
റോട്ടെറ്റര് കഫ് മസില്‍സ് എന്നു പറയുന്നത് തോള് സന്ധിക്ക് ചുറ്റുമുള്ള നാല് പ്രധാനപ്പെട്ട മസിലുകളും അവയുടെ സ്നായുക്കളുമാണ്. തോള് സന്ധിയെ സ്ഥാനഭ്രംശം സംഭവിക്കാതെ അതിന്റെ ആഴം കുറഞ്ഞ സന്ധിയില്‍ ഭുജാസ്ഥിയെ പിടിച്ചു നിര്‍ത്തുകയും തോള് സന്ധിക്ക് ഉറപ്പും ബലവും നല്‍കുകയും ചെയ്യുന്നു.
തോള്‍സന്ധിയിലെ പ്രധാനപ്പെട്ട ചലനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഈ മസിലുകളുടെ പങ്ക് വളരെ വലുതാണ്. സുപ്രസ്പൈനെറ്റസ്, ഇന്ഫ്രാസ്പൈനറ്റസ്, ടിറീസ് മൈനര്‍, സബ്സ്കേപ്പുലരിസ് എന്നിവയാണ് ഈ മസിലുകള്‍.
കൈയുടെ മേല്‍ഭാഗത്തെ അസ്ഥിയെ (ഭുജാസ്ഥി/ ഹ്യുമെറസ്) തോളെല്ലുമായും കണ്ഠാസ്ഥിയുമായും (ക്ലാവിക്കിള്‍) ബന്ധിപ്പിക്കുന്നതിലും വലിയ പങ്ക് ഈ മസിലുകള്‍ക്ക് തന്നെ. മുകളില്‍ പറഞ്ഞവയില്‍ ഏറ്റവും കൂടുതല്‍ ക്ഷതം ഉണ്ടാകാന്‍ സാധ്യതയുള്ള മസില് സുപ്രസ്പൈനറ്റ്സ് മസിലാണ്.
എല്ലാ വശങ്ങളിലേക്കും ചലിപ്പിക്കുവാന്‍ സാധിക്കുന്ന സന്ധിയാണ് തോള്‍സന്ധി. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ സഥാനഭ്രംശവും ചതവും പൊട്ടലും സംഭവിക്കാനുള്ള സാധ്യതയും ഈ സന്ധിയ്ക്ക് കൂടുതലാണ്. റോട്ടറ്റര് കഫ് ഈപിന്ജ്മെന്റ്, ഭാഗികമായ ക്ഷതം, പൂര്‍ണമായ ക്ഷതം എന്നിങ്ങനെ പരിക്കുകള്‍ സംഭവിക്കാറുണ്ട്.
ആര്‍ക്കൊക്കെ വരാം
തോളിനു മുകളില്‍ കൈയുയര്‍ത്തി ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് പരിക്കിനുള്ള സാധ്യത കൂടുതല്‍. പ്രത്യേകിച്ച് ലോഡിങ് തൊഴിലാളികള്‍, പെയിന്റിങ് തൊഴിലാളികള്‍, കാര്‍പെന്ററി തൊഴിലാളികള്‍, കായികവിനോദങ്ങളായ വോളിബോള്‍, ബേസ്ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍ മുതലായ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍.
പരിക്കിനുള്ള സാഹചര്യങ്ങള്‍
1. തലയ്ക്ക് മുകളില്‍ കൈ ഉയര്‍ത്തി ചെയ്യുന്ന ഭാരമേറിയ ജോലി(അലമാരയുടെ മുകളില്‍ ഭാരം ഉയര്‍ത്തി വെക്കുമ്പോള്‍)
2. ബസിന്റെ കമ്പിയില്‍ പിടിച്ചു നില്ക്കുമ്പോള് പെട്ടെന്നുള്ള ബ്രേക്കിംഗ്.
3. തോള് ഇടിച്ചു വീഴുമ്പോള്‍.
4. കൃത്യമായ വ്യായാമം ചെയ്യാതെ മേല്പറഞ്ഞ കളികളില്‍ ഏര്‍പ്പെടുമ്പോള്‍.
പ്രതികൂല സാഹചര്യങ്ങള്‍
1. 40 വയസിനു മുകളില്‍ പ്രായമായവരില്‍
2. കൈ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിയുള്ള കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നവര്‍(വോളിബോള്‍, ബേസ്ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍)
3. നിര്‍മാണത്തൊഴിലാളികള്‍
4. വ്യായാമക്കുറവുള്ളവര്‍ എന്നിവരില്‍ തോളിലെ ഈ പേശികളുടെ ചതവിനു സാധ്യത കൂടുതല്‍ ആയിരിക്കും.
ലക്ഷണങ്ങള്‍
1. വീഴ്ചയോട് അനുബന്ധിച്ചുണ്ടാകുന്ന വേദനയും നീരും.
