
ഗര്‍ഭാവസ്ഥയിലോ ജനനസമയത്തോ അതിനു ശേഷമോ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന മസ്തിഷ്ക തകരാറുകള്‍ സൃഷ്ടിക്കുന്ന ശിശുആരോഗ്യ പ്രശ്നങ്ങള്‍ ഇന്ന് ശിശുരോഗ വിദഗ്ധരെപ്പോലെ പുനരധിവാസ വിദഗ്ധരായ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
മസ്തിഷ്ക കോശങ്ങള്‍ക്കുണ്ടാകുന്ന നാശം മറ്റു ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്നതുപോലെ ഭേദമാകാത്തതിനാല്‍ ഇവ ഗൗരവതരമാണ്.
എന്നാല്‍ മനുഷ്യരിലെ മസ്തിഷ്ക വളര്‍ച്ചയുടെ പ്രാധാന്യമേറിയ ഘട്ടമായ പതിനൊന്ന് വയസുവരെ ശരിയായ പുനരധിവാസ ചികിത്സ വഴി ഉണ്ടാകുന്ന മാറ്റം വേഗത്തിലായിരിക്കും എന്നത് തീര്‍ത്തും ആശ്വാസകരം തന്നെ.
ഫിസിയോതെറാപ്പിയുടെ പ്രാധാന്യം
ഒരു രോഗത്തിനെയോ രോഗാനുബന്ധ ശാരീരിക പ്രശ്നങ്ങളെയോ ഭൗതിക സ്രോതസുകള്‍ ഉപയോഗിച്ചു ചികിത്സിക്കുന്ന ശാസ്ത്രിയ രീതിയാണ് ഫിസിയോതെറാപ്പി. രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ചികിത്സാ ശാഖയായി രൂപംകൊണ്ട ഈ വിഭാഗം ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തില്‍ അവിഭാജ്യ ഘടകമാണ്. ഈ മേഖലയില്‍ ഉണ്ടായിരിക്കുന്ന വികാസം പുനരധിവാസ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.
ഒട്ടുമിക്ക വൈദ്യശാസ്ത്ര അനുബന്ധ ശാഖകളിലും വ്യക്തമായ പ്രധാന്യമുള്ള ഈ ചികിത്സാരീതിക്ക് കുട്ടികളിലെ ശാരീരിക വൈകല്യങ്ങള്‍ മറികടക്കുവാന്‍ പീഡിയാട്രിക് ഫിസിയോ തെറാപ്പി എന്ന സ്പെഷലൈസ്ഡ് ശാഖതന്നെ ഉദയം ചെയ്തിട്ടുണ്ട്.
സെറിബ്രല്‍ പാള്‍സി, ഹൈപ്പോ ടോണിയ, എര്‍ബ്സ് പാള്‍സി, ഹൈഡ്രോ കഫാലസ്, ഹെഡ് ഇഞ്ചുറീസ് തുടങ്ങി കുട്ടികളില്‍ ഉണ്ടാകുന്ന മസ്തിഷ്കവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇതുവഴി മികച്ച പുനരധിവാസ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്.
ന്യൂറോ ഡെലവപ്മെന്റല് തെറാപ്പി (എന്‍.ഡി.ടി)
ആദ്യകാലങ്ങളില്‍ ലളിതമായി നല്കിയ ചലനാത്മക ചികിത്സകളുടെ സ്ഥാനത്ത് ഇന്ന് ശാസ്ത്രിയമായി നല്കുന്ന ഒരു ചികിത്സാ രീതിയാണ് 'ബോബാത്ത്' രീതി എന്നറിയപ്പെടുന്ന ന്യൂറോ ഡെവലപ്മെന്റല്‍ തെറാപ്പി.
ബെര്‍ട്ടാ ബോബാത്ത് എന്ന വനിതാ ഫിസിയോ തെറാപ്പിസ്റ്റും ഭര്‍ത്താവും പീഡിയാട്രിക് ന്യൂറോളജിസ്റ്റുമായ ഡോ. കാരലും ചേര്‍ന്ന് 1940 കളില്‍ നടത്തിയ ഗവേഷണങ്ങള്‍ പിന്നീട് ബോബാത്ത് സമീപനങ്ങളായി അംഗീകരിക്കപ്പെടുകയായിരുന്നു.
നിശ്ചിത പൊസിഷനുകള്‍ വഴി മസ്തിഷ്ക തകരാറുകള്‍ ഉണ്ടായ കുട്ടികളില്‍ രൂപപ്പെടുന്ന അസാധാരണ പേശീ മുറുക്കത്തെയും ക്രമരഹിതമായ പ്രതിപ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുവാനും അതുവഴി കുട്ടികളില്‍ ശരിയായ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ സഹായിക്കും എന്നും ബോബാത്ത് ഗവേഷണത്തില്‍ തെളിയിച്ചു.
