
'നിന്നെ ഒരു കാര്യം ഏല്‍പ്പിച്ചിട്ട് കുറേ നാളായല്ലോ..' ദിലീപിന്റെ ഈ പൊട്ടിത്തെറി ചോദ്യത്തിന് പിന്നാലെയാണ് നടിയെ സുനിയും സംഘവും ആക്രമിച്ചത്. ദിലീപിന്റെ പ്രകോപനപരമായ ഒരു ചോദ്യത്തിന് പിന്നാലെയാണ് പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി അശ്ലീദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കുറ്റപത്രം. 2013ല്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത സുനിക്ക് പറഞ്ഞ സമയത്തൊന്നും ദൗത്യം പൂര്‍ത്തിയാക്കാനായില്ല. ആദ്യ രണ്ടു ശ്രമവും പാഴായിപ്പോതിന് പിന്നാലെ പിന്നീടൊരിക്കല്‍ നേരിട്ട് കണ്ടപ്പോഴാണ് ദിലീപ് ഇങ്ങനെ പൊട്ടിത്തെറിച്ചത്.
ക്വട്ടേഷന്‍ വേഗത്തില്‍ നടപ്പാക്കാന്‍ സുനിയോട് ദിലീപ് ആവശ്യപ്പെടുകയും ചെയ്തു. നടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ തന്നെ അവരെ കൂട്ടബലാത്സംഗം ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയാണ് അക്രമിസംഘം തട്ടിക്കൊണ്ടു പോയത്. നടി വിവാഹിതയായി സിനിമാരംഗം വിടും മുമ്പായി ഇക്കാര്യം നടപ്പാക്കണം എന്നായിരുന്നു ദിലീപിന്റെ നിര്‍ദേശം. നടി ആക്രമിക്കപ്പെടാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതാണ് കുറ്റപത്രം. ദിലീപ് നല്കിയ ബലാത്സംഗ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ല എന്നതും എടുത്തു പറയുന്നു.
നടിയെ കൂട്ടബലാത്സംഗം ചെയ്യാനായിരുന്നെന്നും ഇതിനുള്ള സൗകര്യം ഒരുക്കിയാണ് വാഹനം കൊണ്ടു വന്നതെന്നും എന്നാല്‍ പദ്ധതി പാളുകയായിരുന്നെന്നും കുറ്റപത്രം. സംഭവത്തിന് കാരണം നടിയോട് ദിലീപിനുണ്ടായിരുന്ന പകയാണ്. ആക്രമിക്കപ്പെട്ട സംഭവം നടന്നതിന് ശേഷവും നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കടുത്ത പ്രതികാര മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നും പറഞ്ഞിട്ടുണ്ട്.
ബന്ധത്തിന്റെ തെളിവായ ദിലീപ്-കാവ്യ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ആക്രമിക്കപ്പെട്ട നടി മഞ്ജുവാര്യര്‍ക്കു കൈമാറിയിരുന്നു. ഇതാണ് ദിലീപില്‍ പക വളര്‍ത്തിയതെന്നും, തുടര്‍ന്നാണ് നടിയെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം തന്നിലേക്ക് വരുന്നു എന്ന ഘട്ടത്തില്‍ നടി ജാഗ്രത പാലിക്കണമെന്നു പറഞ്ഞതും മറ്റുള്ളവരെ കൊണ്ടു പറയിച്ചതും ഇത്തരം ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു. ഇതിനായി സിനിമാ രംഗത്തെ പല പ്രമുഖരെയും ഉപയോഗിക്കുകയും ചെയ്തു.
താന്‍ നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാന്‍ തനിക്ക് അനുകൂലമായി നില്ക്കുന്ന സിനിമാരംഗത്തെ പ്രമുഖരെ ഉപയോഗിക്കുകയും ചെയ്തു. സംഭവം നടന്ന ദിവസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. ഫെബ്രുവരി 14 നും 27 നും ഇടയില്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു എന്നാണ് വാദം. എന്നാല്‍ സംഭവം നടന്ന ഫെബ്രുവരി 17 ന് ആശുപത്രിയില്‍ കിടക്കുന്നെന്ന് പറഞ്ഞ സമയത്ത് രാംലീല ഉള്‍പ്പെടെയുള്ള വിവിധ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ദിലീപെന്ന് പോലീസ് കണ്ടെത്തി.






