
ഭോപ്പാൽ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമായ ശശാങ്ക് സിങ്, അദ്ദേഹത്തിന്റെ പിതാവും റിട്ടയേർഡ് സ്പെഷ്യൽ ഡയറക്ടർ ജനറൽ (ഡിജി) ഓഫ് പോലീസ് കൂടിയായ ശൈലേഷ് സിങ് എന്നിവർക്കെതിരെ ഭോപ്പാലിലെ രതിബാദ് പോലീസ് കേസെടുത്തു. വീട്ടിലെ പാചകക്കാരനെ മർദ്ദിക്കുകയും ചീത്തവിളിക്കുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി.
ശൈലേഷ് സിങ്, ശശാങ്ക് സിങ്, ഇവരുടെ ഡ്രൈവർ മിശ്ര എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. റിവ ജില്ല സ്വദേശിയായ വിപേന്ദ്ര സിങ് തോമർ എന്ന പാചകക്കാരനാണ് പരാതിക്കാരൻ. ജൂൺ 25-നാണ് ഇയാൾ നീൽബാദിലുള്ള ഇവരുടെ ബംഗ്ലാവിൽ പാചകക്കാരനായി ജോലിക്ക് ചേർന്നത്. ഭക്ഷണവും താമസസൗകര്യവും കൂടാതെ പ്രതിമാസം 15,000 രൂപ ശമ്പളമാണ് ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത്.
ജോലിയിൽ പോരായ്മകളുണ്ടെന്ന് പറഞ്ഞ് തന്റെ മൊബൈൽ ഫോൺ ഇവർ വാങ്ങി വെച്ചതായി തോമർ ആരോപിക്കുന്നു. ജൂൺ 28-ന് പ്രഭാതഭക്ഷണം തയ്യാറാക്കിയ ശേഷം ശൈലേഷ് സിങ്ങിനോട് മൊബൈൽ ഫോൺ തിരികെ ചോദിച്ചെങ്കിലും അദ്ദേഹം നൽകാൻ വിസമ്മതിച്ചു. ഇതിൽ വിഷമിച്ച് തനിക്ക് തന്നിട്ടുള്ള മുറിയിലേക്ക് പോയി. അതിനു പിന്നാലെ ശൈലേഷ് സിങ്ങും മകൻ ശശാങ്ക് സിങ്ങും ഡ്രൈവറും കൂടി എന്റെ മുറിയിൽ അതിക്രമിച്ചു കയറി ചീത്തവിളിക്കുകയും അടിക്കുകയും ഇടിക്കുകയും ചെയ്തു. മർദ്ദനത്തിന് ശേഷം അവർ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.
ഇതിനുപുറമേ, ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവിലേക്കെന്ന പേരിൽ തന്റെ മൊബൈൽ ഫോണിൽ നിന്ന് ഇവർ 1,000 രൂപ നിർബന്ധിതമായി ട്രാൻസ്ഫർ ചെയ്തെടുത്തതായും തോമർ ആരോപിച്ചു. പഞ്ചാബ് കിംഗ്സ് താരമായ ശശാങ്ക് സിങ്ങിന്റെ പിതാവ് ശൈലേഷ് സിങ് മധ്യപ്രദേശിലെ റിട്ടയേർഡ് സ്പെഷ്യൽ ഡിജിപിയാണ്. ആരോപണങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.