ശാരീരിക ചലനവികാസം വേണ്ടത്ര രൂപപ്പെടാത്ത കുട്ടികളില്‍ ഫിസിയോതെറാപ്പിസ്റ്റ് നേരിട്ടു നല്കുന്ന ചലന രീതികളാണ് ഇതില്‍ ഏറ്റവും പ്രധാനം.
ശരീരഭാരം ക്രമമായി മാറുന്നത്, കാലുകളില്‍ ഭാരം ക്രമപ്പെടുത്തുന്നത്, പേശീ ബലം സാധാരണ രീതിയില്‍ പാകപ്പെടുത്തുക എന്നിവ പൊതു തത്വങ്ങളാകുന്നു. ചികിത്സാ ഉപകരണങ്ങളായി തെറാപ്പി ബോളുകള്‍, ബോള്‍ പൂളുകള്‍, ബോള്‍ സ്റ്റേഴ്സ്, ഹൈഡ്രോ പൂളുകള്‍ എന്നിവ ഉപയോഗിക്കുന്നു.
സെന്‍സറി ഇന്റഗ്രേറ്റഡ് തെറാപ്പി
ജിന്‍ ഐറിസ് 1970 ല്‍ വികസിപ്പിച്ച ചികിത്സാ രീതിയാണിത്. ശരീരത്തിലെ സംവേദന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ രീതിയില്‍ വിവിധയിനം ഉദ്ദീപനങ്ങള്‍ ശാസ്ത്രിയ രീതിയില്‍ നല്കുന്നു. മസ്തിഷ്ക തകരാറുകള്‍ സംഭവിച്ച കുട്ടികളില്‍ വിവിധ ശരീരഭാഗങ്ങളില്‍ നിന്നും വരുന്ന ആവേഗങ്ങളെ ക്രമരഹിതമായി വിശകലനം ചെയ്യുന്നതു മൂലമുള്ള ശാരീരിക വൈകല്യങ്ങളെ മറികടക്കുവാന്‍ ഈ രീതികള്‍ ഏറെ സഹായിക്കുന്നു.
റൂഡ് അപ്രോച്ച്
മാര്ഗരറ്റ്റൂഡ് എന്ന അമേരിക്കന്‍ ഫിസിയോ തെറാപ്പിസ്റ്റ് 1956 ല്‍ കണ്ടുപിടിച്ച ചികിത്സാ രീതി സംവേദന പേശീ വ്യവസ്ഥകളെ ബന്ധപ്പെടുത്തി നല്കുന്ന ചികിത്സയില്‍ വിവിധ തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. ഉദാഹരണമായി വളരെ നേര്‍ത്ത ഉദ്ദീപനങ്ങള്‍, സാവധാനം നല്കുന്ന താപം എന്നിവ പേശീ ദൃഢത കുറയ്ക്കുന്നു. എന്നാല്‍ ശക്തമായ പേശീ ഉദ്ദീപനങ്ങള്‍ (മസില് ടാപ്പിംഗ്, ഐസ് സ്ട്രോക്കിംഗ്) പേശീ സങ്കോചം ഉണ്ടാക്കുവാന്‍ സഹായിക്കുന്നു.
കണ്സ്ട്രൈന്റ് ഇന്‍ഡ്യൂസ്ഡ് തെറാപ്പി
തളര്‍ച്ച ബാധിച്ച കൈകാലുകളെ ഉത്തേജിപ്പിക്കുവാന്‍ സഹായിക്കുന്ന ഈ രീതിയില്‍ ആരോഗ്യമുള്ള വശത്തെ ശാസ്ത്രിയമായി നിയന്ത്രിച്ച് മറുഭാഗത്ത് ഉദ്ദീപനം സാധ്യമാക്കുന്നു.
വോജ്റ്റാസ് തെറാപ്പി
ഡോ. വക്ലാസ് വോജ്റ്റ വികസിപ്പച്ച ഒരു രീതിയാണിത്. സ്പര്‍ശം, സ്ട്രെച്ച്, മര്‍ദ്ദം ഇവയില്‍ അടിസ്ഥാനമാക്കിയുള്ളതാണ് വോജ്റ്റാസ് തെറാപ്പി.
