
ടാറ്റ നാനോയ്ക്കും ഇലക്ട്രിക് പതിപ്പുകളെ ടാറ്റ ഉടനെ എത്തിച്ചേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാനോയുടെ ഇലക്ട്രിക് പതിപ്പ് നവംബര്‍ 28നു വിപണിയില്‍ എത്തും. 'ജയം നിയോ' എന്നാകും പുതിയ നാനോ ഇലക്ട്രിക് പതിപ്പിനു നല്കുന്ന പേര്. കോയമ്ബത്തൂര്‍ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവ് കമ്ബനിയാണ് നാനോയുടെ ഇലക്ട്രിക് പതിപ്പിനെ നിര്‍മ്മിക്കുന്നത്.
കോയമ്ബത്തൂര്‍ കമ്പനിക്ക് എഞ്ചിനും ട്രാന്‍സ്മിഷനുമില്ലാത്ത നാനോയുടെ ബോഡി ഷെല്ലുകളെ ടാറ്റ വിതരണം ചെയ്യുമെന്നാണു സൂചന. ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഭിമുഖ്യത്തിലാകും 'ജയം നിയോ' ഔദ്യോഗികമായി അവതരിക്കുക. അടുത്തിടെയാണ് ടാറ്റ കാറുകളുടെ സ്പോര്‍ടിയര്‍ പതിപ്പുകളെ വികസിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി ജയം ഓട്ടോമോട്ടീവ് പങ്കാളിയായത്. ജയം നിയോ ടാറ്റ ബാഡ്ജിംഗ് ഇല്ലാതെയാകും അവതരിപ്പിക്കുക. അതേസമയം, നിയോയുടെ വശങ്ങളില് ഇലക്ട്ര ഇവിയുടെ ബഡ്ജിംഗ് ഇടംപിടിക്കും.
22.6 bhp കരുത്തേകുന്ന 48 V ഇലക്ട്രിക് സംവിധാനത്തിലാകും ജയം നിയോ പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ 400 നിയോകളെ ടാക്സി സേവനമായ ഓല ക്യാബുകള്‍ക്ക് ജയം വിതരണം ചെയ്യും. 800 കിലോഗ്രാമാണ് നിയോയുടെ ഭാരം. നിലവില്‍ ജയം ബ്രാന്‍ഡിന് കീഴിലാണ് നാനോയുടെ ഇലക്ട്രിക് പതിപ്പ് നിയോ എത്തുകയെങ്കിലും ഭാവിയില്‍ നിയോയുടെ സ്വന്തം പതിപ്പിനെ ടാറ്റ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.






