
സിനിമയെ ഒരുപാട് സ്നേഹിക്കുകയും വെള്ളിത്തിരയില് മുഖം കാണിക്കാനായി ഏതുവിധേനയും കഷ്ടപ്പെടുകയും ചെയ്യുന്ന ആളുകള് നിരവധിയാണ്. ഇക്കൂട്ടത്തിലൊരു യുവാവായിരുന്നു ശരത്.
സിനിമകളിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം വരുമ്പോഴൊക്കെ ഓഡിഷന് സെന്ററുകളിലേക്ക് ഇയാള് യാത്ര തിരിക്കും. പക്ഷേ വിധിയെന്തുകൊണ്ടോ ശരത്തിനെ തുണച്ചില്ല. സിനിമാമോഹവുമായി നടന്ന ശരത്തിനെ പലരും പരിഹസിച്ചു.
എന്നാല് അയാള് തളര്ന്നില്ല, ആത്മവിശ്വാസത്തെ മുറുകെപ്പിടിച്ച് വീണ്ടും സിനിമയെ സ്വപ്നം കണ്ടു. ഒടുവില് ശരത്തിന്റെ മോഹം പൂവണിഞ്ഞു. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെ 'അപ്പാനി രവി' എന്ന കഥാപാത്രം ശരത്തിനെത്തേടിയെത്തി.
ആദ്യചിത്രത്തിന് ശേഷം ശരത് അപ്പാനി ശരത്തായിമാറി. പിന്നാലെ കൈനിറയെ സിനിമകള് ഈ യുവാവിനെ തേടിയെത്തി. മലയാളത്തില് മാത്രമല്ല, തമിഴിലും തുടക്കം കുറിക്കുകയാണ് ശരത്.
അഭിനയമോഹം?
തിരുവനന്തപുരം അരുവിക്കരയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ വീട്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും ഞങ്ങള് രണ്ടുമക്കളാണ്. വീടിനടുത്ത് ഒരു നാടകസമിതിയുണ്ടായിരുന്നു. രണ്ടര-മൂന്ന് വയസ്സ് മുതല് അതിന്റെ വാതില്ക്കലിരുന്നാണ് ഞാന് കളിച്ചിരുന്നത്. ചോറുണ്ണാനും വൈകിട്ട് ഉറങ്ങാനുമല്ലാതെ വീട്ടിലേക്ക് പോകുന്നത് തന്നെ ചുരുക്കമാണ്.
സമിതിയില് നാടകത്തിന്റെ പ്രാക്ടീസ് നടക്കുമ്പോള് ഞാനവരെത്തന്നെ നോക്കിയിരിക്കും. ഓരോ ഡയലോഗുകള് പറയുമ്പോഴും അവരുടെ മുഖത്ത് വരുന്ന ഭാവങ്ങളൊക്കെ കണ്ണിമവെട്ടാതെ നോക്കും.
ചെറുപ്പം തൊട്ട് അവിടെയായിരുന്നതുകൊണ്ടാകാം, അവര്ക്കെല്ലാം എന്നെ വലിയ കാര്യമായിരുന്നു. നാടകം കളിക്കേണ്ട ദിവസം രാവിലെ സമിതിയിലെ അംഗങ്ങളൊക്കെ വണ്ടിയില് കയറും. വണ്ടി സ്റ്റാര്ട്ടാക്കുന്ന അവസരത്തില് എല്ലാവരും എന്നെ നോക്കി ടാറ്റാ തരുമ്പോള് ഒരുപാട് സങ്കടം തോന്നുമായിരുന്നു. എന്നെയിട്ടിട്ട് അവര് മാത്രം പോകുന്നത് കാണുമ്പോള് ചിലപ്പോഴോക്കെ കരഞ്ഞിട്ടുമുണ്ട്.
അവര്ക്കൊപ്പം ഒരിക്കലെങ്കിലും ആ വണ്ടിയില് കയറണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. കുറച്ചുകൂടി മുതിര്ന്നപ്പോള് പതിയെപ്പതിയെ എന്റെയുള്ളിലും അഭിനയമോഹം വളര്ന്നു. പ്രാക്ടീസിന്റെ ഇടവേളകളില് അവരൊക്കെ വര്ത്തമാനം പറഞ്ഞിരിക്കുമ്പോള് അവരുടെ മുമ്പില് ചെറിയരീതിയില് ഞാനും അഭിനയിച്ച് കാണിച്ചു. അത് കണ്ട് സമിതിയിലുള്ളവരെല്ലാം കൈയടിച്ചു. അതെന്റെയുള്ളിലെ നടന് ലഭിച്ച ആദ്യ അംഗീകാരമായിരുന്നു.
