
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വീണ്ടും ട്രോളി ബജാജ് ഡോമിനോര്‍. ബൈക്കിന്റെ ഏറ്റവും പുതിയ പരസ്യത്തിലാണ് സ്റ്റാര്‍ട്ട് ആകാത്ത വണ്ടി എന്ന സന്ദേശം നല്കുന്ന പരസ്യം ബജാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ ആനയെ പോറ്റുന്നത് നിര്ത്തു എന്ന ടാഗ് ലൈനോടെയാണ് റോയല്‍ എന്‍ഫീല്‍ഡിനെ ട്രോളുന്ന പോസ്റ്റ് ബജാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്‍ഡിപെന്‍ഡന്റ്, റൈഡ് ദ് വിന്‍ഡ് തുടങ്ങിയ എഴുത്തുകള്‍ ഇത്തവണ ആനകളുടെ ദേഹത്തുണ്ട്. ദയവായി സ്റ്റാര്ട്ടാകു എന്ന് ആനകളോട് പറയുന്നത് ബുള്ളറ്റിന്റെ സ്റ്റാര്‍ട്ടിംഗ് കംപ്ലെയ്ന്റിനെ ഉദ്ദേശിച്ചാണ്. ആനകളെ കൊണ്ടുനടക്കുന്നത് അവസാനിപ്പിക്കു എന്ന് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കുന്ന തരത്തില്‍ ബജാജ് നേരത്തെയും പരസ്യചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയായില്‍ അത് വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുള്ളറ്റിനെ കളിയാക്കുന്ന രണ്ടാമത്തെ പരസ്യ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്.
മൂന്ന് ഭാഗങ്ങളായുള്ള പരസ്യമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ആനകളോട് ഉപമിച്ച് സ്റ്റാര്‍ട്ട് ആകാത്ത വണ്ടി, ബ്രേക്ക് ലഭിക്കാത്ത വണ്ടി, ചെങ്കുത്തായ വഴികള്‍ കയറാന്‍ പ്രയാസപ്പെടുന്ന വണ്ടി, എന്നിങ്ങനെയുള്ള മൂന്ന് പരസ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.






