
തിരുവനന്തപുരം : ഇനി മുതല്‍ സ്കൂളുകളിലോ കോളജുകളിലോ തന്റെ പുസ്തകവും പഠിപ്പിക്കേണ്ട എന്ന നിലപാടുമായി എം.ടി വാസുദേവന്‍ നായരും രംഗത്ത്. കവി ബാലചന്ദ്രന് ചുള്ളിക്കാടും കഴിഞ്ഞ ദിവസം സമാനമായ നിലപാട് കൈക്കൊണ്ടിരിക്കുന്നു.
സാഹിത്യത്തിന് ഇടമില്ലാത്ത സാഹചര്യമാണെങ്കില്‍ തന്റെ പുസ്തകവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട എന്നാണ് എം.ടിയുടെ നിലപാട്. ഇന്നത്തെ പാഠ്യപദ്ധതിയില്‍ നിന്നും സാഹിത്യത്തെ ആട്ടിപ്പായിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് സാഹിത്യത്തിലും ഭാഷയിലും ആവശ്യമായ പരിജ്ഞാനമില്ല. ഈ വിഷത്തില്‍ ചുള്ളിക്കാടിന്റെ നിലപാട് ശരിയാണെന്നും എം.ടി വിശദീകരിച്ചു.
തന്റെ കവിതകള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കരുതെന്നും തന്റെ രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ബാലചന്ദ്രന് ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. അധ്യാപകരെ കോഴവാങ്ങി നിയമിക്കുന്നതിലും വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിലും പ്രതിഷേധിച്ചായിരുന്നു ചുള്ളിക്കാട് ഇത്തരമൊരു നിലപാട് കൈക്കൊണ്ടത്.