ഞാന് നാടകത്തില് അഭിനയിക്കുന്നതിനോട് വീട്ടുകാര്ക്ക് എതിര്പ്പായിരുന്നു. ഞങ്ങളുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികള് 20 വയസ് കഴിഞ്ഞാല് എന്തെങ്കിലും തൊഴില് ചെയ്ത് കുടുംബം പോറ്റും. അപ്പോള് കുടുംബം പോറ്റേണ്ട ഞാന് നാടകം കളിച്ചുനടന്നാല് അവര്ക്ക് ഇഷ്ടപ്പെടുമോ? പക്ഷേ എന്റെയുള്ളിലെ അഭിനയമോഹത്തെക്കുറിച്ചറിഞ്ഞപ്പോള് അച്ഛന് ഒരുപാട് എതിര്ത്തില്ല.
പഠിക്കുന്ന സമയങ്ങളില് തിരുവനന്തപുരത്തെ നാടകസമിതികളിലും തെരുവുനാടകങ്ങളിലും ഞാന് സജീവമായിരുന്നു. ഇന്ദിരാഗാന്ധി ഓപ്പണ് യൂണിവേഴ്സിറ്റിയില് നിന്ന് ഡിഗ്രി കഴിഞ്ഞ സമയത്തും അഭിനയത്തെ നെഞ്ചില്ക്കൊണ്ടുനടന്നു. അതുകൊണ്ടാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത കോളേജില് എംഎ. നാടകത്തിന് ചേര്ന്നത്.
കലോത്സവത്തിന്റെ സമയമാണെങ്കില് പഠനത്തോടൊപ്പം സ്കൂളുകളിലെ കുട്ടികളെ നാടകം, മൈം എന്നിവ പഠിപ്പിക്കാന് പോകുമായിരുന്നു. അങ്ങനെ കിട്ടുന്ന തുകയില് കുറച്ച് വീട്ടിലും ബാക്കി നാടകപ്രവര്ത്തനത്തിലും ചിലവഴിച്ചു. നാടകത്തെപ്പോലെ സിനിമയെയും ഞാന് സ്നേഹിച്ചിരുന്നു. ഞാന് പോകാത്ത ഓഡിഷന് സെന്ററുകളില്ല. അതിന്റെ പേരില് വന്ന കളിയാക്കലുകള് ചില്ലറയല്ല.
ചില സിനിമകളിലെ ആള്ക്കൂട്ടം നോക്കിയാല് ഒരുപക്ഷേ ഞാനുണ്ടാകും. ഒരുപാട് സിനിമകളില് എന്തെങ്കിലും കാട്ടിക്കൂട്ടുക എന്നതല്ല,
മറിച്ച് ഒരു റോളാണെങ്കില്പ്പോലും അത് പ്രാധാന്യമുള്ളതായിരിക്കണമെന്നും വര്ഷങ്ങള് എത്ര കഴിഞ്ഞാലും ഞാനവതരിപ്പിച്ച കഥാപാത്രം ആരും മറക്കരുതെന്നും കൊതിച്ചിട്ടുണ്ട്. സിനിമയെ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ള ഒരു ചെറുപ്പക്കാരന് ഇങ്ങനെ ആഗ്രഹിക്കുന്നതില് എന്തെങ്കിലും തെറ്റുണ്ടോ?
അപ്പാനി രവിയിലേക്കുള്ള യാത്ര?
ഞാന് പഠിച്ച കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത കോളേജില് വച്ചാണ് അങ്കമാലി ഡയറീസിന്റെ ഓഡിഷന് നടന്നത്. ഓഡിഷന് നടക്കുന്ന സ്ഥലത്തേക്ക് ചെന്നപ്പോള് 400 പേരോളം നില്ക്കുന്നു. അപ്പോഴേക്കും ഉണ്ടായിരുന്ന ആത്മവിശ്വാസം പോയിക്കിട്ടി. എങ്കിലും അവരോടൊപ്പം പോയി ചുമ്മാ അങ്ങ് നിന്നു.
