
അച്ഛനും അമ്മയും ചേച്ചിയുമടങ്ങുന്ന സന്തുഷ്ടകുടുംബമായിരുന്നു എന്റേത്. അച്ഛന് ലോറി ഡ്രൈവറായിരുന്നു. ജോലിയുടെ ഭാഗമായി അച്ഛന് പലപ്പോഴും ദൂരയാത്രകളിലായിരുന്നു.
ആ സമയങ്ങളില്‍ ഞാനും ചേച്ചിയും അമ്മയും വീട്ടില്‍ തനിച്ചാകും. ഞങ്ങളെയും കൊണ്ട് ഒറ്റയ്ക്ക് താമസിക്കാന്‍ അമ്മയ്ക്ക് ഭയമായിരുന്നു. ദൂരയാത്രകള് ഒഴിവാക്കി വൈകുന്നേരങ്ങളില്‍ തിരിച്ച് വീട്ടിലെത്തണമെന്ന് അമ്മ അച്ഛനോട് പരാതി പറയുമായിരുന്നു.
ആ സമയത്താണ് അച്ഛന്റെ സഹോദരിപുത്രനായ മനുവേട്ടന് ഞങ്ങളുടെ വീടിന് അടുത്തുളള കോളേജില്‍ പി.ജി യ്ക്ക് അഡ്മിഷന് ലഭിച്ചത്. മനുവേട്ടന്റെ വീട്ടില്‍ നിന്ന് കോളേജില്‍ പോയിവരണമെങ്കില്‍ മണിക്കൂറുകള്‍ യാത്ര ചെയ്യണമായിരുന്നു.
ഞങ്ങളുടെ വീട്ടില്‍ നിന്നാണെങ്കില്‍ കോളേജിലേക്ക് നടക്കാനുളള ദൂരമേ ഉണ്ടായിരുന്നുളളൂ. അതുകൊണ്ട് ഞങ്ങളുടെ വീട്ടില്‍ നിന്ന് കോളേജില്‍ പോകാമെന്ന് അച്ഛന് അപ്പച്ചിയോട് വിളിച്ച് പറഞ്ഞു.
അങ്ങനെ അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ നിന്ന് കോളേജില്‍ പോയി തുടങ്ങി. മനുവേട്ടന് വന്നതില്‍ പിന്നെ അമ്മയുടെ പേടിമാറി. അച്ഛന് വീട്ടില്‍ ഇല്ലാത്തപ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്കൊരു കൂട്ടായി.
പ്ലസ്ടുവിന് ശേഷം എനിക്ക് മനുവേട്ടന്റെ കോളേജില്‍ അഡ്മിഷന് ലഭിച്ചു. ചേച്ചിയുടെ ടൂവീലറില്‍ ഞാനും മനുവേട്ടനും ഒന്നിച്ചാണ് കോളേജില്‍ പോയിരുന്നത്. വൈകുന്നേരങ്ങളില്‍ എനിക്ക് സംശയമുള്ള പാഠഭാഗങ്ങള്‍ അദ്ദേഹം പറഞ്ഞു തരും.
ഇതിനിടയില്‍ എപ്പോഴോ ഞങ്ങള്‍ പിരിയാന്‍ പറ്റാത്ത രീതിയില്‍ മനസ്സുകൊണ്ട് അടുത്തു. ഞാന്‍ ഡിഗ്രി മൂന്നാം വര്‍ഷമായപ്പോഴേക്കും മനുവേട്ടന്റെ കോഴ്സ് പൂര്‍ത്തിയായി. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ലഭിക്കുകയും ചെയ്തു. ഞങ്ങളുടെ ബന്ധം വീട്ടില്‍ അറിഞ്ഞാല്‍ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നു.
അതുകൊണ്ട് ആരുമറിയാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ഞാന്‍ മനുവേട്ടനോടൊപ്പം പോയി. സുഹൃത്തുക്കളുടെ സഹായത്തോടെ അമ്പലത്തില്‍ വച്ച് വിവാഹം കഴിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ അപ്പച്ചി ഞങ്ങളെ വീട്ടില്‍ കയറ്റിയില്ല.
ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ചെറിയൊരു വാടകവീട്ടില്‍ ഞങ്ങള്‍ പുതിയൊരു ജീവിതം ആരംഭിച്ചു. ആദ്യനാളുകള്‍ സന്തോഷത്തോടെ കടന്നുപോയി. ഇതിനിടെ എന്റെ ചേച്ചിക്ക് വന്ന വിവാഹാലോചനകള്‍ ഞാന്‍ ഒളിച്ചോടി പോയി എന്ന കാരണം കൊണ്ട് മുടങ്ങി. അവസാനം അമ്മയുടെ സഹോദരപുത്രനുമായി ചേച്ചിയുടെ വിവാഹം കഴിഞ്ഞു.