2. വീഴ്ചയ്ക്ക് ശേഷം പെട്ടെന്നുള്ള വേദന, പ്രധാനമായും അകത്തേക്കും പുറത്തേക്കുമുള്ള തോള് അനക്കം ചെയ്യുമ്പോള്‍ കൂടുന്ന വേദന.
3. കൈ കഴച്ചുള്ള വേദന പ്രത്യേകിച്ച് വേദനയുള്ള തോളിലോട്ട് ചെരിഞ്ഞ് കിടന്നുറങ്ങുമ്പോള്‍ കൂടുന്ന വേദന.
4. മുടി ചീകാനും പുറം തോര്‍ത്താനും ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കൂടുന്ന വേദനയും പിടുത്തവും. കൂടാതെ കൈ പൊക്കുമ്പോള്‍ ഒരു നിശ്ചിത ഉയരം എത്തുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന വേദനയോടു കൂടിയ കെണിപ്പ്/ പിടുത്തം.
5. ബലക്കുറവും കൈയുടെ ചലനത്തിലുള്ള കുറവും.
6. ഭാരം ഉയര്‍ത്താനുള്ള ബുദ്ധിമുട്ട്.
സങ്കീര്‍ണതകള്‍
റോട്ടറ്റര് കഫ് മസില് ക്ഷതം കൃതയമായ ചികിത്സ ലഭിക്കാതെ വന്നാല്‍ തോള് സന്ധിയുടെ സഥായിയായ ചലനവൈകല്യത്തിലേക്കും മസിലുകളുടെ ബലക്കുറവിനും ക്രമേണ തോളിന്റെ രക്തയോട്ടം കുറഞ്ഞ് പേശികളും സന്ധികളും ജീര്‍ണിക്കുന്നതു പോലെയുള്ള അവസ്ഥയ്ക്ക് (ഡീജനെറേഷന്) കാരണമാകും.
ചികിത്സാ വിധി
ഒരു അസ്ഥിരോഗ വിദഗ്ധ ഡോക്ടറിന്റെ മേല്‍നോട്ടത്തില്‍ ആന്റി ഇന്‍ഫ്ളമെറ്ററി മരുന്നുകളും വേദന സംഹാരികളും ഈ സമയത്ത് കഴിക്കാവുന്നതാണ്. കോര്‍ട്ടിക്കോ സ്റ്റിറോയിഡ് ഇന്ജക്ഷന് നല്ലൊരു അളവില്‍ വേദന കുറയ്ക്കാന്‍ ഈ സമയത്ത് സഹായിക്കുമെങ്കിലും ഇവ ശരീരത്തില്‍ സന്ധികളിലും മസിലുകളിലും ചില ദോഷഫലങ്ങള്‍ ഉണ്ടാക്കും.
ഓപ്പറേഷന് ഇല്ലാത്ത ചികിത്സ
വേദന ആരംഭിക്കുന്നതു മുതല്‍ ഏകദേശം 4-6 ആഴ്ച വരെയാണ് ചികിത്സക്ക് ഏറ്റവും കൂടുതല്‍ ഫലം കിട്ടുന്ന സമയം. ഈ സമയം കൈയ്ക്ക് വിശ്രമം ആവശ്യമാണ്. ചതവിന്റെ തീവ്രതയ്ക്കനുസരിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൈ ഒരു ആംസ്ലിങിന്റെ സഹായത്തോടെ തൂക്കി ഇടാവുന്നതാണ്.
ഈ സമയം '' RICE '' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചികിത്സാ രീതികളാണ് ഉചിതം. അതായത്:
വ്യായാമങ്ങള്‍
ഡോക്ടര്‍ നിശ്ചയിച്ചിരിക്കുന്ന പൂര്‍ണ വിശ്രമ സമയം കഴിഞ്ഞാല്‍ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാവുന്നതാണ്.
1. ഐസോമെട്രിക് എക്സര്‍സൈസ്: ഈ വ്യായാമം ചെയ്യുമ്പോള്‍ തോളിന്റെ മസിലുകള്‍ വലിയാതെ തന്നെ അവയുടെ ബലം നിലനിര്‍ത്താന്‍ സാധിക്കും.
2. കൈമുട്ട് അനക്കുന്നതും വിരലുകള്‍ അനക്കുന്നതും നീരുണ്ടാകുന്നത് തടയുകയും രക്തചക്രമണം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കും.
3. പെന്ഡുലര് വ്യായാമങ്ങള്‍
4. പാസീവ് റേഞ്ച് ഓഫ് മോഷന്‍ എക്സര്‍സൈസ് / പരസഹായത്തോടെ മാത്രം ഉള്ള അനക്കം ചെയ്യാവുന്നതാണ്.
5. ഫിസിയോതെറാപ്പിയിലെ ആധുനിക ചികിത്സ രീതികളായ അള്‍ട്രാസൗണ്ട്, ലേസര്‍, ടെന്‍സ്, ഇന്റര്ഫെറന്ഷല് തെറാപ്പി മുതലായ തെറാപ്പിയിലൂടെ നല്ലൊരു ശതമാനം വേദനയും നീരും കുറയ്ക്കുവാനും പേശികളുടെ വേഗത്തിലുള്ള രോഗശാന്തിക്കും സഹായിക്കും. മാത്രമല്ല ഈ ചികിത്സയ്ക്ക് യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ല താനും.