എന്റെ ഊഴമെത്തിയപ്പോള് സംവിധായകന് ലിജോ സാറും ചെമ്പന് ചേട്ടനും പറഞ്ഞുതന്ന സീന് ഞാനവരുടെ മുമ്പില് ചെയ്തുകാണിച്ചു. സെലക്ഷന്റെ കാര്യം അറിയിക്കാമെന്ന് പറഞ്ഞ് അവര് പോയി. അപ്പോഴും എനിക്ക് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. ഒരു മാസം കഴിഞ്ഞപ്പോള് എന്നെ അങ്കമാലി ഡയറീസിലേക്ക് സെലക്ട് ചെയ്തു എന്ന് പറഞ്ഞ് ലിജോ സാര് വിളിച്ചു.

എന്നെപ്പോലെ ഒരു കൂട്ടം പുതുമുഖങ്ങളെ ഒരുമിച്ചിരുത്തി സിനിമയുടെ കഥ പറഞ്ഞു. എന്നിട്ട് ഓരോരുത്തര്ക്കും അവരുടെ കഥാപാത്രങ്ങളെ പറഞ്ഞുകൊടുത്തു. ഏറ്റവും അവസാനം ചെമ്പന് ചേട്ടന് അടുത്തുവന്ന് പറഞ്ഞു. 'ശരത്താണ് അപ്പാനി രവിയാകേണ്ടത്'. അത് കേട്ടപ്പോള് എനിക്ക് തന്നെ വിശ്വസിക്കാനായില്ല.
കാരണം സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് അപ്പാനി രവി. അതും വില്ലന് വേഷം. ഞാന് ഈ വേഷം ചെയ്താല് ശരിയാകുമോ എന്ന് സംവിധായകനോടും ചെമ്പന് ചേട്ടനോടും ചോദിച്ചപ്പോള് രണ്ടുപേരും എനിക്ക് ധൈര്യം തന്നു. ജീവിതത്തില് ഞാനേറ്റവും കൂടുതല് കടപ്പെട്ടിരിക്കുന്നത് ലിജോ സാറിനോടും ചെമ്പന്ചേട്ടനോടുമാണ്.
കാരണം ഞാനടക്കം സിനിമയില് അഭിനയിക്കാനാഗ്രഹിച്ച 86 പുതുമുഖങ്ങളുടെ ജീവിതം മാറ്റിമറിച്ച സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ഇന്നെന്റെ കൈയില് നിരവധി ചിത്രങ്ങളുണ്ട്. വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്, പൈപ്പിന് ചുവട്ടിലെ പ്രണയം, കായംകുളം കൊച്ചുണ്ണി, ഒടിയന് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന് കഴിഞ്ഞു.
ഈ സിനിമ കഴിഞ്ഞ ശേഷം അപ്പാനിയെന്ന ചെല്ലപ്പേരും കിട്ടി. സ്വന്തം പേരിനെക്കാള് ഞാനിപ്പോള് അപ്പാനിയെ സ്നേഹിക്കുന്നു. കാണുന്നവരൊക്കെ സ്നേഹത്തോടെ അപ്പാനിയെന്നു വിളിക്കുമ്പോള് ഒരുപാട് സന്തോഷം തോന്നാറുണ്ട്. എന്തിനേറെ, എന്റെ അമ്മപോലും ഇപ്പോള് 'ഡാ അപ്പാനി' ഇങ്ങുവന്നേ എന്നാണ് വിളിക്കാറ്. എന്റെ ലുക്കും വില്ലന് കഥാപാത്രമായ അപ്പാനി രവിക്ക് യോജിച്ചതായിരുന്നു.
ആദ്യസിനിമയ്ക്ക് ശേഷം വിവാഹം?
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത കോളേജില് എംഎ നാടകം ചെയ്യുമ്പോഴാണ് തിരുവല്ലക്കാരി രേഷ്മയെ ഞാനാദ്യമായി കാണുന്നത്. അവള് ബി.എ. ഭരതനാട്യം പഠിക്കുകയായിരുന്നു. അവള് മിക്കവാറും ക്ലാസ് കഴിഞ്ഞ് എന്റെ നാടകത്തിന്റെ റിഹേഴ്സല് കാണാന് കൂട്ടുകാര്ക്കൊപ്പം വരും. റിഹേഴ്സല് കാണുന്നതിനേക്കാള് അവള് ശ്രദ്ധിച്ചിരുന്നത് എന്നെയായിരുന്നു.
