
സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ 227 പേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ആകെ 209 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മീഡിയം ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് എട്ട് കേസുകളും കൊമേഴ്സ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും ഉൾപ്പെടുന്നു. കൂടാതെ, COTPA നിയമപ്രകാരം 66 കേസുകളും രജിസ്റ്റർ ചെയ്തു.പരിശോധനയിൽ പ്രതികളിൽ നിന്ന് 36.927 ഗ്രാം എം.ഡി.എം.എ, 8 ഗ്രാം ഹാഷിഷ്, 33.623 കിലോഗ്രാം കഞ്ചാവ്, 0.50 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 5,134 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ 5,504 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 3,370.479 ഗ്രാം എം.ഡി.എം.എയും 420.469 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 86 ബോധവത്കരണ ക്ലാസുകളും അഞ്ച് കൗൺസിലിങ് സെഷനുകളും സംഘടിപ്പിച്ചു. ഇതോടെ ആകെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 5,558 ആയും കൗൺസിലിങ് സെഷനുകൾ 262 ആയും ഉയർന്നു. സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇതുവരെ 4,897 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.






