
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് മീനാക്ഷി ഗര്‍ഭം ധരിച്ചത്. എന്നാല്‍ ഗര്‍ഭകാല പരിചരണത്തിനിടെ അവളുടെ ശരീരഭാരം കുറഞ്ഞുകൊണ്ടിരുന്നു. ആശുപത്രിയില്‍ പോയി പരിശോധിപ്പിച്ചപ്പോള്‍ ഞെട്ടിപ്പോയി. ക്ഷയരോഗം!
മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അബോര്ഷന് ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. മനസില്ലാമനസോടെ മീനാക്ഷിക്ക് അതു സമ്മതിക്കേണ്ടിവന്നു. പിന്നെ ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ കൃത്യമായി കഴിച്ചു. രോഗം പൂര്‍ണമായി ഭേദമാവുകയും ചെയ്തു.
'ഒരു കുഞ്ഞ്' എന്ന സ്വപ്നം വീണ്ടും അവളിലുണ്ടായി. എന്നാല്‍ മുമ്പുണ്ടായിരുന്ന രോഗം ഭര്‍ത്താവിനോ ജനിക്കാന്‍ പോകുന്ന കുഞ്ഞിനോ വരുമോ എന്ന ഭയം മീനാക്ഷിയെ അലട്ടി. അത് ഭര്‍ത്താവുമായി പങ്കുവച്ചതോടെ അയാള്‍ക്കും സംശയമായി.
അങ്ങനെ രണ്ടുപേരും കൂടി ഡോക്ടറെ കാണാന്‍ പോയി.
അവരുടെ ആശങ്ക മനസിലാക്കിയ ഡോക്ടര്‍ കാര്യങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞുകൊടുത്തു:
''മറ്റു രോഗങ്ങള്‍ പോലെ ക്ഷയരോഗം ഗര്‍ഭസ്ഥശിശുവിലേക്കു പകരാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇതിനുള്ള മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന് ബധിരതയും മറ്റുചില വൈകല്യങ്ങളുമുണ്ടാകാന് കാരണമായേക്കാം. അതുകൊണ്ടാണ് രോഗസമയത്ത് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.
മരുന്നുകള്‍ നിര്‍ത്തി മാസങ്ങള്‍ കഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ക്കിനി കുട്ടിയുണ്ടാകാന്‍ യാതൊരു തടസവുമില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിനോ ഭര്‍ത്താവിനോ അസുഖം വരുമെന്ന് മീനാക്ഷി പേടിക്കേണ്ട... ആരോഗ്യം കുറയാതിരിക്കാന്‍ പോഷകഗുണമുളള ആഹാരം കഴിച്ചോണം.''






