
മാരുതി സുസുക്കി പുതിയ ഡിസൈറുകളെ തിരിച്ചുവിളിക്കുന്നു. റിയര്‍ വീല്‍ ഹബ്ബിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലാണ് ഡിസൈര്‍ കോമ്പാക്ട് സെഡാനുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിച്ചിരിക്കുന്നതിന്നാന് സൂചന. മാരുതി സുസൂക്കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് സംബന്ധമായ വിവരങ്ങള്‍ ലഭ്യമാണ്.
കഴിഞ്ഞ ഫെബ്രുവരി 23 നും ജൂലായ് 10 നുമിടയ്ക്ക് നിര്‍മ്മിച്ച 21,494 മാരുതി ഡിസൈറുകളിലാണ് നിര്‍മ്മാണ പിഴവ് കണ്ടെത്തിയിരിക്കുന്നത്. പ്രശ്നസാധ്യതയുള്ള ഡിസൈര്‍ ഉപഭോക്താക്കളെ കഴിഞ്ഞ ഒക്ടോബര്‍ മൂന്ന് മുതല്‍ ഡീലര്‍ഷിപ്പുകള്‍ ബന്ധപ്പെട്ട് വരികയാണെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഡിസൈര്‍ ഉപഭോക്താക്കള്‍ക്ക് സമീപമുള്ള മാരുതി സര്‍വീസ് സെന്ററില്‍ നിന്നും കാര്‍ പരിശോധിപ്പിക്കാവുന്നതാണ്. നിര്‍മ്മാണ പിഴവുള്ള ഡിസൈറുകളെ തിരിച്ചുവിളിച്ചു റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കാനാണ് കമ്ബനിയുടെ തീരുമാനം.
ഡിസൈര്‍ ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റ് മുഖേനയും കാറിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (MA3 യ്ക്ക് ശേഷമുള്ള 14 അക്ക നമ്പര്‍) ഉപയോഗിച്ച് നിര്‍മ്മാണ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സാധിക്കും. പ്രശ്നം കണ്ടെത്തിയാല്‍ സര്‍വീസ് സെന്ററില്‍ നിന്നും അതത് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പുതുതലമുറ ഡിസൈര്‍ മാരുതിയുടെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് വഹിച്ച് വരുന്നത്. ഒരു ലക്ഷം യൂണിറ്റുകളുടെ വില്പനയാണ് വിപണിയിലെത്തി അഞ്ചാം മാസം തന്നെ ഡിസൈര്‍ പിന്നിട്ടത്.






