
ലോകത്താകമാനം മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വയോജനസംഖ്യയില് ഭാരതം ലോകത്തിലെ തന്നെ രണ്ടാം സ്ഥാനത്താണ്.
വാര്‍ധക്യത്തിന്റെ മൂര്‍ധന്യാവസ്ഥയിലും ദൈനംദിന കാര്യങ്ങളിലെ പ്രവര്‍ത്തന ക്ഷമതയും അതിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരവും നിലനിര്‍ത്തുക എന്നതും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
വൈദ്യശാസ്ത്രത്തിലെ നൂനതന മാര്‍ഗങ്ങളും ആരോഗ്യപരിപാലനത്തിലെ അഭിഗമ്യതയും, ശുചിത്വത്തിലും പോഷകാഹാര വ്യവസ്ഥയിലുമുണ്ടായ പുരോഗതിയുമാണ് വര്‍ധിച്ച ആയുര്‍ ദൈര്‍ഘ്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍.
അവര്‍ക്കു വേണ്ടത് കൈത്താങ്ങ്
വാര്‍ധക്യകാല ആരോഗ്യസംരക്ഷണത്തില്‍ റിഹാബിലിറ്റേഷന്‍ ഒരു അടിസ്ഥാന ഘടകമാണ്. കാരണം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കൂടുന്നതിന്റെ വ്യാപ്തി ജീവിതത്തിന്റെ ഓരോ ദശാബ്ദത്തിലും വര്‍ധിച്ചുകൊണ്ടിരിക്കുന്ന വയോജനാരോഗ്യ പരിപാലനത്തില്‍ വിവിധ മേഖലകളിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ അത്യാവശ്യമാണ്.
ഫിസിഷന്‍, ഫിസിയോതെറാപ്പിസ്റ്റ് (ചലനാത്മകത, മൊബിലിറ്റി, ശാരീരിക ക്ഷമത എന്നിവയുടെ തോത് നിര്‍ണയിക്കുന്നതിന്) ഒക്യുപെഷണല്‍ തെറാപ്പിസ്റ്റ് (തൊഴില്‍ നൈപുണ്യം കണക്കാക്കുന്നതിന്) സ്പീച്ച് തെറാപ്പിസ്റ്റ് (സംസാര ഭാഷ വൈകല്യങ്ങള്‍ മനസിലാക്കുന്നതിന്) സൈക്കോളജിസ്റ്റ് (മാനസികാരോഗ്യ നിലവാരം നിര്‍ണയിക്കുന്നതിന്.)
ജെറിയാട്രിക് ഫിസിയോതെറാപ്പി
ആരോഗ്യപരിപാലന രംഗത്തെ പ്രധാനപ്പെട്ട ഒരു ശാഖയാണ് ജെറിയാട്രിക് ഫിസിയോതെറാപ്പി. വയോജന ആരോഗ്യപരിപാലനത്തില്‍ ജെറിയാട്രിക് ഫിസിയോതെറാപ്പിയുടെ പ്രാധാന്യം വളരെ വലുതാണ്. ഇതില്‍ ആശുപത്രികളില്‍ നിന്നുള്ള പ്രാഥമിക ചികിത്സ മുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ വരെ ഉള്‍പ്പെട്ടിരിക്കുന്നു.
രോഗവിവര ശേഖരണം, ലക്ഷ്യ നിര്‍ണയം, ചികിത്സ രീതികളിലെ നിര്‍ണയം, ചികിത്സാനന്തരമുള്ള വിവരശേഖരണം എന്നിവയാണ് ഈ മേഖലയിലെ (വയോജന) ഫിസിയോതെറാപ്പി ശാഖയിലെ പ്രധാന ഘടകങ്ങള്‍.
രോഗിയില്‍ നിന്നുള്ള വിവരശേഖരണം ഫിസിയോതെറാപ്പിസ്റ്റിന് യാഥാര്‍ഥ്യത്തിലധിഷ്ഠിതമായ ലക്ഷ്യങ്ങള്‍ നിര്ണയിക്കുവാന് വേണ്ടി രോഗിയെ സഹായിക്കുവാന്‍ സാധിക്കുന്നു. ദൈനംദിന ജീവിതത്തിലെ സ്വാശ്രയത്വമാണ് ഫിസിയോ തെറാപ്പിയുടെ പ്രധാന ലക്ഷ്യം.
ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റ് രോഗിയുടെ ഓരോ സന്ധികളിലേയും ചലനത്തിന്റെ തോത്, പേശികളുടെ ബലം, ഹൃദയാരോഗ്യം, എന്നിവ നിര്‍ണയിക്കുകയും ആവശ്യമാണെങ്കില്‍ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വേദന ഇല്ലാതാക്കാന്‍ വേണ്ടി ഇലക്ട്രോ തെറാപ്പി മോഡാലിറ്റിസ് വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നു.
