
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണത്തില്‍ ഇന്ത്യന്‍ വംശജരായ ഗുപ്ത സഹോദരങ്ങളുടെ വസതിയില്‍ പോലീസ് റെയ്ഡ്. ജോഹന്നാസ്ബര്‍ഗിലുള്ള ഗുപ്ത കുടംബത്തിന്റെ ആഡംബര വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. ഗുപ്ത സഹോദരന്മാരില് ഒരാള്‍ അടക്കം മൂന്നു പേര് അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.
പോലീസിന്റെ് പ്രശസ്തമായ ഹോക്സ് യൂണിറ്റ് ആണ് റെയ്ഡ് നടത്തുന്നത്. അഴിമതി ആരോപണങ്ങളിലും സാമ്പത്തിക ക്രമക്കേടുകളിലും പെട്ട ജേക്കബ് സുമ രാജിവച്ചേക്കുമെന്ന സൂചനയുടെ കൂടി പശ്ചാത്തലം റെയ്ഡിനുണ്ട്. ഒന്‍പത് വര്‍ഷമായി ജേക്കബ് സുമ ദക്ഷിണാഫ്രിക്കയെ നയിക്കുന്നു. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ സുമയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും കൊള്ളയടിക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ജേക്കബ് സുമയുമായി അടുത്ത ബന്ധമുള്ളവരാണ് ഗുപ്ത കുടുംബം. തങ്ങളുടെ ബിസിനസ് നേട്ടത്തിനായി അവര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്.
അറസ്റ്റിലായവരില്‍ ഗുപ്ത കുടുംബാത്തിലെ അംഗങ്ങളുമുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ വാര്‍ത്താ ഏജന്‍സിയായ എസ്്എബിസി പറയുന്നു. പോലീസ് നടപടിയെ കുറിച്ച് സുമ തന്നെ വ്യക്തമാക്കുമെന്ന് ധനമന്ത്രി മലുസി ഗിഗാബ പറയുമ്പോള്‍ അത്തരമൊരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് പറയുന്നു.






