
അക്കുട്ടന്‍ പപ്പടമില്ലാതെ ചോറുകഴിക്കില്ലെന്ന് ശാഠ്യം പിടിച്ചതിനെ ത്തുടര്‍ന്നാണ് ബിന്ദു കടയില്‍ പോയി പപ്പടം വാങ്ങിയത്. തിളച്ചെണ്ണയില്‍ വറുത്തെടുത്തെങ്കിലും സാധാരണപോലെ പപ്പടം മൊരിഞ്ഞില്ല. ആ സമയത്താണ് അടുത്ത വീട്ടിലെ ലളിത അങ്ങോട്ടു വന്നത്.
പപ്പടം മൊരിഞ്ഞില്ലെന്ന കാര്യം ബിന്ദു ലളിതയോട് പങ്കുവച്ചു. പപ്പടം വ്യാജനാണോയെന്ന് തിരിച്ചറിയാനുള്ള മാര്‍ഗ്ഗം ലളിത ബിന്ദുവിന് പറഞ്ഞുകൊടുത്തു.
വാങ്ങിയ പപ്പടത്തില്‍ നിന്നൊരെണ്ണം പരന്ന പാത്രത്തില്‍ ഇടുക. തുടര്‍ന്ന് പപ്പടം മൂടുന്ന വിധം വെള്ളമൊഴിക്കുക. അര മണിക്കൂറിന് ശേഷം പപ്പടം വെള്ളത്തില്‍ നിന്നും എടുക്കുമ്പോള്‍ മാവ് കുഴഞ്ഞ രൂപത്തില്‍ ആകുന്നുവെങ്കില്‍ അത് ഉഴുന്നുപപ്പടമാണ്.
പപ്പടത്തിന് അധികം രൂപമാറ്റം വരുന്നില്ലെങ്കില്‍ അത് ഉറപ്പായും വ്യാജനാണ്. പപ്പടം കിടന്ന വെള്ളം പരിശോധിക്കുമ്പോള്‍ അപ്പക്കാരവും പാമോയിലും ചേര്‍ന്ന വഴുവഴുപ്പുണ്ടെങ്കിലും അത് വ്യാജ പപ്പടമാണെന്ന് ഉറപ്പിക്കാം.
കാന്‍സറിന് വരെ വഴിതെളിച്ചേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഇന്ന് പല പപ്പടവും ഉണ്ടാക്കുന്നത്. പരമ്പരാഗതമായി പപ്പടനിര്മ്മാണത്തില് ഉഴുന്ന് മാവ്, അപ്പക്കാരം, ഉപ്പ് തുടങ്ങിയ ചേരുവകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നതല്ല സ്ഥിതി.
ഉഴുന്നുമാവിനു പകരം മൈദയും അപ്പക്കാരത്തിനു പകരം അലക്കുകാരവും, സോഡിയം ബെന്‍സോയേറ്റ് എന്ന അപകടകരമായ രാസവസ്തുവുമാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.
ഇത്തരം വ്യാജപപ്പടം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവില്ല. ഉഴുന്ന് ചേര്‍ത്ത പപ്പടം എട്ടു ദിവസംകൊണ്ട് നിറംമാറ്റം വന്നു കേടാകുമ്പോള്‍ മൈദയും രാസവസ്തുക്കളും ചേര്‍ത്ത പപ്പടങ്ങള്‍ രണ്ടുമാസം വരെ കേടുകൂടാതെ ഇരിക്കും.
ഇത്തരം പപ്പടം സ്ഥിരമായി കഴിച്ചാല്‍ അസിഡിറ്റിയും അള്‍സറും വന്‍കുടലില്‍ കാന്‍സറും കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡറും ഉണ്ടാകാന്‍ കാരണമാകും.






