
മുംബൈ: സി.ബി.ഐ. പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ മരണം രാഷ്ട്രീയ ആയുധമാക്കരുതെന്നു മകന് അനുജ് ലോയ. "അച്ഛന്റെ മരണത്തില്‍ ദുരൂഹതയില്ല. ചില സംശയങ്ങളുണ്ടായിരുന്നു. അതു മാറി."- അനുജ് പറഞ്ഞു.
"എന്നെപ്പോലെ മുത്തച്ഛനും പിതൃസഹോദരിക്കും ചില സംശയങ്ങളുണ്ടായിരുന്നു. അത് അടഞ്ഞ അധ്യായമാണ്. അച്ഛന്റെ മരണം സംബന്ധിച്ചു ചില രാഷ്ട്രീയകക്ഷികളില്‍നിന്നും സംഘടനകളില്‍നിന്നും സമ്മര്‍ദമുണ്ടായി. ആരുടെയും പേരു പുറത്തുപറയാന്‍ താല്‍പ്പര്യമില്ല. ഞങ്ങളെ വെറുതേ വിടൂ"-പുനെയിലെ കോളജില്‍ നിയമവിദ്യാര്‍ഥിയായ അനുജ് അഭ്യര്‍ഥിച്ചു.
സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ പരസ്യപ്രതികരണം നടത്തിയതിനേത്തുടര്‍ന്നു നീതിന്യായരംഗത്തുണ്ടായ പ്രതിസന്ധി അയയുന്നു. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ഇടഞ്ഞ ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ചയ്ക്കു തയാറായതോടെയാണിത്. ചീഫ് ജസ്റ്റിസും ജഡ്ജിമാരുമായി ഇന്നു ചര്‍ച്ച നടക്കുമെന്നാണു സൂചന.
പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നു ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയതായി അദ്ദേഹത്തെ സന്ദര്‍ശിച്ച ബാര്‍ കൗണ്‍സില്‍(ബി.സി.ഐ.) ചെയര്മാന് മനന്‍ കുമാര്‍ മിശ്ര അറിയിച്ചു. ചീഫ് ജസ്റ്റിസും ബാര്‍ കൗണ്‍സിലിന്റെ ഏഴംഗ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ച 50 മിനിറ്റ് നീണ്ടു. ഫുള്‍കോര്‍ട്ട് ചേര്‍ന്നു തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നു സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു െകെമാറിയിരുന്നു. എന്നാല്‍, ഫുള്‍കോര്‍ട്ട് ചേരാതെതന്നെ അഭിപ്രായവ്യത്യാസമുള്ള ജഡ്ജിമാരുമായി മാത്രം സംസാരിച്ചു സമവായമുണ്ടാക്കാനാണു ചീഫ് ജസ്റ്റിസ് ശ്രമിക്കുന്നത്.
പ്രശ്നപരിഹാരത്തിനു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷമാണു സമവായസാധ്യത തെളിഞ്ഞത്. രണ്ടുദിവസത്തെ അവധിക്കുശേഷം ഇന്നു കോടതി ചേരുമ്പോള്‍ നടപടികള്‍ തടസപ്പെടുന്ന തരത്തില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകില്ലെന്നു ജസ്റ്റിസ് ചെലമേശ്വര്‍ ബാര്‍ കൗണ്‍സിലിന് ഉറപ്പുനല്‍കി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ജഡ്ജിമാരുമായി ആലോചിച്ച് തുടര്‍നടപടികള്‍ അറിയിക്കും. ജഡ്ജിമാര്‍ക്കിടയിലെ പ്രശ്നം കോടതി നടപടികളെ ബാധിക്കില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും അനുരഞ്ജനനീക്കവുമായി രംഗത്തുണ്ട്. ജുഡീഷ്യറിയുടെ ആഭ്യന്തരവിഷയത്തില്‍ ഇടപെടില്ലെന്ന നിലപാടില്‍തന്നെയാണു കേന്ദ്രസര്‍ക്കാര്‍.
കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും തീരുമാനങ്ങള്‍ ഇന്നു പത്രസമ്മേളനത്തില്‍ അറിയിക്കുമെന്നും ബി.സി.ഐ. അറിയിച്ചു. ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ഇന്നു കാണും. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, നാഗേശ്വര്‍ റാവു എന്നിവരും ചെലമേശ്വറിനെ വസതിയില്‍ സന്ദര്‍ശിച്ചു. സി.ബി.ഐ. കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന ഹര്‍ജി മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിനു വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ലോയയുടെ മരണം സംബന്ധിച്ച കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഇന്നു പരിഗണിക്കില്ല.






