
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ ക്ലോക്ക് ടവര്‍ തകര്‍ന്ന സംഭവത്തില്‍ ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ തുടരുന്നു. സ്‌റ്റേഷന്‍വഴിയുള്ള ട്രെയിനുകള്‍ നിയന്ത്രണങ്ങളോടെ ഒന്നാമത്തെയും നാലാമത്തെയും പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുകയാണ്.
ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. കെട്ടിടം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകൂ. അപകടാവസ്ഥയിലുള്ള ഭാഗം പൊളിച്ചുനീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വടം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ വലിച്ച് താഴെയിടാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു.
സംഭവത്തില്‍ ഗുരുതര അനാസ്ഥയെന്ന് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണം നടത്താനാണ് റെയില്‍വേയുടെ തീരുമാനം. തകര്‍ന്ന കെട്ടിടം പൊളിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കോണ്‍ട്രാക്ടര്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. നിര്‍ണായക മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍.
കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്നു മാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. നാല് മാസം മുമ്പ് കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്. 150 വര്‍ഷം പഴക്കമുള്ളതാണ് കെട്ടിടം. നിര്‍മാണ കമ്പനിയായ റാങ്ക് കണ്‍സ്ട്രക്ഷനെയാണ് ടവര്‍ പൊളിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല.






