ന്യൂഡല്‍ഹി: ത്രിപുര തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ വീട്ടില്‍ നടന്ന ബിജെപി പാര്‍ട്ടി യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തത് വിവാദമാകുന്നു. സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് സിപിഎം തിങ്കളാഴ്ച പ്രതികരിച്ചത്.
ഞായറാഴ്ചയായിരുന്നു ഇത്തരത്തില്‍ ഒരു പാര്‍ട്ടി യോഗം വിളിച്ചുകൂട്ടിയത്. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗത്തില്‍ പ്രദേശത്തെ ബിജെപി ആര്‍എസ്എസ് നേതാക്കളും പങ്കെടുത്തിരുന്നു.
ചില മാധ്യമങ്ങളാണ് ഡോവല്‍ പരിപാടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കവെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച പരിചയം അജിത് ഡോവലിനുണ്ട്. ഇതാണ് ഇദ്ദേഹത്തെ യോഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണമായിരിക്കുന്നതെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്ന് സിപിഎം ആരോപിച്ചു. വിഷയം ഗൗരവമായി കാണണമെന്നും പാര്‍ട്ടി ആവശ്യപെട്ടിട്ടുണ്ട്.






