
ചെന്നൈ: അടുത്തിടെ ഇന്ത്യയുടെ പതിവ് ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുന്ന തമിഴ്നാട് രാഷ്ട്രീയം രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം കൊണ്ട് കൂടുതല്‍ ശ്രദ്ധേയമായിരിക്കെ രജനിയുടെ പുതിയ പാര്‍ട്ടിയുടെ ആശയങ്ങളില്‍ ബിജെപി ബന്ധം മണത്ത് രാഷ്ട്രീയ വിചക്ഷണന്മാര്. പാര്‍ട്ടി പ്രഖ്യാപനത്തിലെ രജനിയുടെ ചില പ്രസ്താവനകളില്‍ ബിജെപി രാഷ്ട്രീയത്തിന്റെ കളം പരിശോധിക്കുകയാണ് അവര്‍.
''നാന് അരസിയലില്‍ വരുവധു ഉറുദി'' ചെന്നൈയിലെ കോടമ്പാക്കത്തെ ഹാളില്‍ തന്റെ രാഷ്ട്രീയ പ്രവേശം തമിഴ്സൂപ്പര്‍താരം രജനീകാന്ത് ഇത് പറയുമ്പോള്‍ ആരാധകര്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. തമിഴനാട് രാഷ്ട്രീയത്തെ നോക്കി രാജ്യം ഇപ്പോള്‍ ചിരിക്കുകയാണ്. താന്‍ അധികാരത്തിനും പദവിക്കും പിന്നാലെ ആയിരുന്നെങ്കില്‍ 1996 ല്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകമായിരുന്നു. 45 വയസ്സുള്ളപ്പോള്‍ തോന്നാത്ത കാര്യം 65 ല്‍ തോന്നുമോ? രജനി പറഞ്ഞു.
'ജാതിമതം ഇല്ലാത്ത ആന്മീക അരസിയല്‍' എന്നാണ് രജനി തന്റെ പാര്‍ട്ടിയെക്കുറിച്ച് പറയുന്നത്. എന്നാല്‍ ഇതിലെ 'ആത്മീക' പരാമര്‍ശത്തെ ബിജെപിയുമായി കൂട്ടി വായിക്കുന്നവര്‍ ഏറെയാണ്. ഒരു പ്രത്യേക ആശയവുമായി ബന്ധപ്പെട്ടാണ് ആത്മീയത എന്ന പദം രജനി ഉപയോഗിച്ചതെന്ന് രാഷ്ട്രീയ വിചക്ഷണന്‍ ആഴി സെന്തില്നാഥനെ ഉദ്ധരിച്ച് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്താന്‍ ആദ്യം ഉപയോഗിക്കപ്പെട്ട ഭഗവത്ഗീതാ വചനത്തെ തുഗ്ളക് മാസിക എഡിറ്ററും രാഷ്ട്രീയ നിരീക്ഷകനുമായ ചോ രാമസ്വാമിയും ബിജെപിയുമായി കൂട്ടുകൂടാനുള്ള സൂചനയായിട്ടാണ് വിലയിരുത്തുന്നത്. അതേസമയം ഇത്തരമൊരു നീക്കം ദുരന്തമായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
രജനിയുടെ ആത്മീയ രാഷ്ട്രീയം ബിജെപിയുടെ നരേന്ദ്ര മോഡിയോടല്ലാതെ തമിഴ്നാട്ടിലോ പുറത്തോ മറ്റാരോടും ഉപമിക്കാന്‍ കഴിയില്ലെന്നാണ് തമിഴ്നാട് ആര്‍എസ്എസ് നേതാക്കളുടെയും വിലയിരുത്തല്‍. രജനിയുടെ രാഷ്ട്രീയ പ്രവേശം അറുപത് വര്‍ഷമായി ദ്രാവിഡ രാഷ്ട്രീയത്തില്‍ ഉറഞ്ഞുപോയ തമിഴ് രാഷ്ട്രീയത്തില്‍ കാതലായ മാറ്റം കൊണ്ടുവരുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം ഇക്കാര്യം എഐഎഡിഎംകെ നേതാക്കള്‍ തള്ളുന്നുണ്ട്. തമിഴ് രാഷ്ട്രീയം ഒന്നുകില്‍ ദ്രാവിഡനിസമോ അല്ലെങ്കില്‍ അതിനെതിരേയോ നേരത്തേ തന്നെ തീരുമാനിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ രജനി ബിജെപി ചേരിയില്‍ എത്തുമെന്ന് കരുതാനാകില്ല. എന്നാല്‍ തമിഴ്നാട്ടില്‍ തീരെ വേരുകള്‍ ഇല്ലാത്ത ബിജെപിയ്ക്ക് രജനിയെപ്പോലെ ശക്തമായ പിന്തുണ ആവശ്യമുണ്ടെന്ന് എഐഎഡിഎംകെ വക്താക്കള്‍ പറഞ്ഞു.
2021 ല്‍ തമിഴ്നാട്ടിലെ 234 സീറ്റുകളിലും മത്സരിക്കുമെന്നാണ് രജനിയുടെ പ്രഖ്യാപനം. ദ്രാവിഡ പ്രാതിനിധ്യം മാത്രം മുറുകെ പിടിച്ചിരിക്കുന്ന തമിഴ്രാഷ്ട്രീയത്തില്‍ ഇതാദ്യമായിട്ടാണ് മതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും കേള്‍ക്കുന്നത്. 60 വര്‍ഷത്തിനിടയില്‍ തമിഴ് രാഷ്ട്രീയത്തില്‍ വന്‍ മരമായി നില്ക്കുന്ന ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയും എഐഎഡിഎംകെ യും അവരുടെ ആശയത്തിന്റെ വേരുകള്‍ ഭൗതീകവാദത്തിലും നിരീശ്വര വാദത്തിലുമാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.
സ്വന്തം പാര്‍ട്ടിയുടെ അജണ്ടയും നയവും സ്വന്തം ടീമുകളുമായിട്ടാണ് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. താനൊഴികെ മറ്റാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യരുതെന്ന് തന്റെ ആരാധകരോട് കര്‍ശനമായി പറഞ്ഞ രജനി മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കന്മാര്ക്കും എതിരേ സംസാരിക്കരുതെന്നും അണികള്‍ക്ക് നിര്‍ദേശം നല്കി. തന്റെ പ്രസംഗത്തിലൂടെ രണ്ടു സുപ്രധാന കാര്യങ്ങള്‍ രജനി ചുണ്ടിക്കാട്ടിയത് അഴിമതി അംഗീകരിക്കാന്‍ കഴിയില്ലെന്നും മൂന്ന വര്‍ഷത്തിനുള്ളില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവെയ്ക്കുമെന്നുമാണ്.






