
വ്യവസായ രംഗത്തും നിത്യജീവിതത്തിലും യന്ത്രവല്‍ക്കരണം കൂടിയതും പുതിയ ജീവിത ക്രമങ്ങളും മനുഷ്യരുടെ കായിക ക്ഷമതയെ ബാധിക്കാന്‍ തുടങ്ങിയത്. ജീവിതശൈലി മാറിയപ്പോള്‍ നമ്മുടെ ഇടയില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന രോഗാവസ്ഥയായി നടുവേദന. ചെറുപ്പക്കാരുടെ ഇടയിലും നടുവേദന ഇപ്പോള്‍ കൂടുതലായി കാണപ്പെടുന്നു.
നടുവിന്റെ പ്രാധാന്യം
ഒരാള്‍ ഇരിക്കുമ്പോഴും നടക്കുമ്പോഴും അയാളുടെ 'പോസ്റ്റര്‍' നിയന്ത്രിക്കുന്നത് നടുവാണ്. നമ്മുടെ നടപ്പും നില്‍പ്പുമൊക്കെ ശരിയായ രീതിയില്‍ അല്ലെങ്കില്‍ നടുവേദന ഉണ്ടാകും.
ഒരാള്‍ നില്ക്കുമ്പോള് തല ചുമലുകളുടെ ഒത്ത മധ്യത്തിലും ചുമലുകള്‍ ഇടുപ്പിന്റെ നേരായ ദിശയിലുമായിരിക്കണം. നടക്കാനും ഓടാനും എന്നുവേണ്ട ചലനത്മകമായ നമ്മുടെ ജീവിതത്തില്‍ നടുവിന് ഏറെ പ്രാധാന്യം ഉണ്ട്.
നടുവേദനയുടെ പ്രധാന കാരണങ്ങള്‍
നടുവേദനയുടെ പ്രധാന കാരണങ്ങള്‍ നട്ടെല്ലിലും ഡിസ്കിലും ഉണ്ടാകുന്ന തേയ്മാനം, നട്ടെല്ലിന്റെ മാംസപേശികളില്‍ ഉണ്ടാകുന്ന ബലക്കുറവ്, തെറ്റായ നടപ്പ് നില്‍പ്പ് രീതികള്‍, അസാധാരണമായ പ്രവൃത്തികള്‍, അനാരോഗ്യകരമായ വ്യായാമങ്ങള്‍ എന്നിവയാണ്.
അമിത വണ്ണം നടുവേദനയ്ക്ക് പ്രധാന കാരണമാണ്. നടുവിന് വഴക്കംകുറവ്, നീര്‍ക്കട്ട്, മിന്നല്‍ അനുഭവം, മരവിപ്പ്, ബലക്കുറവ്, കൂടെക്കൂടെയുള്ള വേദനകള്‍, നടുവില്‍ ഉണ്ടാകുന്ന പിടുത്തങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ചികിത്സാരീതികള്‍
നടുവേദനയ്ക്ക് ഫിസിയോതെറാപ്പിക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഫിസിയോതെറാപ്പി ഒരു തിരുമ്മു ചികിത്സയല്ല. മരുന്ന് രഹിത ചികിത്സയാണ്. ആധുനിക കാലഘട്ടത്തില്‍ ഫിസിയോതെറാപ്പി എന്ന ചികിത്സാശാഖയുടെ പ്രധാന്യം ഏറെ വര്‍ധിച്ചിരിക്കുകയാണ്.
വൈദ്യചികിത്സയിലും ആരോഗ്യ പരിപാലത്തിനുമൊക്കെ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. നടുവിന്റെ പേശികളുടെ ബലം വീണ്ടെടുക്കാനും അതുവഴി രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും സഹായിക്കുന്നു.
മാംസപേശികളെ ശക്തിപ്പെടുത്താന്‍ ചെയ്യുന്ന വ്യായാമങ്ങള്‍ നടുവിന്റെ ലിഗ്മെന്റിന്റെ ആയാസം കുറയ്ക്കുന്നു. ഒരു ഫിസിയെതെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരം വേണം വ്യായാമങ്ങള്‍ ചെയ്യേണ്ടത്. ഇരു കാലുകള്‍ക്കും നീളവ്യത്യാസം ഉണ്ടെങ്കില്‍ ചെരുപ്പുകളില് വേണ്ട വ്യതിയാനങ്ങള്‍ വരുത്തി ശരീരം ബാലാന്‍സ് ചെയ്യണം.