ആദ്യമൊക്കെ എനിക്ക് ദേഷ്യം തോന്നി. കാരണം റിഹേഴ്സല് സമയത്ത് അവള് വന്നു നോക്കിനില്ക്കുമ്പോള് കൂട്ടുകാരെന്നെ കളിയാക്കും'ദേടാ നോക്കിക്കെ, ആ കൊച്ച് നില്ക്കുന്നത് കൊണ്ട് ഇവന് ചിലപ്പോള് ഡയലോഗ് പോലും പറയാന് മറന്നുപോകും'. ഇങ്ങനെ കേള്ക്കുമ്പോഴൊക്കെ അവളുടെ അടുത്ത് ചെല്ലും. 'എന്തിനാ ഇവിടെ നില്ക്കുന്നെ, ഇനി ഈ ഭാഗത്തേക്ക് വരരുത്'എന്നൊക്കെ പറഞ്ഞ് ഞാന് ദേഷ്യപ്പെടും.
ചിലപ്പോള് അവളുടെ മുന്നിലേക്ക് വാതില് കൊട്ടിയടയ്ക്കും. ഒരു പെണ്കുട്ടി ഒരാളെ ആരാധനയോടെ നോക്കുമ്പോള് ആരായാലും ഒന്ന് സന്തോഷിക്കും. എന്നാലിവിടെ എന്റെ പ്രവര്ത്തി നേരെ മറിച്ചും. ഇക്കാര്യം പറഞ്ഞ് അവളെ കൂട്ടുകാര് വഴക്കുപറഞ്ഞു. ഇനിയെന്നെ കാണാന് പോകരുതെന്ന് രേഷ്മയുടെ കൂട്ടുകാര് വിലക്കി.
അതൊന്നും കാര്യമാക്കാതെ പഴയതുപോലെ റിഹേഴ്സല് നടക്കുന്ന സ്ഥലത്ത് അവളെത്തും. എന്റെ നാടകങ്ങളൊന്നും അവള് മിസ് ചെയ്യാറില്ല. രേഷ്മയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു എന്ന് മനസിലായത് കോളേജിലെ ഫ്രഷേഴ്സ് ഡേ ഫംങ്ഷനില് വച്ചാണ്.

ജിമിക്കിക്കമ്മലും ഫ്രാങ്ക്ലിനും വൈറലായി?
'അങ്കമാലി ഡയറീസ്' എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിന് ശേഷം എനിക്ക് ലഭിച്ച അടുത്ത ഭാഗ്യമായിരുന്നു 'വെളിപാടിന്റെ പുസ്തകം'. നന്നായി ഡാന്സ് ചെയ്യാനും പാട്ടുപാടാനും സ്നേഹിക്കാനും ഫൈറ്റ് ചെയ്യാനുമറിയുന്ന ഫ്രാങ്ക്ലിന് എന്ന കോളേജ് പയ്യന്റെ കഥാപാത്രം ഞാന് ശരിക്കും ആസ്വദിച്ചു. മാത്രമല്ല.
ഇതിലെ ജിമിക്കിക്കമ്മല് എന്ന പാട്ട് സിനിമയില് പാടി അഭിനയിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടി. ഇതോടെ എന്നെ കൂടുതല് ആളുകള് തിരിച്ചറിഞ്ഞുതുടങ്ങി.
ജിമിക്കിക്കമ്മല് എന്ന പാട്ട് ഇത്രത്തോളം ഹിറ്റാകുമെന്ന് ഞങ്ങളാരും കരുതിയില്ല. മൂന്ന് ദിവസം കൊണ്ടാണ് ആ ഗാനരംഗം ഷൂട്ട് ചെയ്തത്. അതും ഉച്ചനേരത്ത്. ഡാന്സ് ചെയ്യാന് ഇഷ്ടമുള്ളത് കൊണ്ട് തന്നെ പ്രസന്ന മാസ്റ്റര് പറഞ്ഞുതന്ന സ്റ്റെപ്പുകള് പെട്ടെന്ന് പഠിച്ചു. ഇതിലെ കഥാപാത്രത്തിന് വേണ്ടി ഗെറ്റപ്പില് മാറ്റംവരുത്തി.
