
എര്‍ഗണോമിക്സ്, പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കസേരയും മേശയും കംപ്യൂട്ടറും ആയിരിക്കും ഓര്‍മ്മയില്‍ തെളിയുക. അത്തരം ജോലിക്കാര്‍ക്ക് വേണ്ടിയുള്ള എന്തോ ഒന്നാണിതെന്ന് ധരിച്ചിരിക്കുന്നവരെ കണ്ടുമുട്ടാറുണ്ട്.
നിങ്ങള്‍ ഓട്ടോ ഓടിക്കുന്ന ആളായാലും, പെയിന്റിങ്ങോ കൃഷിപ്പണിയോ ചെയ്യുന്ന ആളായാലും വീട്ടമ്മയായാലുംവിദ്യാര്ഥിയായാലും എന്തെങ്കിലും ഒരു ഉപകരണം ഉപയോഗിക്കുന്നെങ്കില്‍ ഈ ശാസ്ത്രത്തെ പരിചയപ്പെട്ടിരിക്കണം. അത് കത്തിയും പേനയും മൊബൈല്‍ ഫോണും കട്ടിലും കസേരയുമൊക്കെ ഉപകരണം തന്നെ.
നിത്യ ജീവിതത്തില്‍
നിത്യജീവിതത്തില്‍ എത്രയധികം ഉപകരണങ്ങളാണ് നാം ഉപയോഗിക്കേണ്ടത്. അത്തരം എല്ലാ ഉപയോഗങ്ങളും ഏറ്റവും ആസ്വാദ്യകരവും സുരക്ഷിതവുമായി ചെയ്യാന്‍ സഹായിക്കുന്ന ശാസ്ത്രം എന്നു എര്‍ഗണോമിക്സിനെ നിര്‍വചിക്കാം. ഒരു കാറില്‍ യാത്രചെയ്യുമ്പോള്‍ ഇരിപ്പിന്റെ സുഖം, ഏസിയുടെ തണുപ്പ്, കുടുക്കം, എന്‍ജിന്റെ ക്ഷമത, എയര്‍ബാഗുകള്‍, ബമ്പര്‍ എന്നിങ്ങനെയുള്ളവ സുരക്ഷ നല്കുന്നു.
ഇതു നമുക്കറിയാം, നാം ചിന്തിക്കാറുണ്ട്, അവയ്ക്ക് വേണ്ടത് ചെയ്യാറുമുണ്ട്. എന്നാല്‍ നാം നിത്യവും ചെയ്യുന്ന പല ഇടപെടലുകളും, നമ്മുടെ ജോലികളിലും ശീലങ്ങളിലും ഉള്ളവ, പലപ്പോഴും ആസ്വാദ്യകരമോ സുരക്ഷിതമോ അല്ലാതാവാറുണ്ട്. തിരക്കിനിടയില്‍ ഇവ രണ്ടുമില്ലാതെയും വരാം. ഇവ നമ്മുടെ ശരീരത്തിന് ദോഷം വരുത്തും. ഒരു ഉദാഹരണത്തിലൂടെ കൂടുതല്‍ വ്യക്തമാക്കാം.
കൈമുട്ടിന് വേദനയുമായി വീട്ടമ്മമാര്‍ അടുക്കളിയില്‍ ഉപയോഗിക്കുന്ന കത്തിക്ക് മൂര്‍ച്ച കുറവാകാന്‍ സാധ്യത ഏറെയാണ്. ഇതേ വേദനയുമായി ഒരു പെയിന്റിങ് ജോലിക്കാരന് വന്നാല്‍ അയാള്‍ കൈക്കുഴ ഉപയോഗിച്ചു ജോലി ചെയ്യുന്നുണ്ടാകും. ഇറുകിയ സ്റ്റിയറിംഗ് ആയിരിക്കും ഒരു ഡ്രൈവറില്‍ ഇതുണ്ടാക്കുക.
തെളിയാത്ത പേനയോ ഒരുപാട് അമര്‍ത്തിയുള്ള എഴുത്തോ ആയിരിക്കാം ഒരു വിദ്യാര്‍ഥിയുടെ വേദനയ്ക്ക് പിറകില്‍. വാക്കത്തിയായിരിക്കാം കൃഷിപണിക്കാരന്റെ വേദനയുടെ കാരണം. പല്ലിന് അസുഖം ഭയന്ന് അമര്‍ത്തി ഏറെ നേരം പല്ലുതേക്കുന്നത് കൊണ്ട് ഇതേ വേദന വന്നയാള്‍ക്ക് എന്തു ജോലി ആയാലെന്താ.
