
പുതിയ ഡാറ്റ്സന്‍ റെഡിഗോ 1.0 ലിറ്റര്‍ എഎംടി പതിപ്പിന്റെ ബുക്കിങ് നിസ്സാന്‍ ആരംഭിച്ചു. 10,000 രൂപ അഡ്വാന്‍സായി നല്കി ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താവുന്നതാണ്. ഇന്ത്യയിലുടനീളമുള്ള നിസാന്‍, ഡാറ്റ്സന്‍ ഡീലര്‍ഷിപ്പുകളിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ജനുവരി 23 മുതല്‍ വിതരണവും ആരംഭിക്കും. പുതിയ റെഡിഗോ 1.0 ലിറ്റര്‍ എഎംടി പതിപ്പ് ക്വിഡിനേക്കാള് കുറഞ്ഞ വിലയിലാണ് എത്തുന്നത്, അതുകൊണ്ടുതന്നെ ചെറു കാര്‍ ശ്രേണിയില്‍ മത്സരമേറാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് ശ്രേണി ലക്ഷ്യം വച്ചാണ് റെഡിഗോ എഎംടിയുടെ വരവ്. റെഡിഗോ എഎംടിക്ക് നിലവിലെ 1.0 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എന്ജിന് തന്നെയായിരിക്കും കരുത്തേകുക. 67 ബിഎച്ച്പിയും 91എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനില്‍ സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്നോളജിയായിരിക്കും ഇടംതേടുക. ഡയല് സംവിധാനത്തിലാകും ഗിയര്‍ബോക്സ് ഒരുങ്ങുക.






