിനാണ് പോലീസ് കാര്‍ കെട്ടിവലിച്ച് കൊണ്ടുപോയത്. പിഴ അടപ്പിക്കുന്നതിന് പകരം ഇത്തരത്തില്‍ വാഹനം കെട്ടിവലിച്ച് മാറ്റിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.






