
അഹമ്മദാബാദ്: വാര്‍ത്താ വിലക്ക് ചോദ്യം ചെയ്ത് ഡല്‍ഹി ആസ്ഥാനമായ 'ദ വയര്‍' വെബ്‌സൈറ്റ് നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് വാര്‍ത്ത നല്‍കുന്നതിന് ദ വയറിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് 'ദ വയര്‍' നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ജയ് ഷാ നല്‍കിയ കേസിലാണ് വെബ്‌സൈറ്റിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.
ജയ് ഷായ്‌ക്കെതിരെ പ്രത്യക്ഷമോ പരോക്ഷമോ ആയ വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ലെന്നായിരുന്നു കീഴ്‌കോടതിയുടെ വിധി. വെബ്‌സൈറ്റിനെതിരായ വിധി ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേട്ടില്ലെന്നും കാണിച്ചാണ് ദ വയര്‍ ഹൈക്കോടതിയെ സമീപിച്ചത്. സൈറ്റിനെതിരെ ജയ് ഷാ 100 കോടി രൂപയുടെ മാനനഷ്ടക്കേസും നല്‍കിയിട്ടുണ്ട്.
2014 മുതല്‍ 'ദ ഗോള്‍ഡണ്‍ ടച്ച് ജയ് അമിത് ഷാ' കമ്പനിയുടെ ലാഭം വര്‍ധിച്ചുവെന്നാണ് സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് എന്നും സൈറ്റ് വ്യക്തമാക്കിയിരുന്നു.






