
കൊച്ചി : ഫോര്‍ട്ട്കൊച്ചി കാണാനെത്തിയ വിദേശി ഫോട്ടോ എടുക്കുന്നതിനിടെ മാലിന്യക്കുഴിയില്‍ വീണു. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ സ്വീഡന് സ്വദേശിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
ഇദ്ദേഹം മാലിന്യക്കുഴിയില്‍ വീണതും ഒപ്പമുണ്ടായിരുന്ന സഞ്ചാരികള്‍ ബഹളമുണ്ടാക്കി. ഇതുകേട്ട് സമീപത്തെ മീന്‍കച്ചവടക്കാരും മറ്റും ഓടിയെത്തി. ശരീരം മുഴുവന്‍ മാലിന്യം നിറഞ്ഞ സായിപ്പിനെ അവര്‍ കടല്‍ തീരത്ത് എത്തിച്ച് അഴുക്ക് കഴുകി കളഞ്ഞു. ശരീരത്ത് മറ്റ് പരിക്കുകള്‍ ഉണ്ടായിട്ടില്ല.
കടപ്പുറത്തിനു സമീപത്തെ ഓട മാലിന്യം നിറഞ്ഞ് ചതുപ്പുപോലെ കിടക്കുകയാണ്. പ്രദേശവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇവിടം വൃത്തിയാക്കാന്‍ നടപടിയുണ്ടായിട്ടില്ല. കുറച്ചുനാളായി കടപ്പുറത്തെ ശുചീകരണം കാര്യക്ഷമമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.






