
മോസ്ക്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാഡിമര്‍ പുടിന് വീണ്ടും ജയം. മൊത്തം പോളിംഗ് നടന്നതിന്റെ 75 ശതമാനം വോട്ടുകള്‍ നേടി വമ്പന്‍ വിജയമാണ് പുടിന് നേടിയത്. ഇതോടെ നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട പുടിന് പുതിയ നിയമപ്രകാരം 2024 വരെ റഷ്യന്‍ പ്രസിഡന്റായി തുടരും. അതേസമയം തന്നെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമത്വം നടന്നതായി ആരോപണം ഇപ്പോഴെ ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും കള്ളവോട്ടുകള്‍ നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകളുണ്ട്.
തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് നാട്ടുകാര്‍ക്ക് നന്ദി പറഞ്ഞ പുടിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടതായിട്ടാണ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മോസ്ക്കോയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. ആറു വര്‍ഷത്തിന് ശേഷം വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തെ അടുത്ത നൂറു വര്‍ഷവും ഞാന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന ചിരിയോടെയുള്ള മറുചോദ്യം എറിഞ്ഞാണ് പുടിന് നേരിട്ടത്.
പുടിന്റെ ജയം നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടതാണെങ്കിലും ഏവരെയും ഞെട്ടിച്ചത് അദ്ദേഹത്തിന്റെ വോട്ട് ശതമാനത്തില്‍ വന്ന വര്‍ദ്ധനയാണ്. എക്സിറ്റ്പോളില്‍ പുടിന് 60 ശതമാനം വോട്ടുകള്‍ കിട്ടുമെന്നായിരുന്നു പ്രവചനം. 2012 ല്‍ 64 ശതമാനം നേടിയ പുടിന്റെ വോട്ട് ഇത്തവണ പത്തു ശതമാനം കൂടി വര്‍ദ്ധിക്കുകയായിരുന്നു. പുടിന്റെ തൊട്ടടുത്ത എതിരാളിയും കമ്യൂണിസ്റ്റുമായ കോടീശ്വരന് പാവല്‍ ഗ്രഡിനിന് കിട്ടിയത് വെറും 12 ശതമാനം വോട്ടുകളാണ്.
മുന്‍ ടെലിവിഷന്‍ റിയാലിറ്റി താരമായ സെനിയാ സോബ്ചാക്കിന് വെറും രണ്ടു ശതമാനം വോട്ടുകളും മറ്റൊരു സ്ഥാനാര്‍ത്ഥി വ്ളാഡിമര്‍ സിറിനോവ്സ്ക്കിയ്്ക് ആറു ശതമാനവും വോട്ട് കിട്ടി. പ്രധാന എതിരാളിയായി കണക്കാക്കപ്പെട്ടിരുന്ന അലക്സി നാവല്‍നിയെ നിരോധിച്ചിരുന്നു. വോട്ടെടുപ്പില്‍ വ്യാപകമായി കൃത്രിമത്വം നടന്നതായി ആരോപണമുണ്ട്. റഷ്യയിലെ വിവിധ നഗരങ്ങളിലെ പോളിംഗ് സ്റ്റേഷനുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുള്ളതായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിംഗിന് മുമ്പ് തന്നെ പെട്ടിയില്‍ ബാലറ്റ് പേപ്പറുകള്‍ ഇട്ടതായും റഷ്യന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്.
പോളിംഗ് തുടങ്ങുന്നതിന് മുമ്പ് ബാലറ്റ് പേപ്പറുകള്‍ പെട്ടിയില്‍ കണ്ടെത്തിയതായും ചില പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും നിരീക്ഷകരെ നിരോധിച്ചിരുന്നതും സംശയാസ്പദമാണ്. ചിലരെ നിര്‍ബ്ബന്ധിതമായി വോട്ട് ചെയ്യിച്ചെന്നും പോളിംഗ് സ്റ്റേഷനുകളിലെ വെബ്ക്യാമറകള് ബലൂണുകള്‍ കൊണ്ടും മറ്റും മറച്ചെന്നും ആരോപണമുണ്ട്. എന്നാല്‍ കാര്യമായ നിയമലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എല്ലാ പാംഫിലോവ പറയുന്നത്.