ഒരിക്കല്‍ ആളുമാറി എന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. അദ്ദേഹമാണ് കോള്‍ എടുത്തത്. അതൊരു പുരുഷ ശബ്ദമായിരുന്നു. നമ്പര്‍ മാറിയെന്ന് മനസ്സിലാക്കിയ അയാള്‍ കോള്‍ കട്ട് ചെയ്തു. മനുവേട്ടന് എടുത്തത് കൊണ്ട് കട്ടാക്കിയതാണെന്നാണ് അദ്ദേഹം പറയുന്നത്. അന്നു മുതലാണ് ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
അടുത്ത വീട്ടിലെ സ്ത്രീകളോട് സംസാരിക്കുന്നതില്‍ പോലും എനിക്ക് വിലക്ക് ഏര്‍പ്പെടുത്തി. തിരിച്ച് കയറി ചെല്ലാന്‍ ഒരിടം ഇല്ലാത്തതുകൊണ്ട് എല്ലാം സഹിച്ച് ഞാന്‍ അവിടെ നിന്നു. അദ്ദേഹം രാവിലെ ഓഫീസില്‍ പോയി തിരിച്ച് വരുന്നതു വരെ ഞാന്‍ തനിച്ച് മുറിക്കുളളില്‍ കഴിഞ്ഞു കൂടണം.
ഇതിനിടെ ആരോടും ഒന്നും സംസാരിക്കാന്‍ പോലും സാധിക്കാതെ ജീവിതം മടുത്തു. ഒരു ജോലിയെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. പക്ഷേ മനുവേട്ടന് അതിനും സമ്മതിച്ചില്ല. ഒരു ദിവസം അടുത്ത വീട്ടിലെ ചേച്ചി എന്തോ ആവശ്യത്തിന് എന്നെ കാണാന്‍ വീട്ടില്‍ വന്നു.
ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് നില്‍ക്കുമ്പോഴാണ് മനുവേട്ടന് ജോലികഴിഞ്ഞു വന്നത്. ഞാന്‍ അവരോട് സംസാരിച്ച് നിന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അവരുടെ മുന്നില്‍ വച്ച് എനിക്ക് മറ്റാരോടോ വഴിവിട്ട ബന്ധമുണ്ടെന്ന രീതിയില്‍ അദ്ദേഹം സംസാരിച്ചു. അതോടെ ഞാന്‍ അവരുടെ എല്ലാം മുന്നില്‍ മോശക്കാരിയായി. ഒരു ഭര്‍ത്താവും ഭാര്യയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല.
പ്രണയിച്ച് വിവാഹം കഴിച്ച ഞങ്ങള്‍ അതോടെ മനസ്സ് കൊണ്ട് അകന്നു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും എനിക്കതിനുളള ധൈര്യം ഇല്ലായിരുന്നു. ഒരുഭാരമായി അദ്ദേഹത്തോടൊപ്പം കഴിയുന്നതിനേക്കാള്‍ നല്ലത് ആ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞ് കൊടുക്കുന്നതാണെന്ന് തോന്നി.
അതുകൊണ്ട് ഒരു പരാതിയുമില്ലാതെ ഞാന്‍ ഒഴിഞ്ഞു മാറുകയാണ്. എത്രയും പെട്ടെന്ന് ഞങ്ങള്‍ തമ്മിലുളള ബന്ധം വേര്‍പെടുത്തി തരണം സാര്‍'' എന്ന് പറഞ്ഞ് കൃഷ്ണ പൊട്ടിക്കരഞ്ഞു.
പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല. രണ്ടുപേര്‍ക്കും ബന്ധം പിരിയുന്നതില്‍ എതിര്പ്പില്ലാഞ്ഞത് കൊണ്ട് അധികതാമസം ഇല്ലാതെ വിവാഹമോചനം ലഭിച്ചു. എങ്ങോട്ട് പോകണമെന്നറിയാതെ കോടതി വരാന്തയില്‍ കരഞ്ഞ് തളര്‍ന്നിരുന്ന കൃഷ്ണയുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്.
പ്രണയിക്കുമ്പോള്‍ എല്ലാവരും അവരുടെ ഗുണങ്ങള്‍ മാത്രമേ കാണിക്കൂ. ജീവിച്ച് തുടങ്ങുമ്പോഴാണ് യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരിക. സംശയരോഗമാണ് മിക്ക കുടുംബബന്ധങ്ങളും തകര്‍ക്കുന്നത്.






