
ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. മാരുതി ബലെനോയെയും ഹ്യുണ്ടായി എലൈറ്റ് i20 യുമായിരിക്കും പ്രധാന എതിരാളികള്‍. പരീക്ഷണയോട്ടം നടത്തുന്ന നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. 2016 ല്‍ ജപ്പാനില്‍ വെച്ചാണ് നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിനെ നിസാന്‍ ആദ്യമായി കാഴ്ചവെച്ചത്.
നോട്ട് ഇ-പവറില്‍ 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. 108 bhp കരുത്തേകുന്ന ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ബാറ്ററികളുടെ ദൗത്യം. ഇലക്ട്രിക് കരുത്ത് ഹാച്ച്ബാക്കിന്റെ മുന്ചക്രങ്ങളിലേക്കാണ് എത്തുക. സിഗ്നേച്ചര്‍ വി-മോഷന്‍ ഫ്രണ്ട് ഗ്രില്‍, വലിയ ഹെഡ്ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ നിസാന്‍ നോട്ട് ഇ-പവറിന്റെ പ്രത്യേകതകള്‍.
37 കിലോമീറ്റര്‍ ഡ്രൈവിംഗ് പരിധി കാഴ്ചവെക്കാന്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററിക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ഇലക്ട്രിക് കാറുകളെ പോലെ പ്രത്യേക ചാര്‍ജ്ജിംഗ് സോക്കറ്റുകള്‍ നിസാന്‍ നോട്ട് ഇ-പവറിന് ആവശ്യമില്ലെന്നതാണ് സൂചന. നിസാന്റെ രാജ്യാന്തര വില്പനയില് 70 ശതമാനത്തിലേറെയും നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിന്റെ സംഭാവനയാണ്.






