
ന്യൂഡല്‍ഹി: ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കിയിരുന്ന കേസായിട്ടും രാജ്യത്തെ പരമോന്നത കോടതിയിലെ ജസ്റ്റീസ് മാരുടെ ബഞ്ചിന് മുന്നില്‍ ഹാദിയയുടെ മറുപടികള്‍ ഒട്ടും പതറാതെ. അതേസമയം മറുവശത്ത് ഹാദിയയ്ക്ക് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കരുതല്‍ നല്കി സുപ്രീംകോടതി ബഞ്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രണ്ടു മണിക്കൂര്‍ കോടതിയില്‍ നിന്നും ഒരിക്കല്‍ പോലും തളര്‍ച്ചയോ പതര്‍ച്ചയോ ഹാദിയ കാട്ടിയില്ല.
എനിക്ക് സ്വാതന്ത്ര്യം വേണം, പഠനം പൂര്‍ത്തിയാക്കണം, വിശ്വാസം അനുസരിച്ച് ജീവിക്കണം, തന്നെ ഒരു മനുഷ്യജീവിയായി കണക്കാക്കണം, മലപ്പുറത്തെ ഒരു സുഹൃത്തിനെ കാണാന്‍ അനുവദിക്കണം, ഭര്‍ത്താവ് ഷെഫീന്‍ ജഹാനെ കാണാന്‍ അനുവദിക്കണം. ഇത്രയും കാര്യങ്ങളാണ് ഹാദിയ പലപ്പോഴായി ചോദ്യത്തിനുള്ള ഉത്തരമായി കോടതിയെ ബോദ്ധ്യപ്പെടുത്തിയത്.
വിശ്വാസമനുസരിച്ച് ജീവിക്കാം പഠനം തുടരാം പഠനചെലവ് സര്‍ക്കാരിനെ കൊണ്ടു വഹിപ്പിച്ചോളം പക്ഷേ ഭര്‍ത്താവിനെ രക്ഷകര്‍ത്താവായി കണക്കാനാകില്ലെന്നും ഹോസ്റ്റലില്‍ ഭര്‍ത്താവിനെ കാണാന്‍ തടസ്സമില്ലെന്നും കോടതി പറഞ്ഞു.
മൂന്ന് മണിയോടെ ആരംഭിച്ച കോടതി നടപടികളില്‍ നാലരയോടെയാണ് ഹാദിയയോട് ജഡ്ജിമാര്‍ സംസാരിക്കാന്‍ കോടതി തുടങ്ങിയത്. സേലത്ത് എത്രനാള്‍ കഴിഞ്ഞെന്നും വൈക്കത്ത് നിന്നും അവിടേയ്ക്ക് എത്ര ദൂരമുണ്ടെന്നും ഏത് കോളേജിലാണ് പഠിക്കുന്നതെന്നും വിനോദം എന്താണെന്നും ഭാവികാര്യങ്ങള്‍ എന്താണെന്നുമെല്ലാം കോടതി ഹാദിയയോട് ചോദിച്ചറിഞ്ഞു.
ശിവ്രാജ് ഹോമിയോ കോളേജില്‍ ഹൗസ് സര്‍ജന്‍സി തുടരാന്‍ ആഗ്രഹിക്കുന്നു എന്നും മതപരമായ വിശ്വാസങ്ങള്‍ പാലിച്ച് ജീവിക്കണമെന്നതാണ് ആഗ്രഹമെന്നും ഹാദിയ പറഞ്ഞു. വീട്ടുകാരെ നന്നായി അറിയാവുന്നത് കൊണ്ടാണ് അകന്നു നില്ക്കാന് തീരുമാനിച്ചതെന്നും പറഞ്ഞു.
പഠനചെലവ് ഭര്‍ത്താവ് വഹിച്ചുകൊള്ളും എന്നായിരുന്നു അതേക്കുറിച്ച് ചോദിച്ചപ്പോഴത്തെ മറുപടി. പതിനൊന്നു മാസമായി താന്‍ തടവില്‍ കഴിയുകയാണെന്നും ഹാദിയ പറഞ്ഞു. അഞ്ചു മാസം കോടതിയുടെ സംരക്ഷണയിലും ബാക്കി വീട്ടുകാരുടെ സംരക്ഷണയിലും കഴിയുയാണെന്നും പറഞ്ഞു. ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചായിരുന്നു വാദം കേട്ടത്.
കേരളാഹൗസില്‍ നിന്നും കനത്ത സുരക്ഷയിലാണ് ഹാദിയെ കോടതിയില്‍ എത്തിച്ചത്. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ സുരക്ഷയിലാണ് ഹാദിയയെ കോടതിയില്‍ എത്തിച്ചത്. പത്തോളം പോലീസുകാരാണ് ഹാദിയയ്ക്ക് ചുറ്റും ഉണ്ടായിരുന്നത്.