ഇങ്ങനെ നോക്കുമ്പോള്‍ ഒരേ അസുഖം തന്നെ പല ഉപകരണങ്ങളിലും ശീലങ്ങളിലും ഒളിഞ്ഞിരിക്കുന്നത് കാണാം. എന്നാല്‍ ഇവരുടെയൊക്കെ ഉപയോഗരീതികള്‍ സാധാരണ കണ്ണിലൂടെ നോക്കുമ്പോള്‍ സുരക്ഷിതമായിരുന്നു താനും.
ഡ്രൈവര്‍ ആക്സിഡന്റ് വരുത്തിയിട്ടില്ലായിരിക്കാം, വീട്ടമ്മയുടെ കൈ മുറിയുന്നില്ലായിരിക്കാം, വിദ്യാര്‍ഥി പഠനത്തില്‍ സമര്‍ഥനായിരിക്കാം. അതായത് പ്രകടമായ അപകടങ്ങള്‍ക്ക് പുറമേ, ഇവ വരുത്തുന്ന പാര്‍ശ്വഫലങ്ങള്‍ എന്നു വേണമെങ്കില്‍ വിളിക്കാവുന്ന അപകടങ്ങള്‍, ഇവയുമായുള്ള ഇടപെടലുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
മുഖ്യാപകടങ്ങളോടൊപ്പം ഇവയെയും ഒഴിവാക്കി പരമാവധി ആസ്വാദനം സാധ്യമാക്കുന്ന ശാഖയാണ് ഏര്ഗണോമിക്സ് എന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ ഓരോ അപകടത്തെയും, വിവിധ ഘട്ടങ്ങളില്‍, അവ മൂലം ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു അവ കുറയ്ക്കാവുന്നത്ര കുറച്ചും ഒപ്പം പരമാവധി ആസ്വാദനം സാധ്യമാക്കുന്ന ശാഖയാണ് എര്‍ഗണോമിക്സ് എന്നും പറയാം.
മാറ്റാം ഉപയോഗരീതി
ഓരോ ഉപകരണത്തെയും, വിവിധ ഘട്ടങ്ങളില്‍, അവ മൂലം ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു അവ കുറയ്ക്കാവുന്നത്ര കുറച്ചും ഒപ്പം പരമാവധി ആസ്വാദ്യകരമായുമാണ് നിര്‍മിക്കുകയെന്ന് നമുക്കറിയാം. അതിനെ നാം ഡിസൈനിംഗ് എന്നു വിളിക്കുന്നു. അതേ. എര്‍ഗണോമിക്സ് ഡിസൈനിങിന്റെ ഒരു വലിയ ഭാഗമാണ്.
ഓരോ ഉപകരണവും നിങ്ങളുടെ കൈയില്‍ എത്തുന്നതിനു മുമ്പ് ഒരുപാട് പേര് ഉപയോഗിച്ചു നോക്കി അഭിപ്രായങ്ങള്‍ പറഞ്ഞതിലൂടെ മാറ്റങ്ങള്‍ക്ക് വിധേയമായാണ് നിങ്ങളില്‍ എത്തുന്നത്.
കൂടുതല്‍ നിരീക്ഷണങ്ങളിലൂടെ ഓരോ ഡിസൈനും കൂടുതല്‍ മിഴിവുറ്റതായി പുതുക്കുന്നു. കൂടുതല്‍ ആസ്വാദ്യകരവും സുരക്ഷിതവുമാകുന്നു. അത് നിര്‍മിതിയിലുള്ള ഏര്ഗൊണോമിക്സ്. അതില്‍ നമുക്ക് മാറ്റങ്ങളൊന്നും വരുത്താനാകില്ല.
ആസ്വാദനത്തിലും സുരക്ഷയിലും ഏറെ പ്രധാനമാണ് അളവുകള്‍. നീളം, വണ്ണം, ഘനം, മൂര്‍ച്ച, പൊക്കം, എന്നിങ്ങനെ നിരവധി അളവുകള്‍. നിങ്ങള്‍ ഉപകരണത്തോട് ഇടപെടുമ്പോള്‍ മാറ്റാനാവത്തത് നിങ്ങളുടെ അളവുകളാണ്, അതേ നിങ്ങളുടെ അളവുകള്‍. അതിനായി ഒരു ശാസ്ത്രശാഖ തന്നെയുണ്ട്.
