
ചെന്നൈ: പദ്മാവതി വിവാദത്തില്‍ ദീപിക പദുക്കോണിനെ പിന്തുണച്ച് നടന് കമല്ഹാസന്. ട്വിറ്ററിലാണ് കമല്‍ നിലപാട് വ്യക്തമാക്കിയത്. ദീപികയുടെ തല സംരക്ഷിക്കപ്പെടണം എന്ന വാക്കുകളോടെയാണ് കമലിന്റെ ട്വീറ്റ് തുടങ്ങുന്നത്. ദീപികയ്ക്കും ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അത് നിരസിക്കരുത്. തന്റെ ചിത്രങ്ങള്‍ക്കെതിരെയും ചില സമുദായങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ട്. ഏതൊരു ചര്‍ച്ചയിലും തീവ്രനിലപാടുകള്‍ ഖേദകരമാണ്. ഇതിനെതിരെ ഇന്ത്യ ഉണരണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
ദീപിക പദുക്കോണിന്റെ തലവെട്ടണമെന്നും അവരെ പച്ചയ്ക്ക് കത്തിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ക്കിടെയാണ് കമല്‍ഹാസന്റെ പ്രതികരണം. ദീപികയുടേയും സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടേയും തല വെട്ടുന്നവര്‍ക്ക് ബി.ജെ.പി നേതാവ് സൂരജ് പാല് അമു പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. രജപുത്ര റാണി പദ്മാവതിയുടെ ചരിത്രം ചിത്രത്തില്‍ വളച്ചൊടിച്ചുവെന്നാണ് കര്‍ണി സേനയുടേയും സംഘപരിവാര്‍ സംഘടനകളുടേയും ആരോപണം.
ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് കര്ണിസേനയുടേയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടേയും ആവശ്യം. വിവാദം രാഷ്ട്രീയമായി മുതലെടുക്കുന്ന ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചു. പദ്മാവതി രാഷ്ട്രമാതാവാണെന്നും പദ്മാവതിയുടെ പ്രതിമ നിര്‍മ്മിക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം നിരോധിക്കണമെന്ന് യു.പി, രാജസ്ഥാന് സര്‍ക്കാരുകളും ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് സര്‍ക്കാരും ചിത്രത്തിന് എതിരാണ്.







Comments