
റാഞ്ചി: വ്യാജരേഖ ചമച്ച് ട്രഷറിയില്‍ നിന്നും കോടികള്‍ തട്ടിയ കാലിത്തീറ്റ കുംഭകോണ കേസില്‍ മുന്‍ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിെന്റ ശിക്ഷ നാളത്തേക്ക് മാറ്റി. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പ്രായവും അസുഖക്കാരനാണെന്നുമുള്ള ലാലുവിെന്റ അഭിഭാഷകെന്റ വാദവും എതിര്‍വാദവും കേട്ടു. അഴിമതി നിയമത്തിലെ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകളില്‍ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ 23 ന് പ്രത്യേക സിബിഐ കോടതി ലാലുവിനെയും കൂട്ടാളികളെയും കുറ്റക്കാരനാണെന്ന കണ്ടെത്തിയിരുന്നു. കേസില്‍ ലാലുവിന് കിട്ടാവുന്ന ശിക്ഷ പരമാവധി കുറയ്ക്കാന്‍ ശ്രമം നടത്തുമെന്ന ലാലുവിന്റെ അഭിഭാഷകന് പറഞ്ഞിരുന്നു. 70 വയസ്സുള്ള ലാലുവിനെ പല വിധ അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ പരമാവധി ശിക്ഷ കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് നേരത്തേ അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.
മൊത്തം 900 കോടിയുടെ കുംഭകോണത്തില്‍ ആറ് കേസുകളാണ് ലാലുവിനെതിരേ സിബിഐ ചുമത്തിയിരിക്കുന്നത്. അതില്‍ രണ്ടാമത്തെ കേസിലാണ് വിധി പറഞ്ഞത്. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസില്‍ 2013 ല്‍ ലാലുവിന് അഞ്ചു വര്‍ഷം തടവ് കിട്ടിയിരുന്നു. 2013 ഒക്ടോബര്‍ 3 നായിരുന്നു ലാലുവിന് ശിക്ഷ ലഭിച്ചത്. ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്നു 1990 നും 97 നും കാലയളവില്‍ 1990 നും 94 നും ഇടയില്‍ വ്യാജരേഖയുണ്ടാക്കി ദോഗര്‍ ജില്ലാ ട്രഷറിയില്‍ നിന്നും 84.5 ലക്ഷം രൂപ വഞ്ചിച്ച് തട്ടിയെടുത്തു എന്നാണ് ലാലുവിനെതിരേ കേസ്.
സിബിഐ പ്രത്യേക കോടതിയില്‍ ഡിസംബര്‍ 13 ന് വിചാരണ പൂര്‍ത്തിയായ കേസില്‍ പത്തു ദിവസം കഴിഞ്ഞപ്പോള്‍ ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. 34 പ്രതികളുള്ള കേസില്‍ 11 പേര് വിചാരണയ്ക്കിടയില്‍ തന്നെ മരണമടഞ്ഞിരുന്നു. ഫൂല്‍ചന്ദ് മണ്ഡല്, ബെക്ക് ജൂലിയസ്, മഹേഷ് പ്രസാദ് എന്നിങ്ങനെ മൂന്ന് മുന്‍ ഐഎഎസ് ഓഫീസര്‍മാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ പട്ടികയിലുണ്ട്.
നിലവില്‍ റാഞ്ചിയിലെ ബിര്‍സാ മുണ്ടാ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍. കേസില്‍ ബീഹാറിന്റെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയെയും മറ്റ് അഞ്ചുപേരെയും നേരത്തേ സിബിഐ കോടതി കുറ്റവിമുക്തരാക്കി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്ന് കേസില്‍ കൂടി ലാലുപ്രസാദ് യാദവ് വിചാരണ നേരിടുകയാണ്. ശിക്ഷ മൂന്ന് വര്‍ഷത്തില്‍ കുറവാെണങ്കില് ഈ കോടതിയില്‍ നിന്നു തന്നെ ലാലുപ്രസാദിന് ജാമ്യം നേടാമായിരുന്നു. എന്നാല്‍ ഇനി ജാമ്യം കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.