അടുക്കളയിലെ സ്ലാബുകള്‍, അലമാരികള്‍, ഇവയുടെ ഉയരം പലപ്പോഴും അവിടുത്തെ സ്ത്രീകളുടെ നടുവ്, കഴുത്ത് വേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ കാരണം പലപ്പോഴും ഇവയുടെ പൊക്കം തീരുമാനിച്ചിരിക്കുന്നത് പണിത എന്‍ജിനിയര്‍ അല്ലെങ്കില്‍ മേസ്തിരി ആയിരിക്കും. വീട്ടമ്മയുടെ ഉയരം അതില്‍ കണക്കിലെടുത്തിട്ടെ ഉണ്ടാകില്ല. നമ്മളാവട്ടെ ഇതിന്റെ ഭംഗിക്ക് ഏത് ഗ്രാനൈറ്റ് വേണം എന്നു മാത്രമേ ആലോചിച്ചിട്ടുണ്ടാകൂ.
ഇനി അടുക്കളയുടെ ഏര്ഗൊണോമിക്സ്
അടുക്കളയിലെ ജോലികള്‍ മൂന്നായി തിരിക്കാം. സംഭരണം (ഫ്രിഡ്ജ്, ഷെല്‍ഫുകള്‍), പാചകം (അടുപ്പ്, ഹോബ്), കഴുകല്‍ (സിങ്ക്). ഇവയ്ക്കിടയിലുള്ള സ്ഥലത്താണ് മറ്റു ജോലികള്‍ വരുന്നത്. ഇവ ത്രികോണാകൃതിയില്‍ വരുന്നതാണ് ഏറ്റം ആയാസരഹിതമായി ഈ ജോലികള്‍ ചെയ്യാന്‍ നന്ന്. നിലവിലുള്ള എല്ലാ അടുക്കള ഡിസൈനുകളിലും ഇവ ത്രികോണമായി ആണ് വരുന്നത്. ചിത്രം കാണുക.
1 .സിങ്കിന്റെ ഉയരം: -
നിങ്ങള്‍ നിവര്‍ന്നു നില്ക്കുമ്പോള് നിങ്ങളുടെ കൈ മുട്ടിന്റെ ഉയരത്തെക്കാള് 2-4 ഇഞ്ച് താഴെ. ഇതേ ഉയരത്തില്‍ തന്നെ കറിക്കരിയുക, ഇളക്കുക, കുഴയ്ക്കുക, മുതലായവ ചെയ്യാനുള്ള സ്ലാബ് ഒരുക്കാം. എന്നാല്‍ ചോറു വാര്‍ക്കാനും, ചപ്പാത്തി, പൊറോട്ട പോലുള്ളവ കുഴയ്ക്കാനും, ഇറച്ചി, മീന്‍, മുതലായവ മുറിക്കാനും കഴുകാനും അല്പം കൂടി ഉയരം കുറച്ച് നിങ്ങളുടെ കൈകുഴ (റിസ്റ്റ്) വരെ ഉയരമുള്ള ഒരു ഭാഗവും വേണം. അത് വര്‍ക്ക് ഏരിയയിലെ സ്ലാബ് ഉയരമായി വേണമെങ്കിലും കണക്കാക്കാവുന്നതാണ്.
2. സ്റ്റോറേജ് സ്ലാബിന്റെ ഉയരം: -
നിങ്ങളുടെ കൈ മുട്ടിന്റെ ഉയരത്തെക്കാള് 2-4 ഇഞ്ച് മുകളില്‍.
3. പാചക സ്ലബിന്റെ ഉയരം: -
കണക്കാക്കുമ്പോള്‍ സ്ലാബും അതിന്റെ മുകളില്‍ അടുപ്പും അതില്‍ വരുന്ന പാത്രവും കൂടിച്ചേരുന്ന ഉയരമാണ് എടുക്കേണ്ടത്. ഇത് കൈമുട്ടിന് ഒപ്പം നില്‍ക്കണം. നിങ്ങള്‍ അളന്നുനോക്കുമ്പോള്‍ നിങ്ങളുടെ അടുക്കളയിലെ സ്ലാബിന്റെ ഉയരം കുറഞ്ഞുപോയാല്‍ നിങ്ങള്‍ കുനിയേണ്ടി വരും. അത് നടുവ്, കഴുത്ത് വേദന ഉണ്ടാക്കും.
ആ സ്ലാബിന്റെ പൊക്കം മാറ്റുക എന്നു പറഞ്ഞാല്‍ പ്രാവര്‍ത്തികമായ ഒരു കാര്യമല്ല. സങ്കടപ്പെടേണ്ട. സിങ്കിന്റെ ടാപ്പ് ഉയര്‍ത്തി നോക്കൂ. നിങ്ങള്‍ക്ക് കുനിയാതെ സാധനങ്ങള്‍ കഴുകാനാകും. വേണമെങ്കില്‍ സ്റ്റീല്‍ വലയുടെ ഒരു ഫ്രെയിമും കൂടി വേണ്ട ഉയരത്തില്‍ പിടിപ്പിക്കാം. അടുപ്പ് ഇഷ്ടികയിലോ മറ്റൊരു സ്ലാബിലോ ഉയര്‍ത്തി ആ പ്രശ്നവും പരിഹരിക്കാം.
