
ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ 2014 സെപ്തംബര്‍ 15 ലെ സുപ്രീംകോടതിവിധി കേട്ടപ്പോള്‍ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാനായല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങിയതെന്നും ആ ദിവസം ജീവിതത്തില്‍ മറക്കാനാകില്ലെന്നും അഭിഭാഷകന് ബി.എസ്. ആളൂര്‍. സൗമ്യവധം നടന്നദിവസം അതേ ട്രെയിനില്‍ ഉണ്ടായിരുന്ന 50 വയസ്സുള്ള ഒരു യാത്രക്കാരനെ അവഗണിച്ചതാണ് കേസില്‍ പോലീസിന് പറ്റിയ പിഴവെന്ന് ആളൂര്‍ മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആ യാത്രക്കാരനെ പ്രതിഭാഗം സാക്ഷിയാക്കണമെന്ന് പറഞ്ഞ് ഒരു വ്യക്തിയുടെ പൂര്‍ണ്ണ അഡ്രസോടെ ലിസ്റ്റ് കൊടുത്തിരുന്നതായും പറയുന്നു.
ഗോവിന്ദചാമി ട്രെയിന്റെ ഇടതുഭാഗത്തൂടെ പോയപ്പോള്‍ ഇയാള്‍ വലതു വാതിലിലൂടെ പോയെന്ന് കാണിച്ചായിരുന്നു സമന്‍സ് പോലീസിന് കൊടുത്തത്. ഇയാള്‍ പിച്ചയെടുത്തു നടക്കുന്നയാളാണ്. പോലീസ് അയാളെ ഓടിച്ചു. അതു തന്നെയായിരുന്നു പോലീസിന്റെ ഏറ്റവും വലിയ പരാജയം. അയാളെ കണ്ടെത്താത്തതിനാല്‍ നേരിട്ട് തെളിവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. അന്ന് ഞാന്‍ ഉന്നയിച്ച ആ യാഥാര്‍ത്ഥ്യം സുപ്രീംകോടതി കണ്ടെത്തി എന്നതില്‍ അതിയായ സന്തോഷമുണ്ട്. അയാള്‍ ഭിക്ഷാടന മാഫിയയുടെ ആളായിരുന്നു. അയാളുടെ ഫോട്ടോ, കാര്‍ഡ് എല്ലാം പോലീസിന് കൈമാറിയിരുന്നു. പോലീസ് അത് കോടതിയുടെ മുന്നില്‍ കൊണ്ടുവന്നില്ല. പൂനെയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തന്നെ കേരളത്തിലേക്ക് കൊണ്ടുവന്ന കേസായിരുന്നു സൗമ്യാവധക്കേസ്. കേസ് ഏറ്റെടുക്കുമ്പോള്‍ ഇത്ര വലിയ കേസായിരുന്നെന്ന് കരുതിയിരുന്നില്ലെന്നും ആളൂര്‍ അഭിമുഖത്തില്‍ പറയുന്നു.
അതേസമയം ഗോവിന്ദചാമി വെറും പാവത്താനാണെന്നും ആളൂര്‍ പറയുന്നില്ല. എന്നാല്‍ കേസിലെ കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും പറയുന്നു. ഗോവിന്ദച്ചാമി മയക്കുമരുന്നും മറ്റും വിറ്റു നടക്കുന്ന ട്രെയിനില്‍ പിടിച്ചുപറി നടത്തുന്ന ഒരു വ്യക്തിയാണ്. കുറ്റകൃത്യത്തില്‍ ഒരറ്റം വരെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ കേസില്‍ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ല. തീയില്ലാതെ പുകയുണ്ടാകില്ലല്ലോ, പുകകയ്ക്കുള്ള കുറ്റമുണ്ട്. പക്ഷേ തീയ്ക്കുള്ള കുറ്റം അയാള്‍ ചെയ്തിട്ടില്ല. അധോലോകം, മതംമാറ്റ-ഭിക്ഷാടന മാഫിയകള്‍ എന്നിവയുടെ ആളാണ് എന്ന തരത്തില്‍ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ അസംബന്ധവും കെട്ടുകഥകളുമാണെന്നും ആളൂര്‍ വ്യക്തമാക്കുന്നു.
ഗോവിന്ദചാമി, അമിര്‍ ഉള് ഇസ്ളാം, പള്‍സര്‍ സുനി തുടങ്ങി കേരളം ഞടുങ്ങുകയും വെറുക്കുകയും ചെയ്യുന്ന പേരുകാരുടെ വക്കാലത്ത് ഏറ്റെടുക്കുകയും ഗോവിന്ദചാമിയെ തൂക്കു കയറില്‍ നിന്നും രക്ഷിക്കുകയും ചെയ്ത ബിഎസ് ആളൂരിനെ ആളാക്കി മാറ്റിയത് ബിരുദ പഠനത്തില്‍ നിയമവിഷയത്തില്‍ പരാജയപ്പെട്ടതായിരുന്നു. പിന്നീട് ആ വിഷയം പഠിക്കുമ്പോള്‍ രസം കയറിയ ആളൂര്‍ നിയമ ബിരുദവും നേടി അറിയപ്പെടുന്ന അഭിഭാഷകനിലേക്ക് ഉയരുകയായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില ആളൂര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൃശൂരിലെ പതിയാരത്ത് ജനിച്ച ആളൂര്‍ പ്രൈവറ്റായി പഠിച്ച ബിരുദത്തില്‍ ആദ്യം തോറ്റുപോയപ്പോള്‍ നഷ്ടമായ 'നിയമ പഠനം' എന്ന വിഷയമാണ് ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് ആളൂരിനെ വളര്‍ത്തിയത്. പിന്നീട് നിയമ പഠനത്തോട് ഇഷ്ടം കൂടിയ അദ്ദേഹം നാട്ടില്‍ നിന്നും പൂനെയില്‍ സഹോദനങ്ങള്ക്കൊപ്പം താമസിക്കുന്ന കാലത്ത് ഐഎല്‍എസ് ലോ കോളേജില്‍ നിന്നും നിയമബിരുദം എടുക്കുകയും അത് പ്രൊഫനാക്കി മാറ്റുകയുമായിരുന്നു. ആളൂര്‍ വക്കീലായെന്നത് നുണയാണെന്ന് നാട്ടുകാര്‍ക്കിടയില്‍ ഒരു പ്രചരണം ഉണ്ടാകുക കൂടി ചെയ്തപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത് അനുസരിച്ച് നാട്ടിലെത്തി പ്രാക്ടീസ് തുടങ്ങുകയായിരുന്നു. പിന്നീട് 2003 ല്‍ ഒരു കൊലപാതകക്കേസില്‍ പ്രതികളെ പൂണെ ജില്ലാകോടതിയിലെ വാദത്തില്‍ മോചിപ്പിച്ചെടുത്തതോടെയാണ് പ്രസിദ്ധനായത്.