നാല് ആഴ്ച കഴിഞ്ഞുള്ള ഫിസിയോതെറാപ്പി
1. ഈ സമയത്ത് കൈകള്‍ സ്വാഭാവികമായി ചലിപ്പിച്ച് തുടങ്ങാവുന്നതാണ്. കൈയിലെ പേശികളുടെ നീളം പഴയ രീതിയിലേക്ക് ആകാനും സന്ധിയുടെ പൂര്‍ണ ചലനം പഴയ പോലെ ആകുവാനും ചലനവ്യായാമങ്ങള് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.
2. പേശീശാക്തീകരണ വ്യായാമം വ്യായാമം ചെയ്യാവുന്നതാണ്. തെറാബാന്ഡുകളുടെയും ഡംബലുകളുടെയും (കുപ്പിയില്‍ വെള്ളം നിറച്ചായാലും മതി) സഹായത്തോടെ കൃത്യമായി സാവധാനം ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വേണം ഇതു ചെയ്യാന്‍. കൂടാതെ ഓരോ ആഴ്ചയിലും വ്യായാമത്തിന്റെ ബലവും തവണയും കൂട്ടാവുന്നതാണ്.
3. കപ്പികളുടെ സഹായത്തോടെയുള്ള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.
4. തോളിന് അയവ് കിട്ടുന്ന ഷോള്‍ഡര്‍ വീല്‍, പെന്ഡുലര് വ്യായാമങ്ങള്‍ ചെയ്യണം.
5. ഭിത്തിയില്‍ കൈവച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.
6. ആധുനിക ഫിസിയോതെറാപ്പിയിലെ ഒരു ചികിത്സ രീതിയാണ് ടൈപ്പിംഗ്. വളരെ എളുപ്പത്തിലും എന്നാല്‍ വളരെ ഗുണമുള്ളതുമായ ഒരു ചികിത്സയാണിത്. കയ്യിലെ നീര് കുറയ്ക്കാനും പേശികള്‍ ചുരുങ്ങുന്നതും മറ്റും തടയാനും ടൈപ്പിംഗ് സഹായിക്കും.
പേശീശാക്തീകരണ വ്യായാമങ്ങള്‍
1. തേറാബാന്ഡ് വ്യായാമം
2. ഡംബലുകള്‍ കൊണ്ടുള്ള വ്യായാമം
3. ഐസോമെട്രിക്, ഐസോകൈനെറ്റിക് വ്യായാമം
4. അജിലിറ്റി വ്യായാമം
5. സ്ട്രെച്ചിങ് വ്യായാമം
റോട്ടറ്റര് കഫ് മസില് പുനരധിവാസം 3 മാസം മുതല്‍ 12 മാസം വരെ മസിലുകളുടെ ക്ഷതത്തെ അടിസ്ഥാനമാക്കി നീണ്ടുപോകാവുന്ന ഒന്നാണ്.
സര്‍ജറിക്ക് ശേഷം വീട്ടിലെത്തിയാല്‍
1. ഓപ്പറേഷന് ചെയ്ത തോളിലേക്ക് ചെരിഞ്ഞുള്ള ഉറക്കം അരുത്.
2. തലയ്ക്ക് മുകളില്‍ തുടര്‍ച്ചയായി കൈ പൊക്കുന്നത് ഒഴിവാക്കുക.
3. ഓപ്പറേഷന് ചെയ്ത തോളില്‍ മാത്രമായി ഭാരം തൂക്കിയിടുന്നത് ഒഴിവാക്കുക (ഓഫീസ് ബാഗ്, ഹാന്‍ഡ് ബാഗ്).
4. സ്ട്രെച്ചിങ് വ്യായാമങ്ങള്‍ ഇടയ്ക്കിടെ ചെയ്യുക.
മുന്‍കരതലുകള്‍
പെട്ടെന്നുള്ള ഭാരം ഉയര്‍ത്തുന്നത് ഒഴിവാക്കുക. ആവശ്യാനുസരണം സപ്പോര്‍ട്ട് കിട്ടുന്ന രീതിയില്‍ കാലുകള്‍ അകത്തിവച്ച് ഭാരം ഉയര്‍ത്തുക. പെട്ടെന്നുള്ള തോളിന്റെ തിരിയല്‍ ഒഴിവാക്കുക. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശരിയായി സ്ട്രെച്ചിങ് വ്യായാമങ്ങളും കൃത്യമായ വാം അപ്പും ചെയ്യുക. ജോലിയില്‍ കൃത്യമായ ഇടവേളകളില്‍ കഴുത്തിന്റെയും തോളിന്റെയും അനക്കം ചെയ്യുക.
ജിജോ ചാക്കോ
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, അങ്കമാലി