അതിനു പരിഹാരമായി സ്ലാബിനടുത്തുള്ള തറ ഉയര്‍ത്താം. അതും ബുദ്ധിമുട്ടാണെങ്കില്‍ കയറി നില്ക്കുമ്പോള് കൃത്യമാകത്തക്ക രീതിയിലുള്ള ഒരു തട്ട്/ സ്റ്റാന്‍ഡ് തറയില്‍ വച്ചിട്ട് അതില്‍ കയറി നിന്ന് ജോലി ചെയ്യാം.
ഡബിള്‍ ഹൈറ്റ് സ്ടൂള്
അടുക്കളയില്‍ ഒരു വലിയ സഹായി ആണിത്. രണ്ടു പടികളില്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്യാം. മടുക്കുമ്പോള്‍ ഇരിക്കാം. ഫ്രിഡ്ജിലെ വെജിറ്റബിള്‍ ട്രേയില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ പോലും കുനിയേണ്ടി വരില്ല. താഴത്തെ പടിയില്‍ ഇരുന്നു ചെയ്യാം. കയറി നിന്ന് മുകള്‍ ഷെല്‍ഫുകളിലെ സാധനങ്ങള്‍ എടുക്കാം.
ഏര്ഗണോമിക്സ് എന്നാല്‍ അളവുകള്‍ മാത്രമല്ല. അടുക്കളയുടെ/ വീടിന്റെ തറ എന്താണ് എന്നു പല സ്ത്രീകളുടെയും ഉപ്പൂറ്റി വേദനയും പറയും. തടിയോ മണ്ണോ കൊണ്ടുള്ള തറകള്‍ ആണെങ്കിലേ ചെരുപ്പില്ലാതെ നടക്കാവൂ. അല്ലാത്ത എല്ലാത്തരം തറകളും തീരെ മാര്ദ്ദവമില്ലാത്തവയും തണുപ്പ് പിടിച്ചുനിര്ത്തുന്നവയുമാണ്.
അതുകൊണ്ട് തന്നെ ഉപ്പൂറ്റി വേദന, മുട്ടുവേദന തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാക്കും. അങ്ങനെ അടുക്കളയുടെ തറ ഉള്ളവര്‍ ചെരിപ്പിട്ടു നടക്കുക അല്ലെങ്കില്‍ തറയില്‍ റബര്‍ മാറ്റ് ഇടുക. ഇത്തരം സുരക്ഷകളും ഏര്ഗണോമിക്സില് വരുന്നു.
ഈ പുതു ശാസ്ത്രത്തിന്റെ സഹായത്തോടെ ഒരാളുടെ അളവുകള്‍ക്കും ശാരീരിക പ്രത്യേകതകള്‍ക്കും അനുസരിച്ച് ജോലിസ്ഥലമോ വീടോ ശീലങ്ങളോ ക്രമീകരിച്ചു തരുവാന്‍ ഏര്ഗണോമിക്സില് വൈദഗ്ധ്യമുള്ള ഒരു ഫിസിയോതെറാപ്പിസ്റ്റിനു കഴിയും.
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍
1. ഭാരം ഏറ്റവും കൂടിയവ നമ്മുടെ അരയുടെയും തോളിന്റെയും ഇടയ്ക്കുള്ള ഉയരത്തില്‍ സൂക്ഷിക്കാം. കുനിഞ്ഞ് ഭാരം എടുക്കാതെ കഴിക്കാം.
2. സ്ലാബുകള്‍ക്ക് താഴെയുള്ള സ്റ്റോറേജ് സ്ഥലത്ത് തുറക്കുന്ന ഷെല്ഫുകളെക്കാള് നല്ലത് ഡ്രോകള്‍ ആണ്. ഡ്രോ വലിച്ചു തുറന്നാല്‍ അതിലെ പാത്രങ്ങള്‍ എടുക്കാതെ തന്നെ അവയിലുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാകും. അനാവശ്യമായി ഭാരം എടുക്കുന്നത് ഒഴിവാക്കാം.
3. മുകള്‍ ഷെല്ഫുകളില് ഭാരം കുറഞ്ഞ വലിപ്പമുള്ള വസ്തുക്കള്‍ വയ്ക്കാം. ആ ഉയരത്തില്‍ ഡ്രോകള്‍ പ്രാവര്‍ത്തികമല്ലാത്തതിനാല്‍ അവിടെ തുറക്കുന്ന ഷെല്‍ഫുകള്‍ ആവാം.