അപ്പാനിരവിയില് നിന്നും കോളേജ് പയ്യനായ ഫ്രാങ്ക്ലിനിലേക്കുള്ള രൂപമാറ്റം ആവശ്യമായിരുന്നു. ജിമിക്കിക്കമ്മലും ഞാനും ഒരുപോലെ ഹിറ്റായിനില്ക്കുന്ന സമയം. ചാലക്കുടിയിലുള്ള സുഹൃത്തിനെ കാണാന് പോയി തിരികെവന്നപ്പോള് സമയം ഒരുപാട് വൈകിയിരുന്നു.
വണ്ടിയില് പെട്രോളടിക്കാന് ഞാന് പമ്പില് കയറി. പെട്ടെന്ന് അവിടേക്ക് ഒരു ടാങ്കര്ലോറി വന്നുനിന്നു. വണ്ടിയോടിച്ച ആള് എന്നെത്തന്നെ കുറച്ച് നേരം നോക്കിനിന്നു. എന്നിട്ട് അടുത്ത് വന്ന് ചോദിച്ചു. 'നിങ്ങള് അപ്പാനിയല്ലേ'. അതേന്ന് മറുപടി പറഞ്ഞപ്പോള് പുള്ളിക്കാരന് എന്നോട് പറഞ്ഞത് കേട്ട് ഞാന് അത്ഭുതപ്പെട്ടു.
'എന്റെ അപ്പാനി , നിങ്ങളുടെ ജിമിക്കി ഡാന്സ് ഒരു രക്ഷയുമില്ലാട്ടോ, പൊളിച്ചു.' അദ്ദേഹം പോകുന്നതിന് മുമ്പ് എന്നെ കെട്ടിപ്പിടിച്ചു. ഇനിയും ഇതുപോലെ സൂപ്പര് സിനിമകളില് അഭിനയിക്കണമെന്ന്പറഞ്ഞു. ഭാര്യയെയും മക്കളെയും കാണിക്കാന് എന്റെ കൂടെനിന്ന് മൊബൈലില് ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചപ്പോള് ആ മൊബൈല് ഞാന് വാങ്ങി.
എന്നിട്ട് അദ്ദേഹത്തെ ചേര്ത്തുനിര്ത്തി വിവിധ പോസുകളിലായി മൂന്നാല് സെല്ഫിയങ്ങെടുത്തു. ഇന്ന് ഞാന് സിനിമാനടനായി. എന്നാല് ഇന്നലെവരെ അദ്ദേഹത്തെപ്പോലെ സിനിമകള് കാണുന്നവരുടെ കൂട്ടത്തില് ഞാനുമുണ്ടായിരുന്നു.
എത്രമാത്രം സിനിമകളില് അഭിനയിച്ചാലും ഞാന് കടന്നുവന്ന വഴികള് ഒരിക്കലും മറക്കില്ല. 'ജിമിക്കികമ്മല്' ഹിറ്റായതോടെ വിദേശരാ
ജ്യങ്ങളിലേക്കും ആ പാട്ട് പാടി ഡാന്സ് കളിക്കാന് ക്ഷണം വന്നു.
വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ ലൊക്കേഷനും ഞാന് മറക്കില്ല. ഷൂട്ടിംഗിന്റെ ഇടവേളകളില് ഞങ്ങള് വിശ്രമിക്കാതെ ലാലേട്ടനൊപ്പമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പറയാന് വാക്കുകളില്ല. ലാലേട്ടന് എന്ത് സിംപിളാണെന്നോ.
വലിയ നടനായിട്ട് കൂടി അതിന്റെ യാതൊരു അഹങ്കാരവും ഇല്ല. ഞങ്ങളെപ്പോലെ തുടക്കക്കാരായ ചെറുപ്പക്കാര്ക്ക് ഒരുപാട് കാര്യങ്ങള് പറഞ്ഞുതന്നു. ഈ സിനിമയുടെ ലൊക്കേഷനില് ഒരിക്കല് ഞാന് രേഷ്മയെ കൊണ്ടുപോയി.







Comments