
ചെന്നൈ: വിജയ് നായകനായ മെര്‍സല്‍ സിനിമയ്ക്കെതിരെ കലിയടങ്ങാതെ ബി.ജെ.പി. സിനിമയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരായ വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ മെര്‍സല്‍ വന്‍ സാമ്പത്തിക നഷ്ടമാണെന്ന വാദമുയര്‍ത്തി ബി.ജെ.പി. സിനിമ വന്‍ വിജയമാണെന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയ്ക്ക് അറുപത് കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി ബി.ജെ.പിയുടെ പ്രചരണ വിഭാഗം സെക്രട്ടറിയും നടനുമായ എസ്.വി ശേഖര്‍ ആരോപിച്ചു.
പ്രമുഖ സിനിമാ വെബ്സൈറ്റായ ഇന്ത്യാഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് ആരോപണം ഉന്നയിച്ചത്. അനാവശ്യ ചെലവുകള്‍ കാരണം സിനിമയ്ക്ക് നഷ്ടം സംഭവിച്ചുവെന്നാണ് ശേഖറിന്റെ വാദം. തന്റെ മുന്‍ ചിത്രത്തിന് മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങിയ സംവിധായകന് മെര്‍സലിന് 13 കോടി രൂപയാണ് വാങ്ങിയത്. മൂന്ന് കോടി രൂപയില്‍ നിന്നും ഒറ്റയടിക്ക് പ്രതിഫലം 13 കോടി രൂപയായി വര്‍ധിച്ചത് എങ്ങനെയാണെന്ന് ശേഖര്‍ ചോദിക്കുന്നു.
അതേസമയം മെര്‍സല്‍ സാമ്പത്തിക നഷ്ടമായിരുന്നുവെന്ന് തമിഴിലെ പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയും അവകാശപ്പെട്ടു. ശ്രീ തെനന്ദല് ഫിലിംസ് നിര്‍മ്മിച്ച സിനിമയ്ക്ക് 50 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സുരേഷിന്റെ ആരോപണം. പ്രമുഖ തമിഴ് വാര്‍ത്താ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് സുരേഷ് ഇക്കാര്യം പറഞ്ഞത്. സിനിമ സാമ്പത്തിക നഷ്ടമായിരുന്നെന്ന് നടനും സംവിധായകനുമായ പ്രവീണ്‍ ഗാന്ധിയും ആരോപിച്ചു. 20 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നാണ് പ്രവീണ്‍ ഗാന്ധിയുടെ അവകാശവാദം.
തമിഴിലെ നിര്‍മ്മാതാവ് അശോക് കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകളിലാണ് മൂവരും ആരോപണം ഉന്നയിച്ചത്. അതേസമയം മെര്‍സലിനെതിരായ പുതിയ ആരോപണങ്ങള്‍ ഗൂഢലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരനും നിര്‍മ്മാതാവുമായ ധനഞ്ജയ് ഗോവിന്ദ് പറഞ്ഞു. പെരുപ്പിച്ച കണക്കുകളാണ് ശേഖറും സുരേഷും പ്രവീണും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.







Comments