
ഫിഗൊയുടെ ക്രോസോവര്‍ പതിപ്പുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്. 'ഫിഗൊ ക്രോസ്' എന്ന പേരിലാണ് ഈ ക്രോസോവര്‍ വാഹനത്തെ അണിനിരത്തുക. ഫിഗൊയുടെ ആദ്യ ക്രോസോവര്‍ പതിപ്പിനെയാണ് ഫോര്‍ഡ് ഇന്ത്യയിലവതരിപ്പിക്കുന്നത്.
ഫിഗൊ ക്രോസോവറിന്റെ മറയൊന്നുമില്ലാത്ത പ്രൊഡക്ഷന്‍ മോഡലിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനുമുന്‍പ് ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതായിട്ടുള്ള ഫിഗോ ക്രോസവറിനെ ക്യാമറ കണ്ണുകള്‍ പിടികൂടിയിരുന്നു. എന്നാല്‍, ഇത് മൊത്തമായും മൂടപ്പെട്ട നിലയിലുള്ള പരീക്ഷണയോട്ടം ആയിരുന്നു.
നിലവിലെ മോഡലില്‍ നിന്നും വ്യത്യസ്തമായിയാണ് പുതിയ മോഡല്‍ എത്തുന്നത്. ബ്ലാക് മെഷ് ഗ്രില്‍, സ്വെപ്റ്റ്ബാക്ക് സ്‌മോക്ക്ഡ് ഹെഡ് ലാമ്പുകള്‍, സര്‍ക്കുലര്‍ ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഫ്രണ്ട് എന്‍ഡിലെ സവിശേഷതകള്‍. ബ്ലാക്ഡ്-ഔട്ട് ബി പില്ലര്‍, ടേണ്‍ ഇന്ഡിക്കേറ്ററുകളോട് കൂടിയ ORVM,ബോഡി ക്ലാഡിംഗ്, റൂഫ് റെയില്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.
95ബിഎച്ച്പിയും 115എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എന്‍ജിനായിരിക്കും ഫിഗൊ ക്രോസിലെ പവര്‍ഹൗസ്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഇടംതേടാനുള്ള സാധ്യതയുണ്ട്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഇരുഎന്‍ജിനുകളിലും ഇടംതേടുക.
പുതിയ ഇന്‌സ്ട്രമെന്റ് ക്ലസ്റ്റര്‍, പുതുക്കിയ ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‌സോള്‍, ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം എന്നിവയോടൊപ്പം സുരക്ഷാ ഫീച്ചറുകളായി ഡ്യൂവല്‍ എയര്‍ ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവയും ഇടംതേടിയിട്ടുണ്ട്.






