
റിനോ ഇന്ത്യ പുതുവര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ശതമാനം വര്‍ധനവാണ് കാറുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍മാണ ചിലവ് ഉയര്‍ന്നതാണ് ഇതിന് കാരണമെന്ന് കമ്പനി അറിയിയച്ചു. പുതുതായി വിപണിയിലവതരിപ്പിച്ച ക്യാപ്ച്ചറിനെ വില വര്‍ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി തുടങ്ങിയ മോഡലുകളെയായിരിക്കും വില വര്‍ധനവ് ബാധിക്കുക.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്പന കാഴ്ചവെയ്ക്കുന്ന ജനപ്രിയ വാഹനമായ ക്വിഡിന് ഒരു ഫേസ്ലിഫ്റ്റിനെ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിനോ. അടുത്തവര്‍ഷത്തോടു കൂടി ക്വിഡ് ഫേസ്ലിഫ്റ്റ് നിരത്തില്‍ അവതരിക്കുന്നതായിരിക്കും. കൂടാതെ ഡസ്റ്ററും പുത്തന്‍ അവതാരത്തില്‍ എത്തുമെന്നാണ് സൂചന.
അടുത്തവര്‍ഷം മുതല്‍ കാറുകള്‍ക്ക് വില കുത്തനെ ഉയരുന്നതിനാല്‍ പുതിയൊരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വര്‍ഷം തന്നെ വാങ്ങുന്നതായിരിക്കും ഉചിതം. റിനോ കൂടാതെ ടൊയോട്ട, ഇസുസു, സ്കോഡ, ഫോര്‍ഡ്, ഫോക്സ്വാഗണ്, ടാറ്റ മോട്ടേഴ്സ്, മഹീന്ദ്ര, മാരുതി തുടങ്ങിയ നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ച് രംഗത്തുണ്ട്.






