
അഗര്‍ത്തല: തെരഞ്ഞെടുപ്പില്‍ ഇത്രവലിയ പരാജയം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ത്രിപുരയില്‍ നാലു തവണ മുഖ്യമന്ത്രിയായ സിപിഎം നേതാവ് മണിക് സര്‍ക്കാര്‍. 25 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം അവസനിപ്പിച്ച് ബിജെപി അധികാരത്തില്‍ എത്തിയത് ഓരോ മണ്ഡലം തിരിച്ച് പരിശോധന നടത്തുകയും കാരണം കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്ര വലിയ പരാജയം നേരിടാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. ബൂത്ത് തലത്തില്‍ തന്നെ വോട്ടു ചോര്‍ച്ചയുണ്ടായ കാര്യം വിശദമായി പരിശോധിച്ച് കാരണം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് മണിക് സര്‍ക്കാര്‍ എന്‍ഡിടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പരാജയപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച അദ്ദേഹം തന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.
ജനങ്ങളുടെയും ജീവനക്കാരുടെയും സഹകരണവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ തനിക്കും സഹമന്ത്രിമാര്‍ക്കും ഇത്രയുംകാലം ഭരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നു മണിക് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ യുവനേതാവ് സംസ്ഥാന അദ്ധ്യക്ഷനുമായ ബിപ്ളവ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ത്രിപുരയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ബി.ജെ.പി- ഐ.പി.എഫ്.ടി. സഖ്യത്തിന്റെ നിയമസഭാ കക്ഷിയോഗം നാളെ നടക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം 43 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഎമ്മിന് നേടാനായത് 16 സീറ്റുകളായിരുന്നു. 60 സീറ്റുകളില്‍ 31 സീറ്റുകള്‍ ഭരണം നില നിര്‍ത്താന്‍ വേണമായിരുന്നു.