മനുഷ്യശരീരത്തിലെ പല വ്യവസ്ഥകളുടെയും (നാഡീവ്യവസ്ഥ, പേശീവ്യവസ്ഥ എന്നിവ) സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രായമേറുന്നതോടെ വ്യത്യാസപ്പെടുകയും അത് രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
പേശീവ്യവസ്ഥയില് ഉണ്ടാകാവുന്ന മാറ്റങ്ങള്‍
1. പേശികളുടെ ശക്തി ക്ഷയിക്കുന്നു
2. പ്രവര്‍ത്തന ക്ഷമത കുറയുന്നു
3. സന്ധി വാതം
4. അസ്ഥി തേയ്മാനം
5. അസ്ഥി പൊട്ടല്‍ (ഒടിവ്)
നാഡീ വ്യവസ്ഥയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍
1. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുക. തന്മൂലം പക്ഷാഘാതം, വിറയല്‍ രോഗം(പാര്‍ക്കിന്‍സണ്‍സ് ഡിസീസ്), മറവി രോഗം (ഡിമെന്‍ഷ്യ).
രക്തചക്രമണവ്യവസ്ഥ
1. ഹൃദയപേശികളുടെ വലിപ്പവും എണ്ണവും കുറയുന്നു
2. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുക
3. ഹൃദ്രോഗങ്ങള്‍
4. രക്താതി മര്‍ദം
5. ശ്വാസതടസം
6. ആസ്ത്മ
പഞ്ചേന്ദ്രിയങ്ങളിലെ മാറ്റങ്ങള്‍
1. കണ്ണ്: തിമിരം, അന്ധത, മര്‍ദവ്യതിയാനം
2. ചെവി: കേള്‍വിക്കുറവ്
3. രുചി തിരിച്ചറിയാന്‍ സാധിക്കാതെ വരിക
4. ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരിക
5. ശരീരത്തിന്റെ ചലന സന്തുലിതാവസ്ഥ നഷ്ടപ്പെടുക
6. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുക
7. ചര്‍മ്മത്തിന്റെ ഇലാസ്തികതയും രക്ത പ്രവാഹവും കുറയുക
വിവിധ രീതികള്‍
വാര്‍ധക്യത്തിലെത്തിയ വ്യക്തികളുടെ ഫിസിയോതെറാപ്പി ചികിത്സാ രീതികളില്‍ പ്രധാനപ്പെട്ടവ സന്ധികള്‍ പൂര്‍ണമായും ചലിപ്പിച്ചുകൊണ്ടുള്ള (റേഞ്ച് 07 മോഷന്‍) വ്യായാമങ്ങള്‍. പേശികളുടെ ബലം വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങള്‍. വൈദ്യുതിയിലൂടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ എന്നിവയാണ് (ഇലക്ട്രോ തെറാപ്പി മോഡാലിറ്റീസ്).
മേല്‍പ്പറഞ്ഞ ഉപകരണങ്ങളില്‍ അള്‍ട്രാസൗണ്ട്, ഇന്റര്ഫെറന്ഷല് തെറാപ്പി, ടെന്‍സ് എന്നിവ വേദന ഇല്ലാതാക്കാനും രക്തചക്രമണം വര്‍ധിപ്പിക്കുവാനും പേശികളിലെ ഇലാസ്തികത നിലനിര്‍ത്തുവാനും സഹായിക്കുന്നു.
പേശികളിലെ ബലം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളില്‍ പലവിധത്തിലുള്ള ഭാരങ്ങള്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഡംബല്സ്, വെയ്റ്റ് കഫ്, സാന്‍ഡ് ബാഗുകള്‍ മുതലായവ.
എയ്റോബിക് വ്യായാമങ്ങള്‍ ശരീരത്തിന്റെ കായികക്ഷമത നിലനിര്‍ത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക നിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍വോപരി പ്രായാധിക്യം കൊണ്ടു ഉണ്ടായേക്കാവുന്ന എല്ലാ രോഗാവസ്ഥകളെയും ഒരളവ് വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഇത്തരം വ്യായാമങ്ങള്‍ വ്യക്തിഗതമാക്കിയാല്‍ അത് കൂടുതല്‍ ഫലവത്താകുന്നു. പ്രായമായവരില്‍ നടത്തത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
കൃത്യമായ രീതിയിലുള്ള നടത്തം വാര്‍ധക്യകാല രോഗങ്ങളെ ചെറുക്കാനും അലസമായ ജീവിതരീതി ഉപേക്ഷിക്കാനും വളരെയധികം സഹായിക്കുന്നു. നടത്ത പരിശീലനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
പ്രിന്‍സി മാത്യു
അസോസിയേറ്റ് പ്രൊഫസര്‍
മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്,
കൊച്ചി