
അയ്യോ! അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിനപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാന്‍
കാലനവന്‍ കയറുമായി
കാത്തിരിപ്പുണ്ടെന്ന്,
അരനാഴിക ദൂരമിനിയൊരിക്കലു
മെത്താത്ത ദൂരമാകുമെന്ന്!
കഴിഞ്ഞ 19 ന് കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന് ഈ വരികള്‍ എഴുതുമ്പോള്‍ ഒരിക്കലും നിനച്ചിരുന്നില്ല, അത് തന്റെ ജീവിതത്തില്‍ അറംപറ്റുമെന്ന്. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ കോലഴിയിലെ വലിയ വളവില്‍ ട്രെയിനില്‍ നിന്നു തെറിച്ചു വീണാണ് അനൂപിന്റെ ഭാര്യ ഡോ. തുഷാരയ്ക്കു (37) ദാരുണാന്ത്യം.
അമ്മ ട്രെയിനില്‍നിന്നു വീണതറിയാതെ മക്കളായ കാളിദാസ്, െവെദേഹി, െവെഷ്ണവി എന്നിവരും ഇവരുടെ സഹായിയായ വീട്ടമ്മയും യാത്ര തുടര്‍ന്നു. രാവിലെ ഉണര്‍ന്നപ്പോഴാണ് അമ്മയെ കാണാനില്ലെന്ന വിവരം കുട്ടികള്‍ അറിയുന്നത്. തുടര്‍ന്ന് കൂട്ടക്കരച്ചിലായി.
റെയില്‍വേ പോലീസ് നടത്തിയ തെരച്ചിലിലാണു തൃശുരിനു സമീപം കോലഴി പോട്ടോറില്‍ റെയില്‍പ്പാളത്തില്‍ തുഷാരയുടെ മൃതദേഹം കണ്ടത്. രാത്രിയില്‍ ശൗചാലയത്തില്‍ പോയപ്പോള്‍ അബദ്ധത്തില്‍ തെറിച്ചു വീണതാകാമെന്നാണു സംശയിക്കുന്നത്.
ഈ ഭാഗത്ത് വലിയ വളവാണ്. മുമ്പും ഇവിടെ പലരും ട്രെയിനില്‍നിന്നു വീണു മരിച്ചിട്ടുണ്ട്. ''അരനാഴിക ദൂരം'' എന്ന കവിതയിലെ അനൂപിന്റെ വരികള്‍ക്കു സമാനമായാണ് തുഷാരയെ മരണം തട്ടിയെടുത്തത്.
കണ്ണൂര്‍ താവക്കര തുഷാരത്തില്‍ റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ സൂപ്രണ്ട് വേലായുധന്റെയും സുമംഗലയുടെയും മകളാണ് ഡോ. തുഷാര. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. തുടര്‍ന്ന് സംസ്കാരം നടത്തി.






