
കോംപാക്റ്റ് എസ്യുവി വിറ്റാര ബ്രെസ, ഹാച്ച്ബാക്ക് സ്വിഫ്റ്റ്, കോംപാക്റ്റ് സെഡാന് ഡിസയര്‍ എന്നിവയ്ക്കുള്ള എതിരാളികളുമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പ്യൂഷോ ഇന്ത്യയില്‍ അരങ്ങേറ്റം നടത്തുക. എസ്സി1 ( സ്മാര്‍ട് കാര്‍ 1), എസ്സി 2, എസ്സി 3 എന്ന പേരില്‍ പ്യൂഷോ വികസിപ്പിക്കുന്ന വാഹനങ്ങള്‍ 2020-ലെ ഓട്ടോഎക്സ്പോയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണു റിപ്പോര്‍ട്ട്.
ഇന്ത്യയിലേക്കുള്ള മൂന്നാം വരവിലെങ്കിലും ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് പ്യൂഷോ, സിട്രോന്‍, ഡി എസ് ബ്രാന്‍ഡുകളുടെ ഉടമയായ പി എസ് എ ഗ്രൂപ്. പ്രധാനമായും ഇന്ത്യന്‍ വിപണിക്കായി വികസിപ്പിക്കുന്ന കാര്‍ മറ്റ് ആസിയാന്‍ വിപണികളിലും ആഫ്രിക്കന്‍ വിപണികളിലും പിഎസ്എ അവതരിപ്പിക്കും. നേരത്തെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്ന് അംബാസിഡര്‍ ബ്രാന്‍ഡ് കമ്പനി സ്വന്തമാക്കിയിരുന്നു. പ്രീമിയം സൗകര്യങ്ങളും കുറഞ്ഞ വിലയുമായിട്ടായിരിക്കും പുതിയ വാഹനങ്ങളുടെ വരവ്. 'സ്മാര്‍ട് കാര്‍ വണ്‍', 'സ്മാര്‍ട് കാര്‍ ടു', 'സ്മാര്‍ട് കാര്‍ ത്രീ' എന്നീ കോഡ് നാമങ്ങളിലാണ് ഇന്ത്യയ്ക്കുള്ള കാര്‍ വികസനം പുരോഗമിക്കുന്നത്.
പി എസ് എ ഗ്രൂപ്പിന്റെ ആദ്യ വരവ് പ്രീമിയര്‍ ഓട്ടമൊബീല്‍സുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു. 'പ്യൂഷോ 309' എന്ന ഒറ്റ മോഡലിലൊതുങ്ങിയ പരീക്ഷണം അവസാനിപ്പിച്ച് 1990 ഒടുവില്‍ കമ്പനി ഇന്ത്യന്‍ വിപണിയോടു വിട പറയുകയായിരുന്നു. രണ്ടാം തവണ പുതിയ ശാല സ്ഥാപിക്കാനായി 2011ല്‍ ഗുജറാത്തില്‍ സ്ഥലം പോലും വാങ്ങിയെങ്കിലും അവസാന ഘട്ടത്തില്‍ പി എസ് എ ഗ്രൂപ് പിന്മാറി; യൂറോപ്പില്‍ നേരിട്ട സാമ്പത്തിക പ്രശ്നങ്ങളായിരുന്നു കമ്പനിയെ അന്നു പിന്നോട്ടടിച്ചത്.






