
ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ഇന്ന് തിയേറ്ററുകളിലെത്തും. അതേസമയം ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ഇന്നലെ ഉത്തരേന്ത്യയില്‍ ആരംഭിച്ച അക്രമങ്ങള്‍ക്ക് ഇതുവരെയും യാതൊരു കുറവുമില്ല. ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ ഇന്നലെ നടന്നിരുന്നു.
പലയിടത്തും കല്ലേറും തീവെപ്പും റോഡ് തടയലുമടക്കമുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ വിദ്യാര്‍ഥികളുമായിപ്പോയ സ്കൂള്‍ ബസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു. സിനിമ റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി 27 സ്ത്രീകള്‍ രാഷ്ര്ടപതിക്ക് കത്തയച്ചു. ഇതിനിടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രജപുത്ര സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്, മഹാരാഷ്ര്ട എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയത്. സിനിമ റിലീസ് ചെയ്താല്‍ തിയേറ്ററുകള്‍ ആക്രമിക്കുമെന്ന് കര്‍ണി സേനയും ഹിന്ദു സേനയും ഭീഷണി മുഴക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കര്‍ണിസേനയും അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭയുമാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ബോംബ് വെച്ച് തകര്‍ക്കാനാണ് ഇവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഗുജറാത്തില്‍ പ്രതിഷേധക്കാര്‍ ഇരുനൂറോളം വാഹനങ്ങളും ഒട്ടേറെ കടകളും കത്തിച്ചു. 48 പേരാണ് ഇവിടെ അറസ്റ്റിലായത്. മഹാരാഷ്ര്ടയില്‍ 35 പേര് അറസ്റ്റിലായി. ഇന്നും പ്രതിഷേധത്തിന് അയവുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ഹിന്ദി ഭാഷാ സ്വാധീനമേഖലയിലാകെ പ്രതിഷേധം ഉയര്‍ന്നതോടെ ചിത്രം വാണിജ്യപരമായി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.