ഹൈഡ്രോ തെറാപ്പി (ജല ചികിത്സ)
ഇന്ന് ലോകമെമ്പാടും വളരെയധികം സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ഫിസിയോ തെറാപ്പി രീതിയാണിത്. ജലത്തിന്റെ ബോയാന്സി മൂലം സംജാതമാകുന്ന ഭാരമില്ലായ്മ പേശികളുടെ മെച്ചപ്പെട്ട നിയന്ത്രണത്തിനു സഹായിക്കുന്നതിനാല്‍ ശരിയായ നടത്ത പരിശീലനത്തിനും ബലക്ഷയമുള്ള പേശികളെ ശക്തിപ്പെടുത്തുവാനും ദൃഢത കുറച്ച് അയവ് വരുത്തുവാനും ഈ ചികിത്സാരീതി വളരെയധികം പ്രയോജനം ചെയ്യുന്നു. ഇതിനായി താപനിയന്ത്രണമുള്ള പൂളുകള്‍ പാശ്ചാത്യ രാജ്യങ്ങളിലെ പുനരധിവാസ കേന്ദ്രങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു.
വെര്‍ച്വല്‍ റിയാലിറ്റി
ശ്രവ്യ ദൃശ്യ മാധ്യമത്തിന്റെ സഹായത്തോടെ നല്കുവാന് കഴിയുന്ന ചലന ചികിത്സയാണ് വെര്‍ച്വല്‍ റിയാലിറ്റി. സ്ക്രീനില്‍ തെളിയുന്ന വിവിധയിനം വസ്തുക്കളെ കൈകാലുകളില്‍ ഘടിപ്പിക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയും ഈ രീതിയില്‍ ഒരു പ്രത്യേക ശാരീരിക പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുവാനും സാധിക്കുന്നു. സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിവയുടെ പുനരധിവാസ ചികിത്സയില്‍ വളരെ ഫലപ്രദമാണ് ഈ രീതി.
ഓട്ടോ ആംബുലേഷന്തെറാപ്പി
ഭാവിയില്‍ ചലനവൈകല്യങ്ങളില് ഒരു വിപ്ലവം സൃഷ്ടിക്കുവാന്‍ ഉതകുന്ന ഒരു പരിശീലന രീതിയാണ് ഓട്ടോ ആംബുലേഷന്‍ തെറാപ്പി. സ്വയം നിയന്ത്രണ സംവിധാനമുള്ള ബാഹ്യ കവചങ്ങള്‍ (ഓര്‍ത്തോറ്റിക്സ് ആന്‍ഡ് സ്പ്ലിന്റ്സ്) ശരീരത്തില്‍ ബന്ധിപ്പിക്കുക വഴി നിലവാരമുള്ളതും സങ്കീര്‍ണവുമായ ചലനങ്ങള്‍ക്ക് കുട്ടിക്ക് സാധിക്കുന്നു.
പേശീബലം വളരെ കുറഞ്ഞ കുട്ടികള്‍ക്കുപോലും അതിനാല്‍ ഇതിന്റെ സഹായത്തോടെ നടക്കുവാനും ആയാസമുള്ള പ്രവര്‍ത്തികള്‍ ചെയ്യുവാനും കഴിയുന്നു. ജപ്പാനില്‍ വികാസം പ്രാപിച്ചു വരുന്ന ഈ ഉപകരണങ്ങള്‍ ഭാവിയില്‍ പുനരധിവാസ രംഗത്ത് ഒരു മുതല്‍ക്കൂട്ടാകും.
മിറര്‍ തെറാപ്പി
പ്രതിബിംബങ്ങളുടെ സഹായത്തോടെ നല്കുന്ന ചലന പരിശീലനമാണിത്. ഒപ്പം ശരീരത്തിലെ മറ്റ് ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുവാനും സഹായിക്കുന്നു.
ഇലക്ട്രോ തെറാപ്പി
വിവിധയിനം വൈദ്യുത രൂപങ്ങളെ ഉപയോഗിച്ച് പേശികളെയും സന്ധികളെയും ഉത്തേജിപ്പിക്കുന്ന ചികിത്സയാണ് ഇലക്ട്രോ തെറാപ്പി. തളര്‍ച്ച ബാധിച്ച പേശികളുടെ ചികിത്സയില്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഫാരാഡിക് ആന്‍ഡ് ഗാല്‍വാനിക് മസില് സ്റ്റിമുലേഷന്‍, റഷ്യന്‍ കറണ്ട്, ടെന്സസ് (ട്രാന്‍സ് ക്യൂട്ടേനിയസ് ഇലക്ട്രിക് നേര്‍വ് സ്റ്റിമുലേഷന്‍) ഐ.എഫ്.ടി (ഇന്റര്ഫെറന്ഷല് തെറാപ്പി) മുതലായവ ഇതിനായി ഉപയോഗിക്കുന്നു.
