
ന്യുഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പിനു പിന്നാലെ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നടന്ന വായ്പ തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നടന്നത് 8,650 വായ്പ തട്ടിപ്പുകളാണെന്നും ഇതുവഴി നഷ്ടമായത് 61,000 കോടി രൂപയാണെന്നും ഒരു ദേശീയ വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വിവരാവകാശ രേഖ പ്രകാരം നല്കിയ അപേക്ഷിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
ബാങ്കുകളെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടു കൂടി തന്നെ വായ്പ എടുക്കുകയും പണം തിരിച്ചടയ്ക്കാതെ രക്ഷപ്പെടുകയുമാണ് ഇത്തരം തട്ടിപ്പുകാര്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 9.58 ബില്യണ്‍ ഡോളര്‍ (61,60,898,00,000 രൂപ) തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് കൃത്യമായി വെളിപ്പെടുത്തുന്നു.
2012-13 വര്‍ഷത്തില്‍ 63.57 ബില്യണ്‍ രൂപയാണ് കിട്ടാക്കടമായി ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇത് 176.34 ബില്യണ്‍ ഡോളര്‍ ആണ്. കഴിഞ്ഞ വര്‍ഷമാണ് കിട്ടാക്കടത്തില്‍ വലിയ കുതിപ്പ് ഉണ്ടായത്. 149 ബില്യണ്‍ രൂപയാണ് കഴിഞ്ഞ വര്‍ഷം തട്ടിപ്പുകാര്‍ കൊണ്ടുപോയത്.
ആര്.ബി.ഐക്ക് ലഭ്യമായ കണക്കുകള്‍ പ്രകാരമാണ് 8,670 കേസുകള്‍ എന്ന് പറയുന്നത്. ഇതിലും അധികമായിരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കുന്നു. ഒരു ലക്ഷമോ അതിലധികമോ ഉള്ള തട്ടിപ്പുകളുടെ കണക്കുകള്‍ മാത്രമാണ് ആര്.ബി.ഐയുടെ പക്കലുള്ളത്. റോയിട്ടേഴ്സ് വിവരാവകാശ അപേക്ഷ പ്രകാരം രാജ്യത്തെ 21 പൊതു മേഖലാ ബാങ്കുകളില്‍ 20 എണ്ണത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍ 15 ബാങ്കുകള്‍ മാത്രമാണ് മറുപടി നല്‍കിയത്.
കേസുകളുടെ എണ്ണത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് മുന്നില്‍. 389 കേസുകള്‍. 1.03 ബില്യണ്‍ ഡോളര്‍ (6,62,418,75,000 രൂപയാണ്) പി.എന്‍.ബിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയാണ് രണ്ടാം സ്ഥാനത്ത്. 389 കേസുകളില്‍ 45,73, 000 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ ആണ് മൂന്നാം സ്ഥാനത്ത്. 231 കേസുകളിലായി 40,5,000 കോടി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്ക് നഷ്ടമായി.
അതേസമയം, രാജ്യത്തെ ഏറ്റവും പ്രമുഖ പൊതു മേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1,069 തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ എസ്.ബി.ഐ തയ്യാറല്ല. ഇതില്‍ എത്ര തിരിച്ചുപിടിച്ചുവെന്നും അവര്‍ പറയുന്നില്ല.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നൂം വജ്ര വ്യാപാരിയായ നീരവ് മോഡി 1.77 ബില്യണ്‍ ഡോളര്‍ (11,400 കോടി രൂപ) കടത്തിക്കൊണ്ട് പോയ വിവരം ബുധനാഴ്ചയാണ് പുറത്തുവന്നത്. ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണിത്.






