
മുംെബെ: നീണ്ട ഒന്പതുവര്ഷം പിന്നിടുമ്പോഴും സ്നേഹനിധിയായ പിതാവ് ഒപ്പമില്ലെന്നു വിശ്വസിക്കാനാകുന്നില്ല െവെശാലിക്ക്. 2008 നവംബര്‍ 26-ന് രാജ്യത്തെ നടുക്കിയ മുംെബെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച തുക്കാറാം ഒംബാലെ എന്ന പോലീസുകാരന്റെ മകളാണു െവെശാലി. ആക്രമണത്തില്‍ ഒട്ടേറെപ്പേരെ തോക്കിനിരയാക്കിയ കൊടുംഭീകരന് അജ്മല്‍ കസബിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണു തുക്കാറാം കൊല്ലപ്പെട്ടത്.
''പപ്പ ഇനിയൊരിക്കലും ഞങ്ങള്‍ക്കൊപ്പമുണ്ടാകില്ലെന്ന് അറിയാം. എന്നാലും, ഏതുനിമിഷവും അദ്ദേഹം വീട്ടിലേക്കു കയറിവരുമെന്ന തോന്നലാണ് എപ്പോഴും. പപ്പ പതിവുപോലെ ജോലിക്കു പോയതാണെന്നേ ഇപ്പോഴും ചിന്തിക്കാനാകുന്നുള്ളൂ. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം, ഏറ്റവും ഒടുവില്‍ പുറത്തുപോയപ്പോള്‍ എങ്ങനെയായിരുന്നോ, അങ്ങനെതന്നെ ഞങ്ങള്‍ സൂക്ഷിക്കുന്നു. രാജ്യത്തിനുവേണ്ടി പപ്പ വീരമൃത്യു വരിച്ചു എന്നതില്‍ കുടുംബം ഏറെ അഭിമാനിക്കുന്നു''-തുക്കാറാമിന്റെ മൂത്തമകള്‍ െവെശാലി നിറകണ്ണുകളോടെ പറഞ്ഞു.
എം.എഡ്. പൂര്‍ത്തിയാക്കിയ െവെശാലി അധ്യാപികയാകാനുള്ള തയാറെടുപ്പിലാണ്. മാതാവ് താരയ്ക്കും ഇളയ സഹോദരി ഭാരതിക്കുമൊപ്പം വര്‍ളി പോലീസ് ക്യാമ്പിലാണു താമസം. സംസ്ഥാന ജി.എസ്.ടി. വകുപ്പില്‍ ഉദ്യോഗസ്ഥയാണു താര. ''രാജ്യത്തെ ഓരോ പൗരനും ഭീകര-വിധ്വംസകപ്രവര്ത്തനങ്ങള്ക്കെതിരേ ജാഗ്രത പുലര്‍ത്തിയാല്‍ ഒരുപാടു വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
വീരമൃത്യുവെന്ന പേരില്‍ എത്രകാലം പോലീസിനും െസെന്യത്തിനും ഇതുപോലെ ജീവാപായങ്ങള്‍ തുടരാനാകും? എവിടെയെങ്കിലും ഇതിനൊരു അവസാനം വേണ്ടേ?''- പിതാവിന്റെ ഓര്‍മകളില്‍ െവെശാലിയുടെ വാക്കുകള്‍ പൊള്ളി.
മുംെബെ ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടികൂടിയ ഒരേയൊരു ഭീകരന് അജ്മല്‍ കസബിനെ ഇന്ത്യ പിന്നീടു വധശിക്ഷയ്ക്കു വിധേയനാക്കി. കസബിന്റെ വെടിയുണ്ടകളേറ്റാണു മുംെബെ പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായിരുന്ന തുക്കാറാം ഒംബാലെ കൊല്ലപ്പെട്ടത്.
ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാതെ, കസബിനുമേല്‍ ചാടിവീഴുകയായിരുന്നു തുക്കാറാം. അദ്ദേഹത്തിന്റെ ആത്മബലിയാണു കസബിനെ ജീവനോടെ പിടികൂടാന്‍ പോലീസിനു സഹായകമായത്.