ഇലക്ട്രോ തെറാപ്പിയും എക്സര്‍സൈസ് തെറാപ്പിയും
നടുവേദന ചികിത്സിക്കാന്‍ ഫിസിയോതെറാപ്പിയില്‍ പ്രധാനപ്പെട്ട രണ്ട് ചികിത്സാ ശാഖയുണ്ട്. ഇലക്ട്രോ തെറാപ്പിയും എക്സര്‍സൈസ് തെറാപ്പിയും.
ഇലക്ട്രാ തെറാപ്പി ഇലക്ട്രോണിക്ക് ശാസ്ത്രത്തെ സംബന്ധിച്ചുള്ള ചികിത്സാ രീതിയാണ്. എക്സര്‍സൈസ് തെറാപ്പി വ്യായാമ മുറകള്‍ സംബന്ധിച്ചുള്ള ചികിത്സാ രീതിയാണ്.
നടുവേദനയ്ക്ക് രക്തസഞ്ചാരവും പേശിയുടെ അയവും കൂട്ടാനും ശരീരത്തിന് ആശ്വാസം നല്‍കാനും ഇലക്ട്രോതെറപ്പി ഫലപ്രദമാണ്.
ഇലക്ട്രോ തെറാപ്പിയില്‍ പ്രധാനമായും ഉപയോഗിക്കുന്ന ചികിത്സകള്‍-ആള്‍ട്രാ സൗണ്ട് , ഇ.എഫ്.ടി (ഇന്റര്‍ ഫെറന്ഷ്യല് തെറാപ്പി), ടി.ഇ.എന്‍.എസ് (ടെന്‍സ് ട്രാന്‍സ്ക്യൂട്ടേനിയസ് ഇലക്ട്രിക്കല്‍ നേര്‍വ് സ്റ്റിമുലേഷന്‍) ലേസര്‍, ക്രയോ /ഐസ് തെറാപ്പി, എസ്.ഡബ്ല്യൂ.ഡി, ഹീറ്റ് പായ്ക്ക് എന്നിവയാണ്.
എക്സര്‍സൈസ് തെറാപ്പിയില്‍ മാനിപ്പുലേഷന് മൊബിലൈസേഷന്‍, മയോഫേഷല് റിലീസ്, ഡ്രൈ നീഡിലിംഗ്, ടേപ്പിംങ്, മാനുവല്‍ തെറാപ്പി, സ്പോര്‍ട്സ് ഇഞ്ചുറി തെറാപ്പി ഇവയാണ്. നടുവേദനയ്ക്ക് വ്യായാമങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ട്.
മാംസപേശികളുടെ ബലവും ഉറപ്പും കൂട്ടുവാനും വ്യായാമങ്ങള്‍ ഏറെ സഹായിക്കുന്നു. ഇത് മുന്നോട്ടുള്ള പരുക്കുകളെ തടയാന്‍ സഹായിക്കുന്നു. എന്നാല്‍ വേദനയുള്ള സമയത്ത് വ്യായാമങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വേദനയുള്ളപ്പോള്‍ ഇലക്ട്രോ തെറാപ്പി ചികിത്സാ രീതി ഏറെ ഫലപ്രദമാണ്.
നടുവേദന നിയന്ത്രിക്കല്‍
പതിവായി വ്യായാമം ചെയ്ത് ശാരീരിക ക്ഷമത സൂക്ഷിക്കുക. ആരോഗ്യപരമായി ശരീരഭാരം നിയന്ത്രിക്കുക. കായിക താരങ്ങള്‍ നടുവിന് പരുക്കുകള്‍ ഉണ്ടാകാതെ ബ്രേസ് ചെയ്യുക. മൃദുവായി നടുവിന് പരുക്ക് ഉണ്ടാകുമ്പോള്‍ വിശ്രമം, ഐസ് അല്ലെങ്കില്‍ ഹീറ്റ് പായ്ക്ക് എന്നിവ നടുവിന്റെ വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.
വേദനയും നീരും കുറയ്ക്കാന്‍ ഐസ്പാക്ക് ഉപയോഗിക്കുന്നത് നല്ലതുതന്നെ. നടുവേദന തടയുന്നതിന് ചില പ്രയോഗിക വഴികളുണ്ട്. അതില്‍ പ്രധാനമാണ് ശരീരഭാരം നിയന്ത്രിക്കുക, ശരിയായ രീതിയില്‍ പോസ്റ്റര്‍ നിലനിര്‍ത്തുക എന്നിവ.
വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏത് വ്യായാമവും തുടങ്ങുന്നതിന് മുന്‍പ് 10 - 15 മിനിട്ട് തയാറെടുപ്പ് (വാംഅപ്പ്/ഹീറ്റ് പായ്ക്ക്) നടത്തിയാല്‍ വേദന കുറയും. തുടക്കത്തില്‍ ദിവസം 10 മിനിട്ട് വ്യായാമം ആരംഭിച്ച് ക്രമേണ വ്യായാമത്തിന്റെ സമയം പ്രതിദിനം 30 മിനിട്ട് ആക്കി വര്‍ധിപ്പിക്കണം. നടുവിന് ആയാസം നല്കുന്ന വ്യായാമം ഒഴിവാക്കുക. കൂടുതല്‍ വിശ്രമം ഒഴിവാക്കുക. വീഴാതെ സൂക്ഷിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന ശരീരഭാഗങ്ങള്‍ ബലപ്പെടുത്തി ചെയ്യുന്ന പലതരം വ്യായാമ മുറകളാണ് ലോ ബാക്ക് എക്സര്‍സൈസ് പ്രോഗ്രാം. ഈ വ്യായാമ മുറകളുടെ ലക്ഷ്യം ശരീരത്തിന്റെ പിന്‍ഭാഗത്തെ മാംസപേശികളുടെ വഴക്കവും ബലവും മെച്ചപ്പെടുത്തുക എന്നതാണ്.
2. ഈ വ്യായാമങ്ങള്‍ പതിവായി പാലിച്ചാല്‍, നിങ്ങളുടെ ആകാരവടിവും ജോലി ചെയ്യാനുള്ള ശേഷിയും മെച്ചപ്പെടുന്നതു കാണാം. വ്യായാമങ്ങള്‍ ശരിയായ രീതിയില്‍ ചെയ്താല്‍ നടുവിന് അസ്വസ്ഥത ഉണ്ടാകുകയില്ല. ദിവസവും കുറഞ്ഞത് 2 തവണ ഓരോ വ്യായാമവും സാവധാനം ചെയ്യുക. വേദന തോന്നിയാല്‍ നിര്‍ത്തുക.
3. നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കുക. ഫിസിയോതെറാപ്പിസ്റ്റ് ശുപാര്‍ശ ചെയ്തിട്ടുള്ള വ്യായാമങ്ങള്‍ മാത്രം ചെയ്യുക.
4. മാംസപേശികളിലെ വേദന ഒഴികെ, എന്ത് അസ്വസ്ഥത ഉണ്ടായാലും വേഗത കുറയ്ക്കുകയോ ആവര്‍ത്തനങ്ങളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുക. വേദന തുടര്‍ന്നാല്‍, വ്യായാമം നിര്‍ത്തുകയും ഉടനെ ഫിസിയോതെറപ്പിസ്റ്റുമായി ബന്ധപ്പെടുകയും ചെയ്യുക. നടുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന 4 വ്യായാമമുറകള്‍. ഈ വ്യായാമങ്ങള്‍ വേദന ഉണ്ടാക്കുന്നില്ല.
1. നീ ടു ചെസ്റ്റ് (നെഞ്ചി ല്‍ മുട്ട്)
ഉറപ്പുള്ള തറയില്‍ മലര്‍ന്നു കിടക്കുക. തുടയ്ക്ക് പിന്നിലായി കൈകള്‍ പിണച്ച്, ഒരു കാല് നെഞ്ചിലേക്ക് കൊണ്ടുവരിക. മറ്റേകാല് തറയോടു ചേര്‍ന്നിരിക്കണം. ഇങ്ങനെ 3 സെക്കന്‍ഡ്
തുടരുക. കാലുകള്‍ മാറി മാറി, അഞ്ചുതവണ ആവര്‍ത്തിക്കുക.
2. പെല്‍വിക് ലിഫ്റ്റ് (ശ്രോണി ഉയര്‍ത്തല്‍)
കാലുകള്‍ ചേര്‍ത്ത് വയ്ക്കുക. കൈകള്‍ നെഞ്ചില്‍ പിണയ്ക്കുക. ശ്രോണി തറയിലേക്ക് താഴ്ത്തുക. ശ്വാസം പിടിക്കരുത്. അഞ്ചു തവണ ആവര്‍ത്തിക്കുക.
3. ലെഗ് റെയ്സ് (കാല് ഉയര്‍ത്തല്‍)
കമിഴ്ന്നു കിടക്കുക. മാംസപേശികള്‍ മുറുക്കി, ഒരു കാല് തറയില്‍ നിന്ന് ഉയര്‍ത്തുക. അഞ്ചുവരെ എണ്ണുന്ന സമയം കാല് ഉയര്‍ത്തിപ്പിടിച്ചശേഷം, തറയില്‍ കൊണ്ടുവരിക. മറ്റേ കാല്കൊണ്ട് അത് ആവര്‍ത്തിക്കുക. ഓരോ കാല്‍കൊണ്ടു അഞ്ചു തവണ ആവര്‍ത്തിക്കുക.