ഇതോടൊപ്പം അള്‍ട്രാസൗണ്ട് തെറാപ്പി, ഷോര്‍ട്ട് വേവ്, മൈക്രോ വേവ്, വാക്വം തെറാപ്പി, ലേസര്‍, കോണ്ട്രാസ്റ്റ് ബാത്ത്, വാക്സ് ബാത്ത്, ക്രയോതെറാപ്പി, ബൈയോ ഫീഡ്ബാക്ക് തുടങ്ങിയവയും ചില പ്രത്യേക അവസ്ഥകളില്‍ ഫിസിയോതെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കുന്നു.
എക്സര്‍സൈസ് തെറാപ്പി
വിവിധയിനം ശാരീരിക ബുദ്ധിമുട്ടുകളുടെ ചികിത്സയ്ക്കായി ലഘു ഉപകരണങ്ങള്‍ മുതല്‍ സങ്കീര്‍ണമായ കംപ്യൂട്ടര്‍ നിയന്ത്രിത വ്യായാമ ഉപകരണങ്ങള്‍ വരെ ഇന്ന് ഉപയോഗിക്കുന്നു.
ഇക്വിലിബ്രിയം ട്രെയ്നര്‍, പീഡിയാട്രിക് ട്രെഡ്മില്, ഗെയ്റ്റ് ട്രെയ്നര്‍, ട്വില്റ്റിംഗ് ആന്‍ഡ് സറ്റാന്‍ഡിംഗ് അപ്പാരറ്റസ്, തെറാപ്പി ബോളുകള്‍, നിര്‍മ്മല്‍ അപ്പാരറ്റ്, മള്‍ട്ടി പര്‍പ്പസ് സെറിബ്രല്‍ പാള്‍സി വാക്കേഴ്സ്, പുള്ളി സിസ്റ്റംസ് തുടങ്ങിയവ ഉപയോഗിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വിശദമായ വിശകലന രീതി ശാരീരികാവസ്ഥകളുടെ വിശകലനത്തോടൊപ്പം മാതാപിതാക്കളുടെ ശ്രദ്ധയില്‍ വരുന്ന പ്രശ്നങ്ങള്‍, ശാരീരികവും മാനസികവുമായ കഴിവുകള്‍, വ്യത്യസ്ത പ്രവൃത്തിയിലും അവസ്ഥയിലും എത്തിച്ചേരാനുള്ള കഴിവ് എന്നിവ പ്രധാന്യം അര്‍ഹിക്കുന്നു. ഒപ്പം സന്ധി വീക്കം, പേശീബലം എന്നിവയും.
2. തെറാപ്പി ഒരു ശാരീരിക പ്രശ്നത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നില്ല. മറിച്ച് കുട്ടിയുടെ ദൈനം ദിന പ്രവൃത്തികള്‍, പൊസിഷനുകള്‍ കുട്ടിയെ എടുക്കുന്ന രീതികള്‍, കളിപ്പാട്ടങ്ങളുടെയും മറ്റു പഠനോപകരണങ്ങളുടെയും തെരഞ്ഞെടുക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ശാസ്ത്രിയ സമീപനമാണ് തെറാപ്പിയുടേത്.
3. വീടുകളില്‍ ഒരു നിശ്ചിത സയം ക്രമപ്പെടുത്തി തെറാപ്പി തുടരേണ്ടതാണ്. ഒപ്പം കുട്ടിയുടെ പൊതു ആരോഗ്യത്തിനും ചലനങ്ങള്‍ക്കും സഹായകരമായ ചുറ്റുപാടുംപ്രാധാന്യം അര്‍ഹിക്കുന്നു.
4. നിശ്ചിത ഇടവേളകളില്‍ കുട്ടികളില്‍ വരുന്ന മാറ്റങ്ങള്‍ പുനര്‍വിശകലനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ ചികിത്സയില്‍ വരുത്തേണ്ടതാണ്.
5. ചലന സഹായികള്‍, ഗെയിറ്റേഴ്സ്, സ്പ്ലിന്റുകള്‍, ബ്രേയിസസ്, വാക്കര്‍ തുടങ്ങിയവ വിദഗ്ധ ഉപദേശത്തോടെ മാത്രം ഉപയോഗിക്കുക.
അരുണ്‍കുമാര്‍ ടി.
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
ലക്ഷ്മി ഹോസ്പിറ്റല്‍